ചൊവ്വാ പര്യവേക്ഷണം: നാസ പാരച്യൂട്ട് പരീക്ഷണം വിജയകരം

ചൊവ്വാ പര്യവേക്ഷണം: നാസ പാരച്യൂട്ട് പരീക്ഷണം വിജയകരം

2020-ല്‍ ചൊവ്വാ പര്യവേക്ഷണം നടത്തുന്ന മാര്‍സ് റോവര്‍ മിഷനില്‍ വിന്യസിക്കാനിരിക്കുന്ന സൂപ്പര്‍സോണിക് ലാന്‍ഡിംഗ് പാരച്യൂട്ടിനെ നാസ വിജയകരമായി പരീക്ഷിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോ സെക്കന്‍ഡിലും 5.4 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ശൂന്യാകാശവാഹനത്തെ (സ്‌പേസ്‌ക്രാഫ്റ്റ്) നിയന്ത്രിക്കാന്‍ പ്രത്യേക പാരച്യൂട്ടിനെ ആശ്രയിക്കേണ്ടതുണ്ട്. ഇതിനു വേണ്ടിയാണ് സൂപ്പര്‍ സോണിക് ലാന്‍ഡിംഗ് പാരച്യൂട്ടിനെ നാസ പരീക്ഷിച്ചത്.

ചൊവ്വയിലെ ആദ്യകാല ജീവന്റെ അടയാളങ്ങള്‍ തേടുന്നതാണു മാര്‍സ് 2020 ദൗത്യം. അതോടൊപ്പം ചൊവ്വയിലെ ധാതുഘടനയെ കുറിച്ചും പഠിക്കാനും, മനുഷ്യനെയും വഹിച്ചുള്ള ചൊവ്വാ യാത്രയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനും ഈ ദൗത്യത്തെ പ്രയോജനപ്പെടുത്തും. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച മോഡലാണ് മാര്‍സ് 2020.

റോക്കറ്റ് വിക്ഷേപണത്തോടെയാണ് ആസ്പയര്‍ (Advanced Supersonic Parachute Inflation Research Experiment- ASPIRE) എന്നു പേരുള്ള മിഷന്റെ പാരച്യൂട്ട് പരീക്ഷണ പരമ്പര നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ കഴിഞ്ഞ മാസം മുതലാണ് ആരംഭിച്ചത്. ആസ്പയറിന്റെ അടുത്ത പരീക്ഷണം 2018 ഫെബ്രുവരിയിലായിരിക്കുമെന്നും നാസ അറിയിച്ചു.

Comments

comments

Categories: FK Special