സിനിമാതാരം തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ് പദവി

സിനിമാതാരം തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ് പദവി

ചെന്നൈ: തമിഴ്‌നാട്ടിലെയും കേരളത്തിലെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുംവേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ.

കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ‘സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ്’ പദവി യുനിസെഫ് കേരളാ, തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള ആഗോള ദിനത്തില്‍ നടത്തിയ പ്രത്യേക ചടങ്ങിലായിരുന്നു പദവി സമര്‍പ്പണം. യുനിസെഫിന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വനിതാ ദക്ഷിണേന്ത്യന്‍ സിനിമാ താരമാണ് തൃഷ. അനീമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികള്‍ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തൃഷ പിന്തുണ നല്‍കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും മുഖ്യ പരിഗണന.

ഒട്ടേറെ ആരാധകരുള്ള തൃഷക്ക് ബാലവാകാശങ്ങളിലേക്ക് എളുപ്പത്തില്‍ ശ്രദ്ധ കൊണ്ടുവരാനാകുമെന്ന് ജോബ് സഖറിയ പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും പൊതുസ്ഥലങ്ങളിലുമുണ്ടാകുന്ന ബാലാവകാശ ലംഘനങ്ങള്‍ താരത്തിന് പൊതുശ്രദ്ധയില്‍ കൊണ്ടുവരാനാകും. കൗമാരക്കാരുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, പെണ്‍കുട്ടിയുടെ പ്രാധാന്യം എന്നീ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് തൃഷ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ് പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് തൃഷ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവ സംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണ്. തമിഴ്‌നാടിനെ പോഷകാഹാരക്കുറവ്, വെളിയിട വിസര്‍ജനം എന്നിവയില്‍ നിന്ന് മുക്തമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും തൃഷ വ്യക്തമാക്കി.

ചടങ്ങില്‍ പങ്കെടുത്ത 50 കുട്ടികളുമായി സംവദിച്ച തൃഷ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ബാലവേലയും ബാലവിവാഹവും അവസാനിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണെന്ന് അവര്‍ പറഞ്ഞു. 18 വയസുവരെയുള്ള എല്ലാ പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടുകയാണെങ്കില്‍ ബാലവിവാഹവും ബാലവേലയും തടയാനാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, കുട്ടികളിലെ പോഷകാഹാരക്കുറവും മാതൃ-ശിശു മരണ നിരക്കും കുറയ്ക്കാനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് സഹായിക്കുമെന്നും തൃഷ പറഞ്ഞു.

കേരളത്തില്‍ മീസില്‍സ്- റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ ബോധവല്‍ക്കരണത്തിന് പിന്തുണ നല്‍കിയ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 60 ല്‍പരം സിനിമകളില്‍ അഭിനയിച്ചു. ആദ്യ മലയാള സിനിമയായ ‘ഹേയ് ജൂഡിന്റെ’ റിലീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ‘വിണ്ണൈ താണ്ടി വരുവായയില്‍’ ചെയ്ത കേരള സ്വദേശിനിയായ പെണ്‍കുട്ടിയുടെ വേഷം ഒട്ടേറെ പ്രേഷക പ്രീതി നേടിയിരുന്നു. വെള്ളാനകളുടെ നാട് പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതില്‍ നായികാ വേഷം തൃഷയുടേതായിരുന്നു.

മികച്ച നടിക്കുള്ള സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്, അഭിയും നാനും എന്ന തമിഴ്ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് സ്‌പെഷല്‍ ജൂറി പുരസ്‌ക്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ചടങ്ങില്‍, തമിഴ്‌നാട് സംസ്ഥാന ബാലാവവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ എം പി നിര്‍മല, യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് സുഗത റോയി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: More