ചെക്ക്ബുക്കുകള്‍ നിരോധിച്ചേക്കുമെന്ന് സൂചന

ചെക്ക്ബുക്കുകള്‍ നിരോധിച്ചേക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചന. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിത്. ‘ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമീപ ഭാവിയില്‍ ചെക്ക് ബുക്ക് സൗകര്യം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നതിന് എല്ലാവിധ സാധ്യതയും കാണുന്നു,’ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറയുന്നു. സിഎഐടിയുടെയും മാസ്റ്റര്‍ കാര്‍ഡിന്റെയും സംയുക്ത സംരംഭമായ ഡിജിറ്റല്‍ രഥിന്റെ ആരംഭത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖണ്ഡേല്‍വാള്‍. പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകളുടെ വ്യത്യസ്ത രീതികള്‍ സ്വീകരിക്കുന്നതിന് വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനുമാണ് ഡിജിറ്റല്‍ രഥ് ലക്ഷ്യമിടുന്നത്.

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിന് 25,000 കോടി രൂപയും അവയുടെ സുരക്ഷയ്ക്കും ലോജിസ്റ്റിക്‌സിനും 6000 കോടി രൂപയും സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. നിലവില്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പേയ്‌മെന്റുകള്‍ക്ക് 1 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ളവയ്ക്ക് 2 ശതമാനവും ചാര്‍ജാണ് ബാങ്കുകള്‍ ഈടാക്കുന്നത്. ബാങ്കുകള്‍ക്ക് നേരിട്ട് സബ്‌സിഡികള്‍ നല്‍കിക്കൊണ്ട് ഈ ചാര്‍ജുകള്‍ ഉപേക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ ബിസിനസ് ഇടപാടുകളും ചെക്ക് ബുക്കുകള്‍ വഴി നടക്കുന്നതിനാല്‍ ചെക്ക് ബുക്കുകളുടെ നിരോധനം പണരഹിത സമ്പദ്‌വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ 95 ശതമാനത്തിലധികം ഇടപാടുകളും ചെക്കു ബുക്കുകളും, പണവും വഴിയാണ് നടക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നേരിട്ടുള്ള പണമിടപാടുകളില്‍ ഇടിവ് വന്നെങ്കിലും ചെക്ക് ബുക്ക് ഇടപാടുകളുടെ ഉപയോഗം വര്‍ധിച്ചു. ഡിജിറ്റല്‍ ഇടപാടുകളില്‍ സമ്മിശ്ര പ്രവണതയാണ് കാണുന്നത്. എങ്കിലും മൊത്തത്തിലുള്ള കറന്‍സിരഹിത പേമെന്റുകള്‍ നോട്ട് അസാധുവാക്കലിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിന്റെ 91 ശതമാനമാണ് നിലവില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യമെന്ന് അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 31 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ 25 ബില്യണ്‍ ഡിജിറ്റല്‍ പേമെന്റുകളെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം.

Comments

comments

Categories: Slider, Top Stories