സ്റ്റോക്കുകളുടെ വ്യാപാര വിവരങ്ങള്‍ സെബിയും എക്‌സേഞ്ചുകളും പരിശോധിക്കുന്നു

സ്റ്റോക്കുകളുടെ വ്യാപാര വിവരങ്ങള്‍ സെബിയും എക്‌സേഞ്ചുകളും പരിശോധിക്കുന്നു

മുംബൈ: വാട്ട്‌സാപ്പ് വഴി കമ്പനികളുടെ സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിന്റെ ഭാഗമായി സെബിയും എക്‌സ്‌ചേഞ്ചുകളും രണ്ട് ഡസന്‍ സ്റ്റോക്കുകളുടെ വ്യാപാര വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ചില ബ്ലു-ചിപ് ലിസ്റ്റഡ് കമ്പനികളും ഇതിലുള്‍പ്പെടുന്നുണ്ടെന്നാണ് സൂചന.

വ്യവസ്ഥകളുടെ ലംഘനം കണ്ടെത്തുന്നതിനായി ഇത്തരം കമ്പനികളുടെ കഴിഞ്ഞ 12 മാസക്കാലത്തെ വ്യാപാര വിവരം എക്‌സ്‌ചേഞ്ചുകള്‍ വിശകലനം ചെയ്യുകയാണ്. ഡാറ്റ വെയര്‍ഹൗസുകളുടെയും ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും സഹായം സെബി ഉപയോഗപ്പെടുത്തുന്നുണ്ട്. സെബി നിയമമനുസരിച്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ. കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വ്യക്തികളുടെയും കോള്‍ ഡാറ്റ റെക്കോര്‍ഡുകളും സെബി അന്വേഷിക്കുമെന്നാണ് വിവരം. ആശയവിനിമയത്തിന്റെ കൃത്യമായ ഉള്ളടക്കം ഒഴികെയുള്ള കോള്‍ ഡാറ്റ റെക്കോര്‍ഡുകള്‍ ടെലികോം കമ്പനികളില്‍ നിന്ന് ആവശ്യപ്പെടാനുള്ള അധികാരം സെബിക്കുണ്ട്.

എസ്എംഎസുകള്‍,വാട്‌സാപ്പ്, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയാണ് ചില ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ പ്രചരിച്ചത്. ചില ബ്രോക്കറേജ് ഹൗസുകളുടെയും എക്‌സ്‌ചേഞ്ചുകളുടെയും പേരുകളും ഇതിനൊപ്പം ദുരുപയോഗം ചെയ്യപ്പെട്ടു. ഇത്തരം ചില കേസുകളില്‍ സെബി നേരത്തേ നടപടി സ്വീകരിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ സെബി ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്എംഎസുകള്‍, സാമൂഹിക മാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപാരം നടത്തരുതെന്ന് സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories