ഇലക്ട്രിക് നാനോ ഈ മാസം ; ഡെല്‍ഹിയിലെ ഒല ടാക്‌സി നിരയില്‍ അണിനിരക്കും

ഇലക്ട്രിക് നാനോ ഈ മാസം ; ഡെല്‍ഹിയിലെ ഒല ടാക്‌സി നിരയില്‍ അണിനിരക്കും

400 ഇലക്ട്രിക് നാനോ കാറുകള്‍ ഈ മാസം 28 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം

ന്യൂ ഡെല്‍ഹി : ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് ഈ മാസം 28 ന് അവതരിപ്പിക്കും. വായു മലിനീകരണത്താല്‍ ജീവിതം ദുസ്സഹമായ ദേശീയ തലസ്ഥാനത്തെ നിരത്തുകളിലായിരിക്കും ഇലക്ട്രിക് നാനോ കാറിനെ തുടക്കത്തില്‍ കാണാന്‍ കഴിയുക. ഡെല്‍ഹിയിലെ ഒല കാബ്‌സിന്റെ ടാക്‌സി നിരയില്‍ ടാറ്റയുടെ കുഞ്ഞന്‍ കാറിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ഇടംപിടിക്കും.

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാര്‍ നിരയില്‍നിന്ന് നാനോ കാറിനെ ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില്‍പ്പന മാസത്തില്‍ 250 യൂണിറ്റായി കുറഞ്ഞ സമയത്താണ് ടാറ്റ മോട്ടോഴ്‌സിന് ഇത്തരത്തില്‍ ചിന്തിക്കേണ്ടിവന്നത്. എന്നാല്‍ ഇലക്ട്രിക് വേര്‍ഷന്‍ പുറത്തിറക്കുന്നതോടെ കുഞ്ഞന്‍ കാറിനിത് രണ്ടാം ജന്മമാണെന്ന് പറയേണ്ടിവരും. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇലക്ട്രിക് ടാറ്റ നാനോ കോയമ്പത്തൂരില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. നിലവിലെ നാനോ ജെന്‍എക്‌സിന്റെ അതേ ബോഡിവര്‍ക്കാണ് ഇലക്ട്രിക് വേര്‍ഷനില്‍ കണ്ടത്.

ഇലക്ട്രിക് ടാറ്റ നാനോ പുറത്തിറങ്ങിയാല്‍ മഹീന്ദ്ര ഇ2ഒ ആയിരിക്കും എതിരാളി

ഇലക്ട്രിക് ടാറ്റ നാനോ പുറത്തിറങ്ങിയാല്‍ മഹീന്ദ്ര ഇ2ഒ ആയിരിക്കും എതിരാളി. ടാക്‌സി സെഗ്‌മെന്റിലായിരിക്കും ഇലക്ട്രിക് നാനോ ആദ്യം അവതരിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ഒല കാബ്‌സ് ഇലക്ട്രിക് ഓപ്ഷനെന്ന നിലയില്‍ മഹീന്ദ്ര ഇ2ഒ ആണ് നിലവില്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മഹീന്ദ്ര ഇ2ഒ വിന് മുകളില്‍ ഇലക്ട്രിക് ടാറ്റ നാനോ വരുമെന്ന് പ്രതീക്ഷിക്കുന്നു. 2010 ജനീവ മോട്ടോര്‍ ഷോയിലാണ് നാനോ ഇലക്ട്രിക് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍-പോളിമര്‍ ലിഥിയം ബാറ്ററി, 160 കിലോമീറ്റര്‍ റേഞ്ച് എന്നിവ കമ്പനി അവകാശപ്പെടുന്നു.

ചില മോഡലുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ കൊണ്ടുവരുന്നതിന് തയ്യാറെടുത്തിരിക്കുകയാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്. ടിയാഗോയുടെ ഇലക്ട്രിക് പതിപ്പാണ് ഇവയിലൊന്ന്. ടിയാഗോ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് സ്‌പോര്‍ട് മോഡില്‍ 11 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 135 കിലോമീറ്ററാണ് പരമാവധി വേഗം. 200 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന 85 കിലോവാട്ട് മോട്ടോറാണ് ഇലക്ട്രിക് ടാറ്റ ടിയാഗോയിലുള്ളത്. ഫ്രണ്ട് വീല്‍ ഡ്രൈവാണ് വാഹനത്തിന്റെ ലേഔട്ട്. ഗിയര്‍ബോക്‌സ് സിംഗിള്‍ സ്പീഡ് ആയിരിക്കും. ഇലക്ട്രിക് ടിയാഗോ കൂടാതെ ടിഗോറിന്റെ ഇലക്ട്രിക് വേര്‍ഷനും ടാറ്റ മോട്ടോഴ്‌സ് പരിഗണിക്കുന്നുണ്ട്. 

Comments

comments

Categories: Auto