വടക്കേ അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നാലിരട്ടിയായി

വടക്കേ അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നാലിരട്ടിയായി

അന്തരീക്ഷ മലിനീകരണം ഏറെയുണ്ടാക്കുന്ന പെട്രോളിയം കോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം കല്‍ക്കരി ഇറക്കുമതിയുടെ തോത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ

ന്യൂഡെല്‍ഹി: വടക്കേ അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി ഒക്‌റ്റോബറില്‍ നാലിരട്ടി വര്‍ധിച്ചെന്ന് കണക്കുകള്‍. ആഭ്യന്തര തലത്തിലെ ദൗര്‍ലഭ്യമാണ് കല്‍ക്കരി ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ത്തിയതെന്ന് തോംസണ്‍ റോയിറ്റേഴ്‌സ് വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണം ഏറെയുണ്ടാക്കുന്ന പെട്രോളിയം കോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം കല്‍ക്കരി ഇറക്കുമതിയുടെ തോത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

മുന്‍ വര്‍ഷവുമായി തട്ടിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി കഴിഞ്ഞമാസം 2.1 മില്ല്യണ്‍ ടണ്ണിലേക്കാണ് ഉയര്‍ന്നത്. 2015 ജനുവരിക്കുശേഷമുള്ള ഏറ്റവും കൂടിയ നിരക്കും ഇതു തന്നെ. നവംബര്‍ ഒന്ന് മുതല്‍ 20 വരെ വടക്കേ അമേരിക്കയില്‍ നിന്ന് 1.5 ദശലക്ഷം ടണ്‍ കല്‍ക്കരി ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്- തോംസണ്‍ റോയിറ്റേഴ്‌സ് വ്യക്തമാക്കി.

തീവ്ര ജ്വലന സ്വഭാവമുള്ള പെട്രോളിയം കോക്ക് പുകമഞ്ഞിനു കാരണമാകുന്നുവെന്നതിനാല്‍ ഡെല്‍ഹി എന്‍സിആറി (നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍)നു ചുറ്റുമുള്ള ചില സംസ്ഥാനങ്ങള്‍ അതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പെറ്റ്‌കോക്കിന്റെ ഉപയോഗം രാജ്യവ്യാപകമായി നിരോധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ പെറ്റ്‌കോക്കിന്റെ ബദല്‍ ഇന്ധനമായ കല്‍ക്കരിയുടെ ഇറക്കുമതി ഇനിയും വര്‍ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സിമന്റ് കമ്പനികള്‍ പെട്രോളിയം കോക്കിന്റെ ബദലാണ് അന്വേഷിക്കുന്നത്. കമ്പനികളെല്ലാം അമേരിക്കന്‍ കല്‍ക്കരിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിലാണെന്ന് ഒരു പ്രമുഖ ഇന്ത്യന്‍ സിമന്റ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ആവശ്യകത ഉയരുന്നതിനനുസരിച്ച് കല്‍ക്കരി വിലയും വര്‍ധിച്ചുകഴിഞ്ഞു. ന്യൂഡെല്‍ഹിയിലെ ഓണ്‍ലൈന്‍ കല്‍ക്കരി വില്‍പ്പന കേന്ദ്രമായ കോള്‍ ശാസ്ത്രയില്‍ ഒരു ടണ്‍ യുഎസ് കല്‍ക്കരിക്ക് ഇപ്പോള്‍ 8200-8300 രൂപ (126-128 ഡോളര്‍)യാണ് വില. രണ്ടാഴ്ച മുന്‍പത്തെ 7100-7200 രൂപ എന്ന നിലയില്‍ നിന്നാണ് ഈ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് കോള്‍ ശാസ്ത്രയുടെ സ്ഥാപകന്‍ പനീത് ഗുപ്ത പറഞ്ഞു.

Comments

comments

Categories: Business & Economy