ഇന്ത്യയില്‍ നിന്നും 800 ജിവനക്കാരെ നിയമിക്കാനൊരുങ്ങി ബോയിംഗ്

ഇന്ത്യയില്‍ നിന്നും 800 ജിവനക്കാരെ നിയമിക്കാനൊരുങ്ങി ബോയിംഗ്

പാര്‍ട്ണര്‍ കമ്പനികളും ബോയിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ നിയമനങ്ങള്‍ നടത്തും

ബെഗളൂരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 800ഓളം ജീവനക്കാരെ നിയമിക്കാന്‍ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ് പദ്ധതിയിടുന്നു. രാജ്യത്തെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

പ്രധാന വിഭാഗങ്ങളിലേക്കുള്ള എന്‍ജിനീയര്‍മാര്‍ മുതല്‍ ഫ്രണ്ട്‌ലൈന്‍ ഫാക്റ്ററി വര്‍ക്കര്‍മാരെ വരെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട്് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. ഹ്യൂമണ്‍ റിസോഴ്‌സസ് വിഭാഗത്തിലേക്കും ഇന്ത്യയില്‍ നിന്നു ജീവനക്കാരെ കണ്ടെത്തുമെന്ന് ബോയിംഗ് പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ ബോയിംഗിന് 1,200 നേരിട്ടുള്ള ജീവനക്കാരാണ് ഇന്ത്യയില്‍ നിന്നുള്ളത്. രാജ്യത്തെ പാര്‍ട്ണര്‍ കമ്പനികളില്‍ നിന്നുമായി 7,000 പേരും ബോയിംഗിനു വേണ്ടി ജോലി ചെയ്യുന്നുണ്ട്. അതേസമയം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലുള്ള ഡയറക്റ്റ് ജീവനക്കാരുടെ എണ്ണം 1,500ലെത്തുമെന്നാണ് ബോയിംഗ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പാര്‍ട്ണര്‍ കമ്പനികളും

തങ്ങളുടെ പദ്ധതികള്‍ക്കു വേണ്ടി കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നാണ് ബോയിംഗ് പറയുന്നത്.
ലോകവ്യാപകമായി 1,44,000 ജീവനക്കാരാണ് ബോയിംഗിനുള്ളത്. കൂടുതല്‍ ജീവനക്കാരെ ഇന്ത്യയില്‍ നിന്നും കൂട്ടിച്ചേര്‍ക്കാനാണ് ബോയിംഗ് ആഗ്രഹിക്കുന്നതെന്ന് ബോയിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹെയ്ദി കപോസി പറഞ്ഞു. യുഎസിനു പുറത്ത് 25 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ബോയിംഗ് ലക്ഷ്യമിടുന്നത്. കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും കപോസി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് മികച്ച വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്തുക പ്രയാസകരമാകില്ലെന്നും ബെഗളൂരുവില്‍ മാത്രം 10,000ഓളം എയ്‌റോസ്‌പേസ് എന്‍ജിനീയര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ തന്നെ എല്ലാ വ്യോമയാന വ്യവസായം അതീവ പ്രാധാന്യത്തോടെ നോക്കികാണുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ബോയിംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രത്യുഷ് കുമാറും വ്യക്തമാക്കി. 2025ഓടെ ലോകത്തിലെ മൂന്നാമത്ത വലിയ വ്യോമയാന വിപണയാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഒക്‌റ്റോബറില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2036ഓടെ ഇന്ത്യക്ക് ഏകദേശം 478 മില്യണ്‍ വിമാനയാത്രികരുണ്ടാകുമെന്നും ഐഎടിഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ജപ്പാന്റെയും (225 മില്യണ്‍), ജര്‍മനിയുടെയും (200 മില്യണ്‍) വിമാന യാത്രികരുടെ എണ്ണത്തേക്കാള്‍ അധികമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Comments

comments

Categories: More