വോള്‍വോ യുബറിന് 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നല്‍കും

വോള്‍വോ യുബറിന് 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നല്‍കും

ഓട്ടോണമസ് സാങ്കേതികവിദ്യ സജ്ജീകരിച്ച എക്‌സ്‌സി90 എന്ന ഫഌഗ്ഷിപ്പ് എസ്‌യുവിയാണ് നല്‍കുന്നത്

സാന്‍ ഫ്രാന്‍സിസ്‌കോ : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയില്‍നിന്ന് ആഗോള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി കമ്പനിയായ യുബര്‍ 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ വാങ്ങും. തികവുറ്റ സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം വികസിപ്പിക്കുന്നതില്‍ കമ്പനിക്കുകീഴിലെ ഓട്ടോണമസ് ഡ്രൈവിംഗ് വിഭാഗം നേരിട്ട തിരിച്ചടികള്‍ക്ക് മറുവഴി തേടുകയാണ് യുബര്‍. സെല്‍ഫ്-ഡ്രൈവിംഗ് സംബന്ധിച്ച തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വേമോ നല്‍കിയ കേസ് നേരിടുകയാണ് നിലവില്‍ യുബര്‍. മാത്രമല്ല യുബറിന്റെ ഓട്ടോണമസ് ഡ്രൈവിംഗ് വിഭാഗത്തില്‍നിന്ന് പ്രതിഭകള്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്ന കെട്ട കാലം കൂടിയാണിത്.

2019-2021 കാലയളവില്‍ യുബറിന് 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നല്‍കുമെന്ന് ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോള്‍വോ പ്രസ്താവനയില്‍ അറിയിച്ചു. ഓട്ടോണമസ് സാങ്കേതികവിദ്യ സജ്ജീകരിച്ച എക്‌സ്‌സി90 എന്ന ഫഌഗ്ഷിപ്പ് എസ്‌യുവിയാണ് യുബറിന് നല്‍കുന്നത്. 24,000 കാറുകള്‍ വരെ വിതരണം ചെയ്യുമെന്ന് വോള്‍വോ വക്താവ് അറിയിച്ചു. വോള്‍വോ കാറുകളില്‍ ഉപയോഗിക്കുന്ന സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം യുബറിന് കീഴിലെ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ഗ്രൂപ്പാണ് വികസിപ്പിക്കുന്നത്.

24,000 കാറുകളും വാങ്ങാന്‍ യുബര്‍ തീരുമാനിച്ചാല്‍ വോള്‍വോ കാര്‍സിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാകും അത്. ഓട്ടോണമസ് വാഹന വിപണിയിലെ ഏറ്റവും വലിയ വില്‍പ്പനയും. ഒരു പുതിയ വോള്‍വോ എക്‌സ്‌സി90 കാറിന് 50,000 ഡോളര്‍ മുതലാണ് വില.

തങ്ങളുടെ ആപ്പ് വഴി ടാക്‌സി വിളിക്കുന്ന ഉപയോക്താവിന്റെ സമീപത്തേയ്ക്ക് മനുഷ്യ ഡ്രൈവറില്ലാതെ കാര്‍ സ്വയം ഡ്രൈവ് ചെയ്തുപോകുന്നതാണ് യുബറിന്റെ ലക്ഷ്യം

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി അരിസോണയിലെ ടെംപിയിലും പിറ്റ്‌സ്ബര്‍ഗിലും വോള്‍വോയുടെ പ്രോട്ടോടൈപ്പ് കാറുകള്‍ യുബര്‍ പരീക്ഷിച്ചുവരികയാണ്. തങ്ങളുടെ ആപ്പ് വഴി ടാക്‌സി വിളിക്കുന്ന ഉപയോക്താവിന്റെ സമീപത്തേയ്ക്ക് ഡ്രൈവറില്ലാതെ കാര്‍ സ്വയം ഡ്രൈവ് ചെയ്തുപോകുന്നതാണ് യുബറിന്റെ ലക്ഷ്യം.

കാറുകള്‍ വാങ്ങുന്നതിന്റെ സാമ്പത്തിക വിശദാംശങ്ങളൊന്നും ഇരു കമ്പനികളും പുറത്തുവിട്ടില്ല. എന്നാല്‍ യുബറിനെ സംബന്ധിച്ചിടത്തോളം 24,000 കാറുകള്‍ വാങ്ങുന്നത് വമ്പന്‍ നിക്ഷേപമായിരിക്കും. ഓഹരി വില്‍പ്പനയിലൂടെയും വായ്പാ മാര്‍ഗ്ഗത്തിലൂടെയുമായിരിക്കും കാറുകള്‍ വാങ്ങുന്നതെന്ന് യുബറിന്റെ ഓട്ടോമോട്ടീവ് അലയന്‍സസ് മേധാവി ജെഫ് മില്ലര്‍ പറഞ്ഞു. വോള്‍വോ കഴിഞ്ഞ വര്‍ഷം യുബറുമായി 300 മില്യണ്‍ ഡോളറിന്റെ സഖ്യത്തിലേര്‍പ്പെട്ടിരുന്നു. സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ രൂപകല്‍പ്പനയ്ക്കും മറ്റുമാണ് ഈ സഹകരണം.

മിഷിഗണിലെ ഡിയര്‍ബോണ്‍ ആസ്ഥാനമായ ഫോഡ് മോട്ടോര്‍ കമ്പനിയില്‍നിന്ന് 2010 ലാണ് വോള്‍വോ കാര്‍സിനെ ചൈനീസ് കമ്പനിയായ സെജിയാംഗ് ഗീലി ഏറ്റെടുത്തത്. പടിഞ്ഞാറന്‍ സ്വീഡനിലെ ടോര്‍സ്‌ലാന്‍ഡ പ്ലാന്റിലായിരിക്കും ഓട്ടോണമസ് സാങ്കേതികവിദ്യ സജ്ജീകരിച്ച എക്‌സ്‌സി90 എസ്‌യുവി നിര്‍മ്മിക്കുന്നത്. ഡീലര്‍മാരിലൂടെ കാര്‍ വില്‍ക്കുമ്പോഴുള്ള അതേ ലാഭം യുബറിന് വില്‍ക്കുമ്പോഴും ഈടാക്കുമെന്ന് വോള്‍വോ കാര്‍സ് സിഇഒ ഹകന്‍ സാമുവല്‍സണ്‍ പറഞ്ഞു.

യുബറിന്റെ എതിരാളിയായ ലിഫ്റ്റ് ഈ വര്‍ഷം ആല്‍ഫബെറ്റിന് കീഴിലെ വേമോയുമായി ഗവേഷണ പങ്കാളിത്തം സ്ഥാപിച്ചിരുന്നു. മാത്രമല്ല സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കായി ഫോഡുമായും ന്യൂട്ടോണമി, ഡ്രൈവ്.എഐ എന്നീ സ്റ്റാര്‍ട്ടപ്പുകളുമായും ലിഫ്റ്റ് കരാര്‍ ഒപ്പുവെച്ചു.

വര്‍ധിച്ചുവരുന്ന ഓട്ടോമേഷന്‍ കാലത്ത് പിടിച്ചുനില്‍ക്കാനുള്ള പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെ തത്രപ്പാടാണ് വോള്‍വോയും യുബറും തമ്മിലും ഫോഡും ലിഫ്റ്റും തമ്മിലുമുള്ള കരാറുകള്‍ തെളിയിക്കുന്നത്. മാത്രമല്ല, ഡ്രൈവര്‍ ചെലവുകള്‍ ഒഴിവാക്കി ഓട്ടോമേഷന്‍ പുണരാനും അതുവഴി ലാഭ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനുമാണ് റൈഡ് സര്‍വീസ് കമ്പനികളുടെ തീരുമാനം.

Comments

comments

Categories: Auto