ഫോഡുമായി ചേര്‍ന്ന് ഇന്ത്യയ്ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര

ഫോഡുമായി ചേര്‍ന്ന് ഇന്ത്യയ്ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര

ബില്‍ ഫോഡുമായുള്ള സംഭാഷണത്തിലെ മുഖ്യ വിഷയം ഇലക്ട്രിക് കാറുകള്‍ ആയിരുന്നുവെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂ യോര്‍ക് : ഫോഡ് മോട്ടോറുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ പങ്കാളിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. നിലവില്‍ ഇ2ഒ എന്ന മൈക്രോ ഇലക്ട്രിക് കാര്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍ക്കുന്നുണ്ട്. മിഷിഗണിലെ ഔബേണ്‍ ഹില്‍സില്‍ പുതിയ ഫാക്ടറിയുടെ ഉദ്ഘാടനത്തിനുശേഷമാണ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇലക്ട്രിക് വാഹന കാര്യം സൂചിപ്പിച്ചത്.

ഡിട്രോയിറ്റിലെ പുതിയ പ്ലാന്റില്‍ യുഎസ് വിപണിയിലേക്കായി റോക്‌സര്‍ എന്ന ഓഫ്-റോഡ് വാഹനമാണ് നിര്‍മ്മിക്കുന്നത്. പങ്കാളിയായ ആന്‍ഹുയി സോട്ടൈ ഓട്ടോമൊബീലുമായി ചൈനയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് ഫോഡ് ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു.

ചൈനയിലേതുപോലെ ഫോഡിന് ഇന്ത്യയിലും കഴിയുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു ലൊക്കേഷനാകാന്‍ കഴിയും. 2030 ഓടെ രാജ്യത്തെ എല്ലാ കാറുകളും ഇലക്ട്രിക് ആയിരിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആനന്ദ് മഹീന്ദ്ര ഓര്‍മ്മിച്ചു.

ഇലക്ട്രിക് കാറുകളും കണക്റ്റഡ് വാഹനങ്ങളും നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഈ വര്‍ഷം സെപ്റ്റംബറിലാണ് ഫോഡും മഹീന്ദ്രയും പങ്കാളിത്തം പുനരുജ്ജീവിപ്പിച്ചത്

ഇലക്ട്രിക് കാറുകളും കണക്റ്റഡ് വാഹനങ്ങളും നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഈ വര്‍ഷം സെപ്റ്റംബറിലാണ് ഫോഡും മഹീന്ദ്രയും പങ്കാളിത്തം പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയില്‍നിന്ന് പണമുണ്ടാക്കുന്നതിന് യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ സഖ്യം നിലവില്‍ വരുന്നത്.

ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി വളരുകയാണ് ഇന്ത്യ. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇരു കമ്പനികളുടെയും സ്ഥാനം മുന്‍നിരയിലാണ്. മൂന്ന് വര്‍ഷത്തേയ്ക്കാണ് കമ്പനികള്‍ പുതുതായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്. സംയുക്തമായി പാര്‍ട്‌സുകള്‍ വാങ്ങുകയും പുതിയ മോഡലുകള്‍ നിര്‍മ്മിക്കുകയും ചെയ്ത് ചെലവുകള്‍ കുറയ്ക്കുകയും ലാഭം വര്‍ധിപ്പിക്കുകയുമാണ് ഫോഡിന്റെയും മഹീന്ദ്രയുടെയും ലക്ഷ്യം.

ഏതെല്ലാം മേഖലകളിലാണ് സഹകരിക്കേണ്ടത് എന്നതു സംബന്ധിച്ച് പങ്കാളികള്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍ ഫോഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ബില്‍ ഫോഡുമായുള്ള സംഭാഷണത്തിലെ മുഖ്യ വിഷയം ഇലക്ട്രിക് കാറുകള്‍ ആയിരുന്നുവെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

ഫോഡിനെ സംബന്ധിച്ച് മഹീന്ദ്രയുമായുള്ള ചങ്ങാത്തം പുതിയ ഉണര്‍വ്വ് പകരുന്നതാണ്. ഫോഡിന്റെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ വര്‍ഷം മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക് ഫീല്‍ഡ്‌സ് പ്രത്യേകം അവലോകനം ചെയ്തിരുന്നു. മെയ് മാസത്തില്‍ മാര്‍ക് ഫീല്‍ഡ്‌സിനെ ഫോഡ് പുറത്താക്കിയശേഷം ചുമതലയേറ്റെടുത്ത ജിം ഹാക്കറ്റ്, ഫോഡ് ഇന്ത്യയില്‍ തുടരുന്നതിലാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. അങ്ങനെയാണ് മഹീന്ദ്രയുമായുള്ള പങ്കാളിത്തം പുന:സ്ഥാപിച്ചത്.

Comments

comments

Categories: Auto