ആധുനിക ലോകത്തെ നിര്‍വചിച്ച ഡിസൈനുകള്‍

ആധുനിക ലോകത്തെ നിര്‍വചിച്ച ഡിസൈനുകള്‍

നല്ല ഡിസൈനുകളാണു നല്ല ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത്. നമ്മള്‍ ജീവിതം എങ്ങനെയാണു നയിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള ശക്തി പോലും ഡിസൈനുണ്ട്. ടെക്‌നോളജിയിലായാലും ഓട്ടോമൊബീലിന്റെ കാര്യത്തിലായാലും ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യമെടുത്താലും ഡിസൈനുകള്‍ വഹിക്കുന്ന പങ്ക് എത്രയോ വലുതാണ്.

Ur-Leica (ലെയ്ക കാമറ) 1923 

പേഴ്‌സണല്‍ ആക്‌സസറീസ് എന്നതിനേക്കാള്‍ വ്യാവസായിക ഉപകരണങ്ങള്‍ പോലെ കാമറകളെ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വികൃതമായ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളും, വലുപ്പമുള്ള ട്രൈപോഡുകളും കാമറയ്‌ക്കൊപ്പം കൊണ്ടു നടക്കുമായിരുന്നു.ലെയ്ക കാമറകളുടെ കടന്നുവരവോടെയാണ് ഈ പതിവിനു മാറ്റമുണ്ടായത്. ഓസ്‌കര്‍ ബാര്‍നാക്ക് എന്ന ഫോട്ടോഗ്രാഫറോട് അതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. ജര്‍മന്‍കാരനായ ബാര്‍നാക്ക് ആണ് 35 എംഎം ഫോട്ടോഗ്രാഫിയുടെ പിതാവെന്ന് അറിയപ്പെടുന്നത്.
ഇദ്ദേഹം ഒരു ആസ്മ രോഗിയായിരുന്നു. അതിനാല്‍ വലിയ ഭാരമുള്ള കാമറയും ട്രൈപോഡുകളും ചുമന്നു കൊണ്ടു നടക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം കാമറയുടെ വലുപ്പവും ഭാരവുമൊക്കെ കുറയ്ക്കുന്നതിനെ കുറിച്ചു ചിന്തിച്ചത്. അത്രയും കാലം കാമറയില്‍ ഉപയോഗിച്ചിരുന്ന ഫോട്ടോഗ്രാഫിക് പ്ലേറ്റുകള്‍ക്കു പകരം ഫിലിം സ്ട്രിപ്പ് ഉപയോഗിക്കാന്‍ ബാര്‍നാക്ക് തീരുമാനിച്ചു. പരസ്പരം മാറ്റാവുന്ന ലെന്‍സുകള്‍ ലെയ്ക കാമറയില്‍ ഉപയോഗിക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം നടത്തിയ പരീക്ഷണം വിജയിക്കുകയും ആധുനിക ഫോട്ടോ ജേണലിസത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.1914-ലാണു ജര്‍മന്‍ കമ്പനിയായ ലെയ്ക കാമറ എജി എന്ന സ്ഥാപനം ഏണസ്റ്റ് ലെയ്റ്റ്‌സ് ആരംഭിച്ചത്. ഒപ്റ്റിക്‌സ്, ഹൈ എന്‍ഡ് കാമറകള്‍ എന്നിവയാണു കമ്പനി നിര്‍മിച്ചിരുന്നത്. ലെയ്റ്റ്‌സിന്റെ ആദ്യ മൂന്ന് അക്ഷരങ്ങളും(lei) കാമറയുടെ ആദ്യ രണ്ട് അക്ഷരങ്ങളും(ca) ചേര്‍ന്നാണ് ലെയ്ക എന്ന പേര് രൂപപ്പെട്ടത്.

സോണി വാക്ക്മാന്‍ (1979)

ജപ്പാന്റെ കിറുക്കന്‍ ചിന്തകള്‍ക്കൊടുവില്‍ രൂപമെടുത്ത ശ്രേഷ്ഠമായ സൃഷ്ടിയാണു സോണി വാക്ക്മാന്‍. ഒരിക്കലും റെക്കോഡ് ചെയ്യാത്ത ടേപ്പ് റെക്കോര്‍ഡര്‍ കൂടിയാണു സോണി വാക്ക്മാന്‍. വാക്ക്മാന്‍ എന്നത് സോണിയുടെ ബ്രാന്‍ഡ് ട്രേഡ് നെയ്മാണ്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, കൈയ്യില്‍ കൊണ്ടു നടക്കാവുന്ന പോര്‍ട്ടബിള്‍ ഓഡിയോ പ്ലെയേഴ്‌സ് എന്നു വിളിക്കാം വാക്ക്മാനെ. 1979-ലാണ് ഇതു പുറത്തിറക്കിയത്. സംഗീതം ശ്രവിക്കുന്ന ശീലത്തെ മാറ്റിമറിക്കുന്നതില്‍ വാക്ക്മാന്‍ വഹിച്ച പങ്ക് ചെറുതല്ല. വലുപ്പമുള്ള ടേപ്പ് റെക്കോര്‍ഡറുകളും വിനൈല്‍ റെക്കോര്‍ഡ് പ്ലെയറുകളും അടക്കി ഭരിച്ചിരുന്ന കാലത്ത്, കൈയ്യില്‍ കൊണ്ടുനടക്കാവുന്ന വാക്ക്മാന്‍ ലോകത്തിനു കൗതുകം തന്നെയായിരുന്നു. 1979-ല്‍ വാക്ക്മാന്‍ വിപണിയില്‍ പുതിയ ഉല്‍പന്നമായി അവതരിപ്പിക്കുമ്പോള്‍ അതു വിജയിക്കാന്‍ സാധ്യതയില്ലെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സോണിയുടെ സഹസ്ഥാപകനും ദീര്‍ഘദര്‍ശിയുമായിരുന്ന അകിയോ മോറിതയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു വാക്ക്മാന്‍ തരംഗമാകുമെന്ന്. അദ്ദേഹം പ്രതീക്ഷിച്ച പോലെ തന്നെ 33 കോടി യൂണിറ്റുകള്‍ വില്‍പന നടത്തിക്കൊണ്ടു വാക്ക്മാന്‍ ചരിത്രം സൃഷ്ടിച്ചു.

ഡ്യുറാലെക്‌സ് പിക്കാര്‍ഡി ഗ്ലാസ് (1927)

സാധാരണ കാര്യം അസാധാരണ മികവോടെ ചെയ്യുന്നതില്‍ ഫ്രഞ്ചുകാര്‍ വളരെ മിടുക്കരാണ്. ഡ്യുറാലെക്‌സ് പിക്കാര്‍ഡി കഫേ ഗ്ലാസ് എല്ലാ അര്‍ഥത്തിലും തകര്‍ക്കാനാവാത്തതാണ്. അതിന്റെ കാഠിന്യമേറിയ ചില്ല് ദൃഢതയുള്ളതാണ്.1927 -ല്‍ ആധുനികതയുടെ ഉയരത്തിലേക്കു പിക്കാര്‍ഡി എത്തിയിരുന്നുവെങ്കിലും അതിന്റെ ഡിസൈന്‍ 18-ാം നൂറ്റാണ്ടിലെ കുടിക്കുന്ന ഗ്ലാസുകളുടേതിനു സമാനമായിരുന്നു.

 

ഓസ്റ്റിന്‍ എഫ്എക്‌സ് 4 ടാക്‌സി-1958 (Austin FX4 taxi)

ലണ്ടനില്‍ കുതിരകള്‍ കെട്ടിവലിക്കുന്ന ടാക്‌സികള്‍ ആദ്യമായി കാണപ്പെട്ടത് 17-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ്. 1947 വരെ കുതിര കെട്ടിവലിച്ചിരുന്ന ടാക്‌സികള്‍ ഉണ്ടായിരുന്നു. 1947 കഴിഞ്ഞ് 11 വര്‍ഷങ്ങള്‍ പിന്നിട്ട് 1958-ല്‍ ഓസ്റ്റിന്‍ മോട്ടോര്‍ കമ്പനി എന്ന ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍, കുതിരകളുടെ സഹായമില്ലാതെ ഓടുന്ന FX4 ടാക്‌സി പുറത്തിറക്കി. ഡിസൈനര്‍ എറിക് ബെയ്‌ലിയായിരുന്നു. വാഹന നിര്‍മാണത്തിലെ അതുല്യ സൃഷ്ടി അഥവാ മാസ്റ്റര്‍പീസെന്നു വിളിക്കുന്ന തരത്തിലുള്ളതായിരുന്നു ഇതിന്റെ ഡിസൈന്‍. 15 അടി നീളമുള്ള കാറില്‍ അഞ്ച് യാത്രക്കാരെയും ഒരു ഡ്രൈവറെയും, ലഗേജുകളെയും ഉള്‍ക്കൊള്ളിക്കാനാകുമായിരുന്നു.

മിനി കാര്‍ (1959)

1959-ല്‍ ഇംഗ്ലീഷ് കമ്പനിയായ ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ (ബിഎംസി) നിര്‍മിച്ച ചെറു കാര്‍ ആണ് മിനി. ഇത് സ്‌മോള്‍ എക്കോണമി കാര്‍ ആയിരുന്നു. ഇന്ധനക്ഷമത കുറഞ്ഞ കാറെന്ന ആശയം ഈ മോഡലിലൂടെയാണു സാക്ഷാത്കരിച്ചത്.

ഓട്ടോമൊബീല്‍ രംഗത്തെ അത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കാറിന്റെ ഡിസൈന്‍ നിരവധി തലമുറയിലെ കാര്‍ നിര്‍മാതാക്കളെ പില്‍ക്കാലത്തു സ്വാധീനിക്കുകയുണ്ടായി. 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച രണ്ടാമത്തെ കാറെന്ന ബഹുമതിക്ക് 1999-ല്‍ മിനി കാര്‍ അര്‍ഹമായി.
മിനി കാര്‍ ബിഎംസിക്കു വേണ്ടി ഡിസൈന്‍ ചെയ്തത് സര്‍ അലക് ഇസിഗോണിസാണ്. ഇദ്ദേഹം തന്നെയായിരുന്നു മോറിസ് മൈനര്‍ കാറും രൂപകല്‍പന ചെയ്തിരുന്നത്. രണ്ട് ഡോറുകളുള്ള മിനി കാറിന്റെ ചക്രങ്ങളുടെ വ്യാസം വെറും പത്ത് ഇഞ്ചുകള്‍ മാത്രമായിരുന്നു. സസ്‌പെന്‍ഷന്‍ റബറിന്റേതും. എന്‍ജിനു താഴെയായിരുന്നു ഗിയര്‍ബോക്‌സ് ഘടിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലോംഗ്ബ്രിഡ്ജിലെയും കൗവ്‌ലിയിലെയും പ്ലാന്റുകളിലാണു കാര്‍ നിര്‍മിച്ചത്.

ഐ ഫോണ്‍ (2007)

1970-കളില്‍ ഫോണുകളും കമ്പ്യൂട്ടറും ഏകോപിപ്പിക്കുകയെന്നതിനെ കുറിച്ച് റിച്ച്

 

ചിന്തിച്ചിരുന്നു. എന്നാല്‍ സ്റ്റീവ് ജോബ്‌സ് കണ്ടുപിടിക്കുന്നതു വരെ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരുന്നില്ല. 2007ല്‍ പുറത്തിറങ്ങിയ ഐ ഫോണ്‍ നമ്മള്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതിയെ മാറ്റി മറിച്ചു. 21-ാം നൂറ്റാണ്ടില്‍ ടെക്‌നോളജി രംഗം സാക്ഷ്യം വഹിച്ച മികച്ച ഇന്നൊവേഷനാണു ഐ ഫോണ്‍. പക്ഷേ ഐ ഫോണിന്റെ ഡിസൈന്‍ ഇത്രമേല്‍ ജനകീയവും പ്രശസ്തവുമാക്കിയതിനു പിന്നില്‍ ഒരു വ്യക്തിയുണ്ട്. അത് ജൊനാഥന്‍ ഐവ് എന്ന ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ്. ഇപ്പോള്‍ ഇദ്ദേഹം ആപ്പിള്‍ കമ്പനിയില്‍ ചീഫ് ഡിസൈന്‍ ഓഫീസറായി ജോലി ചെയ്യുന്നു. ലണ്ടനിലെ ഒരു ഡിസൈന്‍ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണു അന്ന് നിലനില്‍പ്പിനായി പോരാട്ടം നടത്തിക്കൊണ്ടിരുന്ന ആപ്പിള്‍ കമ്പനിയില്‍നിന്നും സ്റ്റീവ് ജോബ്‌സ് ജൊനാഥനെ വിളിക്കുന്നത്. വെള്ളിപ്പണിക്കാരനായ പിതാവില്‍നിന്നും ക്രാഫ്റ്റ് ടെക്‌നിക്കുകള്‍ ജൊനാഥന്‍ സ്വായത്തമാക്കിയിരുന്നു. ഇതു ഐ ഫോണിന്റെ രൂപകല്‍പനയില്‍ ഒട്ടേറെ സഹായകരമാവുകയും ചെയ്തു.

Comments

comments

Categories: FK Special, Slider