രാജ്യത്തെ കോടിശ്വരന്മാരുടെ എണ്ണം 50 ശതമാനത്തിലധികം വര്‍ധിക്കും

രാജ്യത്തെ കോടിശ്വരന്മാരുടെ എണ്ണം 50 ശതമാനത്തിലധികം വര്‍ധിക്കും

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരാശരി സമ്പാദ്യം 5980 ഡോളര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വ്യക്തിഗത സമ്പത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം സമ്പന്നതയിലെ വിടവ് വര്‍ധിക്കുകയാണെന്ന് സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ ക്രെഡിറ്റ് സ്യുസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനം പേരുടെയും ആസ്തി 10,000 ഡോളറില്‍ താഴെയാണ്. എന്നാല്‍ 0.5 ശതമാനത്തിന്റെ ആസ്തി 1,00,000 ഡോളറിനു മുകളിലാണ്. ഇന്ത്യയുടെ മൊത്തം വ്യക്തി സമ്പാദ്യം അതിവേഗം വളരുകയാണെന്നും 2020 ഓടെ ഇതില്‍ 2.1 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിലവിലെ 5 ട്രില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 42 ശതമാനം വര്‍ധനവാണുണ്ടാവുക.

2000ത്തിനും 2017നുമിടയ്ക്ക് മൊത്തം ആസ്തിയില്‍ നാല് മടങ്ങ് വര്‍ധനവാണുണ്ടായത്. 2017 മധ്യത്തോടെ മൊത്തം ആസ്തി 5 ട്രില്യണ്‍ ഡോളറിലെത്തി. നിലവില്‍ 2,45,000 മില്യണിയേര്‍സ് ആണ് രാജ്യത്തുള്ളത്. 2020ഓടെ ഇത് 50 ശതമാനം വര്‍ധിച്ച് 3,70,000 ആകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017മധ്യത്തോടെ ആഗോള തലത്തില്‍ വ്യക്തിഗത സമ്പാദ്യം 16.7 ട്രില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 280 ട്രില്യണ്‍ ഡോളറിലെത്തി. 6.4 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. ആഗോള സമ്പന്നന്മാരുടെ മുന്‍നിരയിലെ 1 ശതമാനത്തില്‍ രാജ്യത്തെ 3,40,000 പേരുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവരില്‍ 1820 പേരുടെ മൊത്തം ആസ്തി 20 മില്യണ്‍ ഡോളറിലധികമാണ്. 760 പേര്‍ക്ക് 100 മില്യണ്‍ ഡോളറിലധികം ആസ്തിയുണ്ട്.

2017ന്റെ മധ്യത്തിലെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരാശരി സമ്പാദ്യം 5980 ഡോളറാണെന്നാണ് കണക്കാക്കുന്നത്. ഭൂമി, മറ്റ് ആസ്തികള്‍ എന്നിവയാണ് വ്യക്തിഗത സമ്പാദ്യത്തില്‍ ഏറെയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: More