ഇനി ഇവര്‍ കാണും നിറമുള്ള സ്വപ്‌നങ്ങള്‍…

ഇനി ഇവര്‍ കാണും നിറമുള്ള സ്വപ്‌നങ്ങള്‍…

അംഗപരിമിതരായ വ്യക്തികള്‍ ഇനി വിധിയെ പഴിക്കാതെ നിറമുള്ള സ്വപ്നങ്ങള്‍ കാണും. അംഗപരിമിതര്‍ക്കായുള്ള ഏഷ്യയിലെ തന്നെ വ്യത്യസ്തമായ ഒരു കമ്പനി ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന പേരില്‍ യാഥാര്‍ഥ്യമാകുന്നു

ശാരീരികമായ പരിമിതികള്‍ ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും നല്ലൊരു ജീവിതം നയിക്കുന്നതിനും തടസമാകരുത് എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാന്‍ഡിക്രോപ്‌സ് സൊസൈറ്റിക്ക് ഇനി പുതിയ മുഖം. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന സ്ഥാപനം, അംഗപരിമിതരായ ആളുകള്‍ നേതൃത്വം നല്‍കുന്ന ചെറുകിട നിര്‍മാണയൂണിറ്റുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേദിയൊരുക്കും. ഒരു പക്ഷേ ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാകും ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ്.

ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്ന്

സോഷ്യല്‍ മീഡിയ വെറും സമയം കൊല്ലിയാണ് എന്ന പറച്ചിലിന് വിരാമമിട്ടുകൊണ്ടാണ് ഹാന്‍ഡിക്രോപ്‌സ് എന്ന ആശയം രൂപമെടുക്കുന്നത്. അംഗപരിമിതരായ ആളുകളുടെ ഉന്നമത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ലേഖ എസ് കുമാര്‍, പി എ സൂരജ്, നന്ദന്‍ എന്നിവര്‍ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഹാന്‍ഡിക്രോപ്‌സ് എന്ന ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുക, അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനായുള്ള തൊഴില്‍ പരിശീലനം നല്‍കുക എന്നിവയെല്ലാമായിരുന്നു ആദ്യ ലക്ഷ്യങ്ങള്‍.

വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ഭിന്നശേഷിക്കാരായ ആളുകള്‍ സംഘടനയ്ക്ക് കീഴില്‍ ഒത്തുചേര്‍ന്നു. ഏകദേശം ഒരു വര്‍ഷത്തിന് മുന്‍പ് തിരുവനന്തപുരം ജില്ലയില്‍ ഹാന്‍ഡിക്രോപ്‌സിന്റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട്, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലും യൂണിറ്റുകള്‍ തുടങ്ങി. അംഗങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സൊസൈറ്റി എന്ന ആശയത്തിലേക്ക് ചുവടുമാറി. ഇപ്പോള്‍ 14 ജില്ലകളിലായി ഹാന്‍ഡിക്രോപ്‌സ് സൊസൈറ്റിക്ക് കീഴില്‍ ഇരുപതിലേറെ യൂണിറ്റുകള്‍ ഉണ്ട്. അതാത് യൂണിറ്റുകള്‍ തന്നെ ഭാരവാഹികളെ കണ്ടെത്തുകയും, തുടര്‍ന്ന് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഹാന്‍ഡിക്രോപ്‌സ് അവലംഭിച്ചിരിക്കുന്നതെന്ന് സംരംഭത്തിന്റെ ഭാഗമായ പി എ സൂരജ് പറയുന്നു.

ഓഫീസ് സ്റ്റേഷനറി, കോംപ്ലിമെന്ററി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുവാന്‍ സംസ്ഥാനത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തയാറായാല്‍ തന്നെ, വലിയൊരു മാറ്റം ഹാന്‍ഡിക്രോപ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും അംഗങ്ങളുടെ ജീവിതനിലവാരത്തിലും പ്രതീക്ഷിക്കാം

ഭിന്നശേഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, അവര്‍ക്ക് ഉല്‍പ്പാദനത്തിനു വേണ്ട ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക, മികച്ച പരിശീലനം നല്‍കുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി രൂപം കൊണ്ട ഒരു ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് സംരംഭകത്വ മുഖം കൈവരുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് കൂട്ടായ്മയില്‍ അംഗങ്ങളായ രണ്ടായിരത്തില്‍ പരം ആളുകള്‍ക്കാണ്.

പേപ്പര്‍ പേന മുതല്‍ എല്‍ഇഡി ബള്‍ബ് വരെ

ജന്മനാ അംഗപരിമിതരായവും അപകടങ്ങളെ തുടര്‍ന്ന് അംഗഭംഗം സംഭവിച്ചവരും ഹാന്‍ഡിക്രോപ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പേപ്പര്‍ പേന, പേപ്പര്‍ ബാഗുകള്‍, തുണി ചവിട്ടികള്‍, എല്‍ഇഡി ബള്‍ബുകള്‍, ബാത്തിംഗ് സോപ്പ്, ബാര്‍ സോപ്പ്, സോപ്പ് പൊടി, ഫിനോയില്‍, സ്‌കൂള്‍ ബാഗ് എന്നിവയാണ് ഹാന്‍ഡിക്രോപ്‌സിന് കീഴില്‍ പ്രധാനമായും നിര്‍മിക്കുന്നത്.

കോഴിക്കോട്, തിരൂര്‍, തിരുവനന്തപുരം, കടക്കല്‍, ഒറ്റപ്പാലം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തിടെ പരിശീലനക്ലാസുകള്‍ നടത്തിയിരുന്നു. ഡിസംബര്‍ 23-ന് തൃശൂര്‍ ജില്ലയിലെ ഒല്ലൂരിലാണ് അടുത്ത പരിശീലന ക്ലാസ്.

ഫേസ്ബുക്ക് കൂട്ടായ്മ വഴിതന്നെ മികച്ച രീതിയിലുള്ള വിപണി ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പേപ്പര്‍ പേന നിര്‍മാണയൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ, ഇതിനോടകം പതിനായിരത്തിനടുത്ത് പേനകള്‍ വിറ്റു കഴിഞ്ഞു. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുമുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണ ലഭിക്കുന്ന പക്ഷം, ഹാന്‍ഡിക്രോപ്‌സ് നിര്‍മാണ യൂണിറ്റുകള്‍ക്ക് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന കമ്പനി യാഥാര്‍ഥ്യമാകുന്നതോടെ, കൂടുതല്‍ മികച്ച തലത്തിലേക്ക് സാമൂഹികമായും സാമ്പത്തികമായും അംഗങ്ങളെ ഉയര്‍ത്താനാകും-സൂരജ് ഫ്യൂച്ചര്‍ കേരളയോട് പറയുന്നു.

പി എ സൂരജ്

തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഹാന്‍ഡിക്രോപ്‌സ് സ്വയം സഹായ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ക്ക് കീഴില്‍ മറ്റുജില്ലകളിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായുള്ള ഏഷ്യയിലെ തന്നെ ആദ്യ കമ്പനിയായിരിക്കും ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് താമസിച്ചു ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുക, വീട്ടിലിരുന്ന് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അവ വിപണിയിലെത്തിക്കാനുള്ള സാഹചര്യ ഒരുക്കുക എന്നതെല്ലാം സംരംഭം ലക്ഷ്യമിടുന്നു.

14 ജില്ലകളിലായി ഹാന്‍ഡിക്രോപ്‌സ് സൊസൈറ്റിക്ക് കീഴില്‍ ഇരുപതിലേറെ യൂണിറ്റുകള്‍ ഉണ്ട്. അതാത് യൂണിറ്റുകള്‍ തന്നെ ഭാരവാഹികളെ കണ്ടെത്തുകയും, യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന രീതിയാണ് സംരംഭം അവലംഭിച്ചിരിക്കുന്നത്

ഉല്‍പ്പന്ന നിര്‍മാണം പഠിക്കേണ്ടവര്‍ക്ക് വന്നു താമസിച്ച് പഠിച്ചു പോകാന്‍ കമ്പനി സൗകര്യമൊരുക്കും. കുട, പേപ്പര്‍ ബാഗ്, എല്‍ഇഡി ബള്‍ബ്്, മുള ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കളുടെ നിര്‍മാണം എന്നിവയ്ക്കുള്ള പരിശീലനം ഇവിടെ നല്‍കും. ഹാന്‍ഡിക്രോപ്‌സ് സ്വയം സഹായ സംഘങ്ങള്‍ക്ക് ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ മെറ്റീരിയല്‍ സൗജന്യമായി നല്‍കും. മെറ്റീരിയല്‍ കമ്പനി എത്തിക്കുകയും ഉല്‍പന്നങ്ങള്‍ സംഘത്തില്‍ നിന്നും തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഇവര്‍ക്കുള്ള വേതനം യൂണിറ്റ് അടിസ്ഥാനമാക്കി കമ്പനി നല്‍കും.

അംഗങ്ങളായ മറ്റു വ്യക്തികള്‍ക്കും കമ്പനി എക്കൗണ്ടില്‍ പണം അടച്ച് കുറഞ്ഞ നിരക്കില്‍ മെറ്റീരിയല്‍ വാങ്ങാം. ഉല്‍പ്പന്നങ്ങള്‍ സംഘത്തില്‍ എത്തിച്ചാല്‍ കമ്പനി വേതനം നല്‍കി തിരിച്ചെടുക്കും. ഇതിനു പുറമെ ഉല്‍പ്പന്നങ്ങള്‍ സംഘങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിറ്റും ലാഭമുണ്ടാക്കാം. മെറ്റീരിയലിന്റെ പണം മാത്രം കമ്പനിക്ക് തിരികെ നല്‍കിയാല്‍ മതിയാകും.

കുറഞ്ഞ നിരക്കില്‍ ഉപകരണങ്ങള്‍

അംഗങ്ങള്‍ക്കായി കമ്പനി ഫോള്‍ഡബിള്‍ വീല്‍ചെയര്‍, മോട്ടോര്‍ വീല്‍ ചെയര്‍, ക്രച്ചസ് എന്നിവ വിപണി വിലയേക്കാള്‍ 15-25% കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സൊസൈറ്റിയില്‍ അംഗമായവര്‍ക്ക് തവണ വ്യവസ്ഥയില്‍ സംഘങ്ങളില്‍ നിന്നും ഇത് വാങ്ങാവുന്നതാണ്.

10,000 രൂപ മുടക്കിയാല്‍ ആര്‍ക്കും കമ്പനിയുടെ പാര്‍ട്ണര്‍ ആകാം. തല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ തുക നിക്ഷേപിക്കാം. 1000 രൂപയാണ് ഓഹരി മുഖവില. എത്ര ഓഹരികള്‍ വേണമെങ്കിലും എടുക്കാം. അഞ്ചു വര്‍ഷം കഴിഞ്ഞ് ആവശ്യമെങ്കില്‍ ലാഭവിഹിതം സഹിതം പണം തിരിച്ചെടുക്കാം. അല്ലെങ്കില്‍ തുടര്‍ന്നും കമ്പനിയുടെ ഭാഗമാകാം. കമ്പനി നയിക്കുന്നത് ഭിന്നശേഷിക്കാര്‍ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത-സൂരജ് പറയുന്നു.

ഓഫീസ് സ്റ്റേഷനറി, കോംപ്ലിമെന്ററി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുവാന്‍ സംസ്ഥാനത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തയാറായാല്‍ തന്നെ, വലിയൊരു മാറ്റം ഹാന്‍ഡിക്രോപ്‌സിന്റെ പ്രവര്‍ത്തനങ്ങളിലും അംഗങ്ങളുടെ ജീവിതനിലവാരത്തിലും പ്രതീക്ഷിക്കാം.

Comments

comments

Categories: FK Special