ഭൂമി ഇടപാടുകള്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കും: ഹര്‍ദീപ് പുരി

ഭൂമി ഇടപാടുകള്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കും: ഹര്‍ദീപ് പുരി

പൂര്‍ണമായും കറന്‍സി രഹിതമായ ഒരു സമ്പദ്‌വ്യവസ്ഥയും ലോകത്തിലില്ല

ന്യൂഡെല്‍ഹി: ഭൂമി ഇടപാടുകള്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നഗര വികസന സഹമന്ത്രി ഹര്‍ദീപ് പുരി. ഈ നീക്കം വഴി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണത്തെ തടയാനും ബിനാമി ഇടപാടുകളെ ഇല്ലാതാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഇടപാടുകളെ ആധാറുമായി ബന്ധിപ്പിക്കുകയെന്നത് ഒരു വലിയ ആശയമാണ്. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ പ്രഖ്യാപനമൊന്നും തന്നെ നടത്തുന്നില്ല. ബാങ്ക് എക്കൗണ്ട് അടക്കമുള്ളവയുമായി ഇതിനകം തന്നെ ആധാറിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഭൂമി ഇടപാടിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഏതാനും നടപടികള്‍ കൂടി സ്വീകരിക്കേണ്ടതായുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബിനാമി ഭൂമി ഇടപാടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഈ നീക്കത്തിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഭൂമി ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് വ്യക്തമായി പറയുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് പുരി.

സമ്പദ്ഘടനയില്‍ ആധാര്‍ വഴി സുതാര്യത കൊണ്ടുവരാനുള്ള യുക്തിസഹമായ നീക്കമാണ് സര്‍ക്കാര്‍ നത്തുന്നത്. എയര്‍ ടിക്കറ്റുകള്‍,ഭൂമി തുടങ്ങിയ വലിയ മൂല്യമുള്ള ഇടപാടുകള്‍ തീര്‍ച്ചയായും നിരീക്ഷണവിധേയമാക്കേണ്ടവയാണ്. പൂര്‍ണമായും കറന്‍സി രഹിതമായ ഒരു സമ്പദ്‌വ്യവസ്ഥയും ലോകത്തിലില്ല. എന്നിരുന്നാലും സുസ്ഥിരമായ ഒരു സമ്പദ്ഘടനയില്‍ ആളുകള്‍ വന്‍തോതില്‍ പണം കൈയില്‍ വേക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതിനനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. .

വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നിരവധി എതിര്‍പ്പുകളാണ് രാജ്യത്തുയരുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: Top Stories