കൈരളി- ദി ചോയ്‌സ് ഓഫ് ലൈഫ് ടൈം

കൈരളി- ദി ചോയ്‌സ് ഓഫ് ലൈഫ് ടൈം

സ്റ്റീല്‍ നിര്‍മാണ വിപണന രംഗത്ത് 125 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍ കേരളത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ്. സ്റ്റീല്‍ ആതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ആദ്യത്തെ ടിഎംടി നിര്‍മാതാക്കളാണ് കൈരളി. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത കമ്പികള്‍ കേരളത്തിലേക്ക് എത്തപ്പെടുന്നത് തിരിച്ചറിയാനും മികച്ച ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള സംവിധാനം ഒരുക്കണമെന്ന് കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ് അഡീഷണല്‍ ഡയറക്റ്റര്‍ പഹലിഷ കല്ലിയത്ത് ഫ്യൂച്ചര്‍കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ഒരു സ്റ്റീല്‍ ഫാക്റ്ററി കേരള മണ്ണില്‍ പടുത്തുയര്‍ത്തുക എന്നത് അബ്ദുള്‍ ഗഫൂര്‍ എന്ന വ്യവസായ പ്രമുഖന്റെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരമാണ് കൈരളി ടിഎംടി. ഡോ. കല്ലിയത്ത് അബ്ദുള്‍ ഗഫൂറും മക്കളായ ഹുമയൂണ്‍ കല്ലിയത്ത്, പഹലിഷ കല്ലിയത്ത് എന്നിവരാണ് കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നടത്തിപ്പുകാര്‍. ഐഎസ്ഒ 9001 :2008 അംഗീകാരവും, ജര്‍മന്‍ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് 20 ഇഞ്ച് റോളിംഗ് മില്‍, കൂളിംഗ് ബെഡ് പ്രോസസിംഗ് ടെക്‌നോളജി തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി പാലക്കാട് തുടക്കം കുറിച്ച സ്റ്റീല്‍ ഫാക്റ്ററി കേരളത്തിന്റെ സ്റ്റീല്‍ ഉല്‍പ്പാദന മേഖലയില്‍ പുതിയൊരു അധ്യായത്തിനാണ്് വഴിതെളിച്ചത്. ജീവിതത്തില്‍ വെല്ലുവിളികള്‍ തളര്‍ത്തിയെങ്കിലും ഒരു ചെറു പുഞ്ചിരിയോടെ വീല്‍ചെയറിലിരുന്നുകൊണ്ടുതന്നെ ഈ ബിസിനസ് സാമ്രാജ്യത്തിന് ചുക്കാന്‍ പിടിക്കാന്‍ കമ്പനിയുടെ അഡീഷണല്‍ ഡയറക്റ്റര്‍ കൂടിയായ പഹലിഷയ്ക്കു കഴിയുന്നുണ്ട്.

കൈരളി ടിഎംടിയുടെ തുടക്കകാലത്തെകുറിച്ച് ?

1990ല്‍ പൊന്നാനിയില്‍ ഹാര്‍ഡ്‌വെയര്‍ ബിസിനസ് ആരംഭിച്ചതു മുതലാണ് കൈരളി ടിഎംടി സ്റ്റീലിന്റെ ചരിത്രം. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്. 2001 മുതല്‍ കൈരളി ടിഎംടി എന്ന ബ്രാന്‍ഡ് നെയിമില്‍ സ്വന്തമായി സ്റ്റീല്‍ നിര്‍മാണം ആരംഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ് മേഖലയില്‍ ഈ ബ്രാന്‍ഡ് കൂടുതല്‍ വിപുലമായത്.

മറ്റ് ടിഎംടി സ്റ്റീലുകളില്‍ നിന്നും കൈരളിയെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍ ?

ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയോടുകൂടിയ ഗുണമേന്മയുള്ള സ്റ്റീല്‍ ഫാക്റ്ററിയാണിത്. സ്റ്റീല്‍ ആതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ആദ്യത്തെ ടിഎംടി നിര്‍മാതാക്കളായ ഞങ്ങള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ല.

കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ് അഡീഷണല്‍ ഡയറക്റ്റര്‍ (സെയില്‍സ് & മാര്‍ക്കറ്റിംഗ്) പഹലിഷ കല്ലിയത്ത്, ഹുമയൂണ്‍ കല്ലിയത്ത്, എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍( പ്രൊഡക്ഷന്‍ & ഓപ്പറേഷന്‍സ്)

സ്റ്റീല്‍ വ്യവസായ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ?

ഇന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം കമ്പികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും ഗുണനിലവാരമില്ലാത്തതിനാല്‍ നിരവധി ആളുകള്‍ ചൂഷണത്തിനു വിധേയരാവുന്നുണ്ട്. യാതൊരുവിധ കര്‍ശന പരിശോധനയും കൂടാതെയാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്. മാത്രമല്ല കേരളത്തിലെത്തുമ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും സാധിക്കുന്നില്ല. ഇതിനെതിരെ ഞങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഏതു സംസ്ഥാനത്താണോ കമ്പികളുടെ നിര്‍മാണം നടക്കുന്നത്, അവരാണ് അതിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട അതോറിറ്റി എന്നതാണ് അധികൃതരുടെ ഭാഷ്യം. ആളുകള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിന് ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാനും അവ ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ജിഎസ്ടി, നോട്ടസാധുവാക്കല്‍ ബിസിനസിനെ ബാധിച്ചിരുന്നോ ? സര്‍ക്കാര്‍ നിലപാടിനെകുറിച്ച് ?

ജിഎസ്ടി, നോട്ടസാധുവാക്കല്‍ എന്നിവയെല്ലാം എല്ലാ ബിസിനസിനെയും ബാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഗുണനിലവാരമുള്ള ബ്രാന്‍ഡ് എന്ന ഇമേജ് ഉള്ളതുകൊണ്ടാണ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ഓഗസ്റ്റ് മാസം 10,000 ടണ്‍ എന്ന റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്.

കൂട്ടായ്മയുടെ വിജയമാണ് കൈരളി. കമ്പനിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഉപഭോക്താക്കള്‍ക്ക് കൈരളി ടിഎംടിയിലുള്ള വിശ്വാസവും പ്രധാനമാണ്. അത് ഓരോ വര്‍ഷവും കൂടിവരുന്നതല്ലാതെ, കുറയുന്നില്ല
പഹലിഷ കല്ലിയത്ത് അഡീഷണല്‍ ഡയറക്റ്റര്‍ (സെയില്‍സ് & മാര്‍ക്കറ്റിംഗ്) കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ്

ഡോ. കല്ലിയത്ത് അബ്ദുള്‍ ഗഫൂര്‍, മാനേജിംഗ് ഡയറക്റ്റര്‍, കൈരളി സ്റ്റീല്‍സ് ആന്‍ഡ് അലോയിസ് പ്രൈവറ്റ് ലിമിറ്റഡ്

ജീവിതത്തില്‍ അംഗീകാരങ്ങളും പ്രതിസന്ധികളും ഒരുപോലെ നേരിടേണ്ടി വന്ന വ്യക്തിയാണ്. ചില അനുഭവങ്ങള്‍?

2009 ആഗസ്റ്റ് 24 ന് ഇടുക്കിയില്‍ വെച്ചുനടന്ന സംസ്ഥാന ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത് അതില്‍ രണ്ടാം സ്ഥാനം നേടി വരുമ്പോഴാണ് തൊണ്ടയാട് ബൈപ്പാസില്‍വെച്ച് കാറപകടം സംഭവിച്ചത്. ആ അപകടത്തില്‍ എന്റെ സ്‌പൈനല്‍ കോഡിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം തകരാറിലായി. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലായി. ആ ദിവസങ്ങളിലെല്ലാം കുടുംബാംഗങ്ങളും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണകൊണ്ടു മാത്രമാണ് ആ സാഹചര്യങ്ങളില്‍ നിന്നും കരകയറാനായതും തിരികെ ബിസിനസ് നോക്കി നടത്താനുള്ള ആത്മവിശ്വാസം കൈവന്നതും. അതുപോലെതന്നെ പിതാവിന് ലിവര്‍ സിറോസിസ് ബാധിച്ച് കുറച്ചുകാലം ചികില്‍സയിലായി. തുടര്‍ന്ന് അദ്ദേഹത്തിന് കരള്‍ പകുത്ത് നല്‍കിയത് എന്റെ സഹോദരന്‍ ഹുമയൂണ്‍ ആയിരുന്നു. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നു നടത്തിയിരുന്ന ബിസിനസ്, ഉപ്പയും സഹോദരനും ആശുപത്രിയില്‍ ചികില്‍സയിലായതോടെ എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. അക്കാലയളവിലൊക്കെയും കൈരളി ടിഎംടിയിലെ ജീവനക്കാര്‍ എനിക്കു പിന്തുണ നല്‍കി ഒപ്പംനിന്നു. ഈ സാഹചര്യങ്ങളെല്ലാം ബിസിനസില്‍ കനത്ത വെല്ലുവിളി സൃഷ്ടിച്ചെങ്കിലും എല്ലാവരുടെയും പിന്തുണകൊണ്ട് എന്തിനെയും അഭിമുഖീകരിക്കാനുള്ള ധൈര്യം ലഭിച്ചു എന്നതാണ് വാസ്തവം.

ഏതു സംസ്ഥാനത്താണോ കമ്പികളുടെ നിര്‍മാണം നടക്കുന്നത്, അവരാണ് അതിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട അതോറിറ്റി എന്നതാണ് അധികൃതരുടെ ഭാഷ്യം. ഗുണമേന്‍മയില്ലാത്ത കമ്പികള്‍ നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാനും അവ ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം

കോളെജ് പഠനകാലത്താണ് അപകടം സംഭവിച്ചത്. പിന്നീടുള്ള പഠനവും മറ്റും ?

ഫറൂഖ് കോളെജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കാറപകടം നടന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്നു കരുതിയപ്പോള്‍ സുഹൃത്തുക്കളും അധ്യാപകരുമാണ് ആത്മവിശ്വാസം നല്‍കിയത്. പഠനത്തില്‍ സഹായിച്ചതും അവര്‍തന്നെ. വീല്‍ചെയറിലാണ് ഞാന്‍ കോളെജിലേക്ക് പോയിരുന്നത്. ബിരുദ കോഴ്‌സിന്റെ രണ്ടും മൂന്നും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചെഴുതി. പിന്നീട് ഡിസ്റ്റന്റ് എജുക്കേഷനിലൂടെ എംബിഎ കരസ്ഥമാക്കി.

ബിസിനസില്‍ പരസ്യങ്ങളുടെ സ്വാധീനത്തെകുറിച്ച് എന്താണ് അഭിപ്രായം ?

ഞങ്ങള്‍ വെറും പരസ്യം കൊണ്ടുമാത്രം ബിസിനസ് ചെയ്തിട്ടില്ല. ഏതൊരു ബിസിനസിന്റെയും നിലനില്‍പ്പിന് പരസ്യങ്ങള്‍ അത്യാവശ്യമാണ്. സത്യസന്ധമായി പരസ്യം ചെയ്യാനാണ് ആഗ്രഹം. കൈരളി ടിഎംടിയുടെ പേരില്‍ മറ്റു ധാരാളം കമ്പികളുടെ വില്‍പ്പന ഇവിടെ വര്‍ധിച്ചപ്പോള്‍ ഞങ്ങള്‍ ചെയ്ത പരസ്യമാണ് മിന്നുന്നതെല്ലാം പൊന്നല്ല, കാണുന്നതെല്ലാം കൈരളിയുമല്ല…എന്നു തുടങ്ങിയ പരസ്യം. കൈരളി ടിഎംടി ബ്രാന്‍ഡ് അംബാസിഡര്‍ ജയറാമിനെ വെച്ചാണ് പരസ്യം ചെയ്തത്. ഇത്തരം പരസ്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ.

പഹലിഷ കല്ലിയത്ത് ഭാര്യ നസിഹ മുഹമ്മദ് പഹലിഷ, മകന്‍ തൗബാന്‍ ത്വാ അത് ബിന്‍ പഹലിഷ എന്നിവര്‍ക്കൊപ്പം

ബിസിനസില്‍ ആരാണ് താങ്കളുടെ റോള്‍ മോഡല്‍ ?

പിതാവ് അബ്ദുള്‍ ഗഫൂര്‍, സഹോദരന്‍ ഹുമയൂണ്‍ കല്ലിയത്ത് എന്നിവരാണ് എന്റെ റോള്‍ മോഡലുകള്‍. ഇവരില്‍ നിന്നും ഞാന്‍ ഇപ്പോഴും ഓരോ വിഷയവും പഠിച്ചുകൊണ്ടിരിക്കുകയാണ്. പിതാവും സഹോദരനും എല്ലാ കാര്യങ്ങളിലും എനിക്ക് പരിപൂര്‍ണ പിന്തുണ നല്‍കി ഒപ്പമുണ്ട്.

എന്താണ് കൈരളി ടിഎംടിയുടെ വിജയരഹസ്യം ?

കൂട്ടായ്മയുടെ വിജയമാണ് കൈരളി. കമ്പനിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് കൈരളി ടിഎംടിയിലുള്ള വിശ്വാസവും പ്രധാനമാണ്. അത് ഓരോ വര്‍ഷവും കൂടിവരുന്നതല്ലാതെ, കുറയുന്നില്ല.

പുതുസംരംഭകരോട് താങ്കള്‍ക്ക് പറയാനുള്ളത് ?

ഇന്നത്തെ കാലഘട്ടത്തില്‍ ബിസിനസില്‍ വിജയം കൈവരിക്കുക എന്നത് വളരെ പ്രയാസകരമാണ്. പക്ഷേ, ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് ഏതു വെല്ലുവിളികളെയും നേരിടാന്‍ കഴിയും. ഒരിക്കല്‍ പരാജയം സംഭവിച്ചാല്‍ അതില്‍ നിന്നും പിന്നോട്ടു പോകരുത്, വീണ്ടും കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കണം. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച പാഠങ്ങളിലൊന്നാണിത്. നമ്മുടെ കഴിവ് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക.

Comments

comments