ഗ്ലാം ബോക്‌സിനെ ഏറ്റെടുത്ത് സൗദി കണ്‍സോഷ്യം

ഗ്ലാം ബോക്‌സിനെ ഏറ്റെടുത്ത് സൗദി കണ്‍സോഷ്യം

സൗദി അറേബ്യയ്ക്കും ജിസിസിക്കുമപ്പുറത്തേക്കു കൂടി കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ച കൊണ്ടു പോകാന്‍ സൗദി കണ്‍സോഷ്യം ലക്ഷ്യമിടുന്നു

ദുബായ്: മിഡില്‍ ഈസ്റ്റിലെ ബ്യൂട്ടി സബ്‌സ്‌ക്രിപ്ഷന്‍ ഇ – കൊമേഴ്‌സ് കമ്പനിയായ ഗ്ലാം ബോക്‌സിനെ സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരുടെ കണ്‍സോഷ്യം ഏറ്റെടുത്തു. 2012ല്‍ സഹ സ്ഥാപകരും എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരുമായ ഷാന്ത് ഒക്‌നായന്‍, ഫാരിസ് അക്കഡ്, ക്രിസ്റ്റോസ് മാസ്‌റ്റൊറാസ്, മാര്‍ക് ഗൊബ്രിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്ലാം ബോക്‌സിനു തുടക്കമിട്ടത്.

എസ്ടി വെഞ്ച്വേഴ്‌സ്, എംബിസി വൈഞ്ച്വേഴ്‌സ്, ആന്‍ ആന്‍ഡ് ആര്‍ വെഞ്ച്വേഴ്‌സ്, കെഎസ്എ സ്ട്രാറ്റജിക് ഇന്‍വെസ്റ്റേഴ്‌സ് എന്നിവരടക്കമുള്ള പ്രാദേശിക നിക്ഷേപകരില്‍ നിന്ന് നേരത്തെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിംഗില്‍ 4 മില്യണ്‍ ഡോളര്‍ ഗ്ലാം ബോക്‌സ് സമാഹരിച്ചിരുന്നു.

ദുബായിലെ ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് എന്നതില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മുന്‍നിര ഓണ്‍ലൈന്‍ ബ്യൂട്ടി സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസായി കമ്പനിയെ ഉടമകള്‍ മാറ്റി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 200ലധികം സുപ്രധാന അന്താരാഷ്ട്ര ബ്യൂട്ടി ബ്രാന്‍ഡുകളുമായാണ് ഗ്ലാം ബോക്‌സ് പങ്കാളിത്തം വികസിപ്പിച്ചത്.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലയിലെ പേമെന്റ്, ലോജിസ്റ്റിക്‌സ് ശൃംഖലകളുടെ പിന്തുണയുണ്ട്.

ദുബായിലെ ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് എന്ന തലത്തില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മുന്‍നിര ഓണ്‍ലൈന്‍ ബ്യൂട്ടി സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസായി കമ്പനി മാറിക്കഴിഞ്ഞു

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഗ്ലാം ബോക്‌സ് സ്വന്തമാക്കിയ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് കമ്പനിയുടെ മുന്‍ സിഇഒയും സഹസ്ഥാപകനുമായ ഷാന്ത് ഒക്‌നായന്‍ പറഞ്ഞു.

വളരെ ആവേശകരമായ യാത്രയായിരുന്നുവെന്നും പുതിയ ഉടമസ്ഥരുടെ കീഴില്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയെ ആവേശപൂര്‍വം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ടീമും പ്രവര്‍ത്തനപരതയും കൊണ്ട് നേടിയെടുത്തതാണ് കമ്പനിയുടെ നേട്ടങ്ങളെന്ന് മറ്റൊരു സഹസ്ഥാപകനായ ക്രിസ്റ്റോസ് മാസ്‌റ്റൊറാസ് പറഞ്ഞു.

വിജയകരമായി പ്രവര്‍ത്തിക്കുന്ന മെന സ്റ്റാര്‍ട്ടപ്പുകളുടെ വളരുന്ന പട്ടികയിലേക്ക് ഗ്ലാം ബോക്‌സ് കൂടി ചേരുമ്പോള്‍ മേഖലയിലെ ഡിജിറ്റല്‍, ടെക് രംഗങ്ങളില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ഫാരിസ് അക്കഡ അഭിപ്രായപ്പെട്ടു.

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ മേഖലകളില്‍ ഇ- കൊമേഴ്‌സ് രംഗം വളര്‍ച്ച പ്രാപിച്ചു വരുന്നതേയുള്ളുവെന്നതിനാല്‍ തന്നെ ഈ രംഗത്ത് വളരെ വലിയ അവസരങ്ങള്‍ തങ്ങള്‍ കാണുന്നതായി അദ്ദേഹം പറഞ്ഞു.

സൗക്ക് ഡോട് കോമിന്റെ ഏറ്റെടുക്കലിലൂടെ ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ മേഖലയിലേക്ക് പ്രവേശിച്ചതും പരമ്പരാഗത റീട്ടെയ്ല്‍ ഗ്രൂപ്പുകള്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പാതയിലേക്ക് വന്നതും സ്‌പേസ് കൂടുതല്‍ മല്‍സരക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുങ്ങിയ വ്യത്യസ്തമായ രംഗങ്ങളിലാണ് പുതിയ കണ്‍സോഷ്യത്തിനു താല്‍പര്യങ്ങളുള്ളതെന്നും ഇത് മേഖലയിലെ ഏറ്റവും വലിയ ബ്യൂട്ടി മാര്‍ക്കറ്റായ സൗദി അറേബ്യയിലുള്‍പ്പടെ അറിവും അനുഭവ സമ്പത്തും കൊണ്ടുവരുമെന്നും ഗ്ലാം ബോക്‌സിന്റെ സിഇഒ ആയ മാത്യു ഗ്വിനാര്‍ഡ് പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്നത് തുടരുമെന്നും ലോകത്തിലെ ഏറ്റവും മികച്ച സൗന്ദര്യവര്‍ദ്ധകഉല്‍പ്പന്നങ്ങള്‍ അവരുടെ പടിവാതില്‍ക്കല്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയ്ക്കും ജിസിസിക്കുമപ്പുറത്തേക്കു കൂടി കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ച കൊണ്ടു പോകാന്‍ സൗദി കണ്‍സോഷ്യം ലക്ഷ്യമിടുന്നു.

Comments

comments

Categories: Arabia