കെഎസ്ഇബി കനിയുന്നില്ല; ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍

കെഎസ്ഇബി കനിയുന്നില്ല; ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍

ചെറുകിട സംരംഭകര്‍ക്ക് അധിക ചെലവ് വരുത്തിവെക്കുന്നതാണ് കെഎസ്ഇബിയുടെ നിലപാടെന്ന് ആക്ഷേപം ഉയരുന്നു

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷമായി ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി അലംഭാവം കാണിക്കുന്നതായി സംരംഭകരുടെ പരാതി. 10 എച്ച്പിക്ക് മുകളില്‍ വൈദ്യുതി ആവശ്യമായി വരുന്ന വ്യവസായ പദ്ധതികള്‍ക്ക്, പ്രസ്തുത പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറിന് കപ്പാസിറ്റി ഇല്ലാത്ത പക്ഷം, കൂടുതല്‍ വൈദ്യുതി വേണമെങ്കില്‍ വ്യവസായികള്‍ സ്വന്തം ചെലവില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കണം എന്നാണ് കെഎസ്ഇബിയുടെ നിലപാടെന്നാണ് ആക്ഷേപം.

വ്യവസായം തുടങ്ങുന്നതിനായുള്ള സ്ഥലം കണ്ടെത്തി, ലൈസന്‍സുകള്‍ നേടി, മഷീനുകളും മറ്റും ഇറക്കിയ ശേഷം വൈദ്യുതിക്ക് അപേക്ഷിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട് സംരംഭകരെ വലയ്ക്കുന്നത്. പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകളുടെ കപ്പാസിറ്റി പരിശോധിച്ച് അത് അപ്‌ഗ്രേഡ് ചെയ്യുന്നതിന് പകരം പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഘടിപ്പിക്കേണ്ടി വരുമ്പോള്‍ ഒരു സംരംഭകന് 4 മുതല്‍ 5 ലക്ഷം രൂപയുടെ അധിക ചെലവ് ഉണ്ടാകുന്നു. 25 കെവി വൈദ്യുതി ആവശ്യമുള്ള വ്യവസായങ്ങള്‍ക്ക് വേണ്ടി, ഒരു സംരംഭകന്‍ 100 കെവി കപ്പാസിറ്റയുള്ള ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഘടിപ്പിക്കേണ്ടി വരുന്നു. ഇങ്ങനെ വരുമ്പോള്‍ വ്യവസായത്തിന് ആവശ്യമായി വരുന്ന 25 കെവി വൈദ്യുതി കഴിച്ച് ബാക്കിവരുന്ന 75 കെവി വൈദ്യുതി കെഎസ്ഇബിക്ക് മറ്റു വ്യക്തികള്‍ക്ക് നല്‍കാം.

കേരളത്തിന്റെ സംരംഭകത്വ മുഖം നശിപ്പിക്കുന്ന സമീപനമാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്

നോബി ജോസഫ്, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍

എന്താണ് പ്രശ്‌നം?

സപ്ലൈ കോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 2014ല്‍ സപ്ലൈ കോഡ് നിയമങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍, വ്യവസായ സംരംഭങ്ങള്‍ക്കായി ഒരു മെഗാവാട്ട് വൈദ്യുതിവരെ സ്വന്തം ചെലവില്‍ വൈദ്യുതി ബോര്‍ഡ് ലഭ്യമാക്കണം എന്ന നിയമം വന്നു. ഇത് വളരെ വലിയ ഭാരമാണ് ഉണ്ടാക്കുകയെന്നതിനാല്‍ വെദ്യുതി ബോര്‍ഡ് അതിനോട് നിസഹകരിച്ചു. പ്രശ്‌നം പഠിച്ച ശേഷം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍(കെഎസ്ഇആര്‍സി), 100 കിലോ വാട്ട് വരെ വൈദ്യുതി ആവശ്യമായി വരുന്ന സംരംഭങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡ് നേരിട്ട് വൈദ്യുതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ഇആര്‍സിയുടെ ഈ ആവശ്യത്തോട് സഹകരിക്കാനോ ചര്‍ച്ച നടത്തണോ തയാറാകാതെ, കെഎസ്ഇബി ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ പോകുകയാണ് ഉണ്ടായത്, ചെറുകിട മേഖലയിലെ ഒരു സംരംഭകന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

കെഎസ്ഇബിക്ക് പറയാനുള്ളത്

വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നത് സപ്ലൈ കോഡിന്റെ അടിസ്ഥാനത്തിലാണ്. ഒരു മെഗാവാട്ട് വൈദ്യുതി വരെ പണം വാങ്ങാതെ സംരംഭകര്‍ക്ക് നല്‍കണമെന്ന നിയമത്തിന്മേലാണ് തീരുമാനം ആകേണ്ടത്. അപ്പീല്‍ കോടതിയുടെ പരിഗണയില്‍ ആണ്. അപ്പീലിനുമേല്‍ വിധിവന്ന്, ഇതുമായി ബന്ധപ്പെട്ട ക്വാട്ട് റിവ്യൂ ചെയ്ത്, സപ്ലൈ കോഡില്‍ മാറ്റം വരാന്‍ സമയമെടുക്കും. നിലവില്‍ 50 കിലോവാട്ട് വൈദ്യുതിവരെ വൈദ്യുതി ബോര്‍ഡ് വ്യവസായികള്‍ക്ക് നല്‍കുന്നുണ്ട്.
സപ്ലൈ കോഡ് മാറ്റത്തിനു മുന്‍പും അതുതന്നെയായിരുന്നു അവസ്ഥ. അതിനും മുകളില്‍ വൈദ്യുതി ആവശ്യമായി വരുന്ന സംരംഭങ്ങളോട് മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ ആവശ്യപ്പെടുന്നുള്ളൂ. ഇതുമൂലം സംരംഭകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി അറിവില്ല. അത്തരം സാഹചര്യങ്ങളില്‍, സംരംഭകരോട് തീര്‍ത്തും അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി ശ്രദ്ധിക്കുന്നുണ്ട്-കെഎസ്ഇബി ഡിസ്ട്രിബൂഷന്‍ ആന്‍ഡ് ഐ ടി ഡയറക്റ്റര്‍ കുമാരന്‍ പി ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കെഎസ്ഇബിയുടെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ സംരംഭകര്‍ക്ക് ആവശ്യമായ വൈദ്യുതി, നിലവിലെ ട്രാന്‍സ്‌ഫോര്‍മറുകളുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിച്ച് നല്‍കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്ക് ഉണ്ട്. എന്നാല്‍, പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്വയം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് മൂലം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പല ചെറുകിട വ്യവസായ പദ്ധതികളും നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉപേക്ഷിക്കേണ്ടി വന്നു. കേരളത്തിന്റെ സംരംഭകത്വ മുഖം നശിപ്പിക്കുന്ന സമീപനമാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്-കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഇലക്ട്രിസിറ്റി കണ്‍വീനറായ നോബി ജോസഫ് പറയുന്നു.

എന്നാല്‍ കെഎസ്ഇബി പറയുന്നതിങ്ങനെ. നിലവില്‍ 50 കിലോവാട്ട് വൈദ്യുതിവരെ വൈദ്യുതി ബോര്‍ഡ് വ്യവസായികള്‍ക്ക് നല്‍കുന്നുണ്ട്. സപ്ലൈ കോഡ് മാറ്റത്തിനു മുന്‍പും അതുതന്നെയായിരുന്നു അവസ്ഥ. അതിനും മുകളില്‍ വൈദ്യുതി ആവശ്യമായി വരുന്ന സംരംഭങ്ങളോട് മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ ആവശ്യപ്പെടുന്നുള്ളൂ. ഇതുമൂലം സംരംഭകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി അറിവില്ല-കെഎസ്ഇബി ഡിസ്ട്രിബൂഷന്‍ ആന്‍ഡ് ഐ ടി ഡയറക്റ്റര്‍ കുമാരന്‍ പി ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ അയ്യങ്കുന്ന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടുത്തിടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഒരു വാട്ടര്‍ ടാങ്ക് നിര്‍മാണകമ്പനി, പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ 60 കെവി വൈദ്യുതി കെഎസ്ഇബി ലഭ്യമാക്കാത്തതിനാല്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. വൈദ്യുതി ആവശ്യപ്പെട്ടപ്പോള്‍ 100 കെവി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ഉള്ള ഓര്‍ഡര്‍ ആണ് ബോര്‍ഡ് നല്‍കിയതെന്ന് സംരംഭകര്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാനാകും. ഇവിടെ അതല്ല അവസ്ഥ. കേരളത്തില്‍ വൈദ്യുതി ലഭ്യമാക്കുന്ന ഒരേ ഒരു സ്ഥാപനം എന്ന നിലയ്ക്ക് കെഎസ്ഇബിയുടെ ഈ സമീപനം ചോദ്യം ചെയ്യപ്പെടണം-ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സിജോ പി ജോയ് പറയുന്നു.

ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന അപ്പീലിനുമേല്‍ വിധി വരുന്നത് വരെ നിലവിലെ അവസ്ഥ തുടരും. ഇത് സംസ്ഥാനത്തെ വ്യവസായന്തരീക്ഷത്തെ എങ്ങനെ ബാധിക്കും എന്നതിനെപ്പറ്റിയുള്ള ആശങ്കയിലാണ് പല സംരംഭകരും.

 

Comments

comments

Categories: FK Special, Slider