12%, 18% ജിഎസ്ടി സ്ലാബുകള്‍ സംയോജിപ്പിച്ചേക്കും: അരവിന്ദ് സുബ്രഹ്മണ്യന്‍

12%, 18% ജിഎസ്ടി സ്ലാബുകള്‍ സംയോജിപ്പിച്ചേക്കും: അരവിന്ദ് സുബ്രഹ്മണ്യന്‍

ഏക ജിഎസ്ടി എന്ന തലത്തിലേക്ക് ഇന്ത്യ ഒരിക്കലും നീങ്ങാനിടയില്ല

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിക്കു കീഴില്‍ വരുന്ന 12 ശതമാനം, 18 ശതമാനം നികുതി സ്ലാബുകള്‍ സമീപ ഭാവിയില്‍ സംയോജിപ്പിച്ച് പുതിയൊരു നികുതി നിരക്ക് അവതരിപ്പിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. സിഗററ്റ്, പുകയില തുടങ്ങിയ ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമായി 28 ശതമാനം നിരക്ക് പരിമിതപ്പെടുത്തുമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

എന്നാല്‍, ഏക ജിഎസ്ടി എന്ന തലത്തിലേക്ക് ഇന്ത്യ ഒരിക്കലും നീങ്ങാനിടയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. സാധാരണക്കാരുടെ നിരക്കായി 0-5 ശതമാനം, മുഖ്യ നിരക്കായി 12നും 18നും ഇടയിലെ ഒരു നിരക്ക് , ആരോഗ്യത്തിന് ഹാനികരമായതോ ആഢംബരമെന്ന് കണക്കാക്കപ്പെടുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ക്കായി 28 ശതമാനം നിരക്ക് എന്നിങ്ങനെയാകും ഇന്ത്യയിലെ ജിഎസ്ടി സമ്പ്രദായത്തില്‍ നിരക്കുകള്‍ ക്രമീകരിക്കപ്പെടുകയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നത്. 12 ശതമാനം 18 ശതമാനം നിരക്കുകള്‍ ഭാവിയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന സൂചനകള്‍ മുന്‍പും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ 28 ശതമാനം നികുതിയില്‍ തുടരുന്ന സിമെന്റ്, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് (വൈറ്റ് ഗുഡ്‌സ്) എന്നിവ ഡീമെറിറ്റഡ് ഉല്‍പ്പന്നങ്ങളല്ല. ഇവയെ ആഡംബര വസ്തുക്കളുടെ നിരക്കില്‍ നിന്നും ഒഴിവാക്കുന്നതില്‍ സര്‍ക്കാര്‍ വേഗത കൂട്ടാത്തത് വരുമാന നഷ്ടം പരിഗണിച്ചാണെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ നല്‍കുന്ന വിശദീകരണം. ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ മൊത്തം സാമ്പത്തിക സാഹചര്യം പരിശോധിക്കുന്നതിനുള്ള നടപടികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി ഘടന ശരിയായ ദിശയിലാണെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ നിരീക്ഷണം. 28 ശതമാനം നികുതി സ്ലാബിനെ താന്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും പരിവര്‍ത്തനപരമായ ചില വെല്ലുവിളികള്‍ ഇത് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ മിക്കതും ഉള്‍പ്പെട്ടിട്ടുള്ള 0-5 ശതമാനം സാധാരണക്കാര്‍ക്കുമേലുള്ള നികുതി ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്നും സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories