മഹീന്ദ്രയുടെ ഡിട്രോയിറ്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

മഹീന്ദ്രയുടെ ഡിട്രോയിറ്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

2020 ഓടെ യുഎസ്സില്‍ പുതുതായി 600 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ഡിട്രോയിറ്റ് : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഡിട്രോയിറ്റില്‍ ഉദ്ഘാടനം ചെയ്തു. കാറുകളുടെ ലോക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഡിട്രോയിറ്റില്‍ 230 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഡിട്രോയിറ്റില്‍ വാഹന നിര്‍മ്മാണ ശാല വരുന്നത്. പുതിയ പ്ലാന്റ് യുഎസ്സില്‍ 250 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

മിഷിഗണ്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രയാന്‍ കാല്ലി മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഡിട്രോയിറ്റിന്റെ പുനരുത്ഥാനത്തില്‍ നിങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മഹീന്ദ്ര ജീവനക്കാരെയും മേധാവി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. വടക്കേ അമേരിക്കയിലും മിഷിഗണിലും മഹീന്ദ്ര ബ്രാന്‍ഡിന്റെ വളര്‍ച്ച ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച ആനന്ദ് മഹീന്ദ്ര പറഞ്ഞു.

അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുതിയ പ്ലാന്റില്‍ ഓഫ്-ഹൈവേ വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിക്കും. മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്കയാണ് (എംഎഎന്‍എ) ഈ വാഹനത്തിന്റെ രൂപകല്‍പ്പനയും എന്‍ജിനീയറിംഗും നിര്‍വ്വഹിച്ചത്.

230 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്

പുതിയ പ്ലാന്റ് തങ്ങള്‍ക്കും മിഷിഗണിന്റെ ചരിത്രത്തിനും പുതിയ നാഴികക്കല്ലാണെന്ന് എംഎഎന്‍എ പ്രസിഡന്റും സിഇഒയുമായ റിച്ചാര്‍ഡ് ഹാസ് പറഞ്ഞു. നാല് വര്‍ഷം മുമ്പ് ഏഴ് പേരുമായാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം 250 കവിഞ്ഞു. വാഹന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രതിഭകളുടെ നാടാണ് മിഷിഗണ്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ഓടെ കൂടുതല്‍ പ്രോജക്റ്റുകള്‍ നടപ്പാക്കുന്നതിന് എംഎഎന്‍എ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പുതുതായി 400 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. യുഎസ്സില്‍ പുതുതായി 600 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുകയും ചെയ്യും. ഇന്ത്യയിലേക്കും ആഗോള വിപണികളിലേക്കുമായി പുതിയ വാഹന പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലും എംഎഎന്‍എയുടെ എന്‍ജിനീയറിംഗ് പാടവമുണ്ടാകും.

എന്റെ ജില്ലയ്ക്കും സംസ്ഥാനത്തിനും ഇത് വിശേഷപ്പെട്ട ദിവസമാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ യുഎസ് കോണ്‍ഗ്രസ്സ് അംഗം ഡേവ് ട്രോട്ട് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഡിട്രോയിറ്റില്‍ വാഹന നിര്‍മ്മാണ ശാല വരുന്നത്. ഇത് തീര്‍ച്ചയായും ആവേശം പകരുന്നതാണ്. വാഹന വ്യവസായത്തിന്റെ ഈറ്റില്ലമാണ് തെക്കുകിഴക്കേ മിഷിഗണ്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുഎസ്സും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് മഹീന്ദ്രുടെ പ്ലാന്റ് എന്ന് യുഎസ് വിദേശകാര്യ വകുപ്പില്‍ തെക്ക്-മധ്യ ഏഷ്യ ചുമതലയുള്ള ആക്റ്റിംഗ് അസ്സിസ്റ്റന്റ് സെക്രട്ടറി ടോം വാജ്ദ അഭിപ്രായപ്പെട്ടു. മഹീന്ദ്ര ഗ്രൂപ്പിന് അമേരിക്കയില്‍ ആകെ 30 പ്ലാന്റുകള്‍ ഉണ്ടെന്നും ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും ടോം വാജ്ദ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും മഹീന്ദ്ര നല്‍കുന്ന സംഭാവനകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

Comments

comments

Categories: Auto