ടാറ്റ സണ്‍സ് ബോര്‍ഡില്‍ തന്റെ നോമിനി വേണമെന്ന് മിസ്ട്രി

ടാറ്റ സണ്‍സ് ബോര്‍ഡില്‍ തന്റെ നോമിനി വേണമെന്ന് മിസ്ട്രി

ചെയര്‍മാന്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല

മുംബൈ: ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡില്‍ തന്റെ ഗ്രൂപ്പിന്റെ നോമിനിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന് പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി. ടാറ്റ ഗ്രൂപ്പുമായുള്ള കേസില്‍ വാദം കേള്‍ക്കുന്ന നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിനു മുന്നിലാണ് മിസ്ട്രി ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് മിസ്ട്രി ആവശ്യപ്പെട്ടിട്ടില്ല.

സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാളെ ടാറ്റ സണ്‍സിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് മിസ്ട്രിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്യമ സുന്ദരം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടത്. ന്യൂനപക്ഷ ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കോര്‍പ്പറേറ്റ് ഭരണനിര്‍വഹണത്തിലെ സുതാര്യത നിലനിര്‍ത്താനും ഇതാവശ്യമാണെന്നും സുന്ദരം വാദിച്ചു. നിലവിലെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ ടാറ്റ സണ്‍സ് ബോര്‍ഡിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. മിസ്ട്രിയെ നീക്കാനുള്ള നടപടി ബോര്‍ഡ് യോഗത്തിന്റെ അജണ്ടയിലില്ലായിരുന്നെന്നും അതിനാല്‍ത്തന്നെ അത് ഗ്രൂപ്പിന്റെ നിയമാവലിക്ക് വിരുദ്ധമാണെന്നും സുന്ദരം ചൂണ്ടിക്കാട്ടി.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് മിസ്ട്രിയെ പുറത്താക്കിയത്. തുടര്‍ന്ന് ഗ്രൂപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ചെയര്‍മാന്‍, ഡയറക്റ്റര്‍ പദവികളില്‍ നിന്നും മിസ്ട്രി ഒഴിവാക്കപ്പെട്ടു. ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. മിസ്ട്രിയുടെ കുടുംബ സ്ഥാപനങ്ങളായ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനും സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനും ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

Comments

comments

Categories: Business & Economy