കഴുകന്റെ കണ്ണുകളുള്ള  കൂട്ടുകച്ചവടക്കാരന്‍

കഴുകന്റെ കണ്ണുകളുള്ള  കൂട്ടുകച്ചവടക്കാരന്‍

രോഗം പോലും ലാഭകരമായ ബിസിനസ് ആയി മാറുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഭീതിതവും വേദനാജനകവുമായ അവസ്ഥയാണ് രോഗങ്ങള്‍. മാനസികവും ശാരീരികവുമായി തളര്‍ന്ന ഒരു രോഗിയെ പോലും തങ്ങളുടെ ബിസിനസിന്റെ ഇരയാക്കി മാറ്റുന്നു മരുന്ന് മാഫിയയും സര്‍ക്കാരും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിലകൊള്ളുന്ന ബിസിനസുകളില്‍ ഏറ്റവും ലാഭം കൊയ്യുന്ന പങ്കുകച്ചവടക്കാരന്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. സമൂഹത്തില്‍ ഇപ്പോള്‍ നിലവിലുള്ളതും ഇനി ഉയര്‍ന്നുവരുന്നതുമായ എല്ലാ സംരംഭങ്ങളിലും ഒരു പങ്കുകച്ചവടക്കാരന്റെ റോള്‍ ആണ് സര്‍ക്കാരിനുള്ളത്. യാതൊരു വിധ കരാറുകളിലാലും എഴുതപ്പെടാത്ത, യാതൊരു പ്രതിബദ്ധതയും വാഗ്ദാനം ചെയ്യാത്ത, ഒരു നഷ്ടവും ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്ത തികച്ചും സുരക്ഷിതമായി കളിക്കുന്ന കഴുകന്റെ കണ്ണുകളുള്ള കൂട്ടുകച്ചവടക്കാരന്‍.

ജീവിതം മുഴുവന്‍ വിയര്‍പ്പും സമ്പാദ്യവും ചെലവിടുന്ന ഉല്‍പ്പാദകനും വിതരണക്കാരനും ചില്ലറ വില്‍പ്പനക്കാരനും ലഭിക്കുന്നതിലേറെ ലാഭം കൊയ്യുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുന്ന ഈ പങ്കുകച്ചവടക്കാരനാണ്. വിപണിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ അല്ലെങ്കില്‍ നല്‍കപ്പെടുന്ന സേവനങ്ങളുടെ ലാഭത്തില്‍ വലിയൊരു പങ്ക് അദൃശ്യനായി തിരശീലക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ഈ ലാഭക്കൊതിയനുള്ളതാണ്. വളരെ സമര്‍ത്ഥനായ ഈ കളിക്കാരന്‍ ഓരോ സംരംഭത്തിന്റെയും അലിഖിതമായ കൂട്ടുകരാറിലെ ഗുണഭോക്താവാണ്. നിശബ്ദനായിരുന്ന് ലാഭം മാത്രം നുണയുന്ന ഷൈലോക്ക്.

ഒരാള്‍ ബിസിനസ് ആരംഭിക്കുന്നത് തൊട്ട് ഈ പങ്ക് കച്ചവടക്കാരന്റെ പോക്കറ്റില്‍ പണം വീണു തുടങ്ങുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ലൈസന്‍സുകളും സര്‍ട്ടിഫിക്കേഷനും അപ്രൂവലുകളും വേണം. ഇതിനെല്ലാം ഫീസും മറ്റു ചെലവുകളുമുണ്ട്. ബിസിനസില്‍ മുടക്കുന്ന കനത്ത മൂലധനത്തിന് പുറമേ ഈ ചെലവുകളും കൂടി ജീവിക്കാന്‍ വേണ്ടി ഒരു മാര്‍ഗം തേടി അലയുന്ന സംരംഭകന്‍ കണ്ടെത്തണം. സംരംഭം തുടങ്ങിക്കഴിഞ്ഞാല്‍ വില്‍ക്കുന്ന ഉല്‍പ്പന്നത്തിനും നല്‍കുന്ന സേവനത്തിനും സര്‍ക്കാരിന്റെ ലാഭം നികുതി എന്ന പേരില്‍ പിരിച്ച് നല്‍കുകയും വേണം.

സര്‍ക്കാരിന്റെ ഈ വിഹിതത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ബിസിനസ് ലാഭം ഉണ്ടാക്കിയാല്‍ നല്‍കേണ്ട ഒന്നല്ല. മറിച്ച് കയ്യിലെ പണമൊക്കെ മുടക്കി ബിസിനസ് ആരംഭിച്ചവന്‍ കുത്തുപാളയെടുത്താലും ഈ വിഹിതം സര്‍ക്കാരിന് പിരിച്ച് നല്‍കിയേ തീരൂ. ഇത് പിരിക്കേണ്ട ബാധ്യതപോലും ജീവിക്കാന്‍ വേണ്ടി ബിസിനസ് തുടങ്ങിയ സംരംഭകന്‍ എന്ന ബൂര്‍ഷ്വാ സിയുടെ തലയിലാണ്. അഞ്ച് പൈസ കയ്യില്‍ നിന്നും ചെലവാക്കാതെ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ കോര്‍പ്പറേറ്റ്, ബിസിനസുകാരന്‍ എന്ന കറവപശു വഴി ഈ പണം സമ്പാദിക്കുന്നു.

ഉല്‍പ്പാദന ചെലവും ഉല്‍പ്പാദകന്റെയും വിതരണക്കാരന്റെയും ചില്ലറവില്‍പ്പനക്കാരന്റെയും ലാഭവും സര്‍ക്കാരിന്റെ ലാഭവും ഒക്കെ ചേര്‍ത്ത് മൊത്തം വിലയുടെ ഇരുപതോ മുപ്പതോ ശതമാനം മാത്രം മുടക്ക് വരുന്ന ഉല്‍പ്പന്നങ്ങള്‍ അമിത വില കൊടുത്ത് വാങ്ങാന്‍ വിധിക്കപ്പെടുന്ന ഉപഭോക്താവാണ് ഇവിടത്തെ ഇര. വാങ്ങുന്ന ഏത് ഉല്‍പ്പന്നത്തിനും സേവനത്തിനും സര്‍ക്കാരിന് കൂടി ലാഭം നല്‍കാന്‍ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ഇവിടെ നികുതി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ലാഭം സര്‍ക്കാര്‍ എന്ന ജനങ്ങളുടെ സ്വന്തം ബിസിനസുകാരന്റെ അവകാശമാണ്. അതേസമയം, ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ഗുണത്തില്‍ യാതൊരു വിധ ബാധ്യതയും സര്‍ക്കാരിനില്ല. ഓരോ പൗരനും ജീവിക്കുന്നത് തന്നെ ജോലി ചെയ്ത് മറ്റുള്ളവര്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാനാണ്. ഓരോ നിമിഷവും അക്ഷീണം പരിശ്രമിക്കുന്ന തന്റെ സ്വന്തം പൗരനെ ദേശസ്‌നേഹിയാക്കിയും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാക്കിയും അവന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഒരു ഡ്രാക്കുള സംരംഭകനായി മാറുകയാണ് സര്‍ക്കാര്‍.

ഇവിടെ രോഗം പോലും ലാഭകരമായ ബിസിനസ് ആയി മാറുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഭീതിതവും വേദനാജനകവുമായ അവസ്ഥയാണ് രോഗങ്ങള്‍. മാനസികവും ശാരീരികവുമായി തളര്‍ന്ന ഒരു രോഗിയെ പോലും തങ്ങളുടെ ബിസിനസിന്റെ ഇരയാക്കി മാറ്റുന്നു മരുന്ന് മാഫിയയും സര്‍ക്കാരും. തന്റെ ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും വിനിയോഗിച്ച് രോഗത്തോട് മല്ലടിക്കുന്ന രോഗി പോലും നികുതി നല്‍കേണ്ട ഒരിരയാണ്. വളരെ ദയനീയമായ ഒരു വ്യവസ്ഥിതിയാണിത്. താന്‍ വാങ്ങുന്ന മരുന്നുകള്‍ക്ക് നികുതി നല്‍കേണ്ടിവരുന്ന അവശനായ, ജോലി ചെയ്യാന്‍ വയ്യാതെയായ രോഗികള്‍. ആധുനിക ഭാരതത്തിന്റെ ഏറ്റവും ദയനീയമായ മുഖചിത്രമായി മാറുന്നു ഇവര്‍. ജീവിതവും മരണവും ഇവിടെ കച്ചവടമായി മാറുന്നു.

ഓരോ ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വില ഉയരുമ്പോള്‍ സര്‍ക്കാര്‍ എന്ന പങ്കുകച്ചവടക്കാരന്റെയും ലാഭം കൂടുകയാണ്. പെട്രോള്‍, ഡീസല്‍ വില ഉയരുമ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി കൂടി ഈ പങ്കുകച്ചവടക്കാരന്റെ പോക്കറ്റില്‍ വീഴുകയാണ്. കണ്ണടച്ച് പാല്‍ കുടിക്കുന്ന പൂച്ചയെപ്പോലെയാണ് ഇവിടെ സര്‍ക്കാര്‍. രാജ്യസ്‌നേഹിയായ ഉത്തമപൗരന്‍ മറ്റുള്ളവര്‍ക്ക് മാത്രം ലാഭം കിട്ടുന്ന ഈ കളിയില്‍ ഒന്നും മനസിലാക്കാനാവാതെ, അല്ലെങ്കില്‍ മനസിലായിട്ടും നിസ്സഹായനായി നട്ടെല്ല് വളച്ചു വീണ്ടും വീണ്ടും പണിയെടുത്ത് നടുവൊടിഞ്ഞു രാജ്യസേവനം നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ലാഭം മാത്രം ലഭിക്കുന്ന ഈ കളിയില്‍ ഉപഭോക്താവ് വെറും ബലിമൃഗം മാത്രം.

ഈ കൂട്ടുകച്ചവടത്തിന്റെ ഏറ്റവും രസകരമായ അദ്ധ്യായം നാം വായിക്കേണ്ടതുണ്ട്. വില്‍ക്കുന്ന ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ വില കച്ചവടക്കാരന് കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ എന്ന പങ്കുകച്ചവടക്കാരന്റെ വിഹിതം കൃത്യമായി കിട്ടിയിരിക്കണം. ബില്ലില്‍ നികുതി രേഖപ്പെടുത്തിയിട്ടുണ്ടോ എങ്കില്‍ കച്ചവടക്കാരന് വില്‍പ്പനയുടെ പണം ലഭിച്ചിട്ടുണ്ടോ എന്നത് ഒരു പ്രശ്‌നമേയല്ല. സര്‍ക്കാര്‍ എന്ന പങ്കുകച്ചവടക്കാരന് തന്റെ പണം കൃത്യസമയത്ത് പെട്ടിയില്‍ വീഴണം. സാധനം വിറ്റ് അല്ലെങ്കില്‍ സേവനം നല്‍കി പണം കിട്ടാന്‍ ഇപ്പോഴത്തെ വിപണിയുടെ ദയനീയമായ അവസ്ഥയില്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാത്തിരിക്കേണ്ട വ്യാപാരി കച്ചവടം നടത്തുന്നത് സര്‍ക്കാരിന് നികുതി പോക്കറ്റില്‍ നിന്നും അടയ്ക്കാന്‍ മാത്രമാകും. ബിസിനസ് തുടങ്ങി എന്ന ഒറ്റ കുറ്റത്തിന് അവന്‍ സര്‍ക്കാരിന്റെ ടാക്‌സ് റെമിറ്റന്‍സിന്റെ യന്ത്രമായി മാറും. നികുതിയൊക്കെ കൊടുത്ത് കുറേക്കാലം കഴിഞ്ഞ് വിപണിയില്‍ നിന്ന് പണം പിരിച്ചെടുത്ത് കഴിയുമ്പോഴേക്കും ലാഭവും ഇല്ല എടുത്ത ലോണിന്റെ പലിശയും നഷ്ടം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കും. ഉപഭോക്താവിനും ബിസിനസുകാരനും എന്ത് സംഭവിച്ചാലും ലാഭം സര്‍ക്കാരിന് തന്നെ.

ഓരോ ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വില ഉയരുമ്പോള്‍ സര്‍ക്കാര്‍ എന്ന പങ്കുകച്ചവടക്കാരന്റെയും ലാഭം കൂടുകയാണ്. പെട്രോള്‍, ഡീസല്‍ വില ഉയരുമ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി കൂടി ഈ പങ്കുകച്ചവടക്കാരന്റെ പോക്കറ്റില്‍ വീഴുകയാണ്. കണ്ണടച്ച് പാല്‍ കുടിക്കുന്ന പൂച്ചയെപ്പോലെയാണ് ഇവിടെ സര്‍ക്കാര്‍. രാജ്യസ്‌നേഹിയായ ഉത്തമപൗരന്‍ മറ്റുള്ളവര്‍ക്ക് മാത്രം ലാഭം കിട്ടുന്ന ഈ കളിയില്‍ ഒന്നും മനസിലാക്കാനാവാതെ, അല്ലെങ്കില്‍ മനസിലായിട്ടും നിസ്സഹായനായി നട്ടെല്ല് വളച്ചു വീണ്ടും വീണ്ടും പണിയെടുത്ത് നടുവൊടിഞ്ഞു രാജ്യസേവനം നടത്തിക്കൊണ്ടിരിക്കുകയാണ്

ഇതിനും പുറമെയാണ് വരുമാന നികുതി എന്ന പേരില്‍ ലാഭത്തിന്റെ മറ്റൊരു വിഹിതം കൂടി പാവപ്പെട്ട ജനങ്ങളില്‍ നിന്ന് സര്‍ക്കാ ര്‍ വാങ്ങിച്ചെടുക്കുന്നത്. ബിസിനസ് തുടങ്ങുന്നത് തന്നെ സര്‍ക്കാരിന് നികുതി പിരിച്ച് നല്‍കുവാനും വരുമാന നികുതി നല്‍കാനുമായിട്ടാണെന്നു സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് തോന്നിത്തുടങ്ങിയാല്‍ അതില്‍ തെറ്റൊന്നുമില്ല. ബിസിനസ് നഷ്ടം വന്ന് പൂട്ടിപ്പോയാലും അത് തുറന്നിരുന്ന കാലം വരെ ലാഭം സര്‍ക്കാരിന് തന്നെ. ഇനി ലോണെടുത്ത് മുടിഞ്ഞ് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്താലും അവന്‍ പിരിച്ച നികുതിയില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും നഷ്ടം സര്‍ക്കാരിന് വരില്ല. ജപ്തി നടപടികള്‍ വരെ അവന്‍ നേരിട്ടേ തീരു. മല്ല്യയെപ്പോലുള്ള ഫ്രോഡുകള്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഉണ്ടാവില്ല കരുണ. കാരണം ആ നഷ്ടങ്ങളൊക്കെ അവര്‍ നികത്തുന്നത് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരിയാണ്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് നികുതി പിരിച്ച് നല്‍കാനുള്ള മെഷീനറികള്‍ നാടുനീളെ സൃഷ്ടിക്കുവാനാണോ? യഥാര്‍ത്ഥത്തില്‍ സംരംഭകനെ കൊണ്ട് ബിസിനസ് തുടങ്ങിപ്പിക്കുന്ന സര്‍ക്കാര്‍ തന്റെ സ്വന്തം സംരംഭമാണ് ആരംഭിക്കുന്നത്. മന്ദഗതിയില്‍ നീങ്ങുന്ന വിപണിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ആത്മഹത്യാപരമെന്ന് സംരംഭകര്‍ ഭയപ്പെട്ട് തുടങ്ങിയാല്‍ അത് ഇപ്പോഴുള്ള നനഞ്ഞ സമ്പദ് വ്യവസ്ഥക്ക് മറ്റൊരു തിരിച്ചടിയാകും. വിപണിയില്‍ നിന്നും പിരിഞ്ഞു കിട്ടാത്ത പണത്തിന് തങ്ങളുടെ പോക്കറ്റില്‍ നിന്നും നികുതി നല്‍കേണ്ടിവന്നാല്‍ പുതിയ സംരംഭങ്ങള്‍ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. മികച്ച വില്‍പ്പനയുണ്ടായത് കൊണ്ട് മാത്രം ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും. അമിത നികുതി ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതോടെ ശമ്പളം ഉള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകള്‍ ഉയരും. ചെലവുകള്‍ വര്‍ധിക്കുകയും കൃത്യമായ സമയത്ത് കടങ്ങള്‍ പിരിച്ചെടുക്കാന്‍ സാധിക്കാതെയും വരുന്ന സന്ദര്‍ഭത്തില്‍ ബിസിനസുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. സംരംഭകര്‍ ഭയന്ന് പിന്മാറുന്ന ഒരവസ്ഥ ഉടലെടുക്കും.

സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടത് വിപണിയില്‍ ഉത്സാഹം വളര്‍ത്തിക്കൊണ്ടാണ്. ഭയം വളര്‍ത്തിക്കൊണ്ടല്ല. സങ്കീര്‍ണതകള്‍ ഒഴിവാക്കി ലളിതമായി ബിസിനസ് ചെയ്യുവാനുള്ള അന്തരീക്ഷം ഒരുക്കിനല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. വ്യക്തതയില്ലാത്ത, നിയന്ത്രണമില്ലാത്ത നികുതി വ്യവസ്ഥകളും നികുതി നിരക്കും ജനങ്ങളെ പിഴിയുവാന്‍ കച്ചവടക്കാര്‍ക്കും കൂട്ടുകച്ചവടക്കാരായ സര്‍ക്കാരിനും കളമൊരുക്കുന്നു. ഉയര്‍ന്ന നികുതി ജീവിതച്ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. ജീവിതച്ചെലവ് ഉയരുമ്പോള്‍ ആനുപാതികമായ വരുമാന വര്‍ധന ആവശ്യമായി വരുന്നു. ബിസിനസ് ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഉല്‍പ്പന്ന വില ഉയരുന്നു. ഇതൊരു ചാക്രികമായ പ്രവര്‍ത്തിയാണ്. ഇതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും, ജനങ്ങളും. വന്‍ മരങ്ങള്‍ നിലനില്‍ക്കുകയും ചെറു മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്യും. എങ്കിലും ലാഭം സര്‍ക്കാരെന്ന യഥാര്‍ത്ഥ ബിസിനസുകാരന് തന്നെ.

Comments

comments

Categories: FK Special, Slider