ആലപ്പുഴയിലെ ടൂറിസം കലാമിറ്റി

ആലപ്പുഴയിലെ ടൂറിസം കലാമിറ്റി

കായല്‍ ടൂറിസം മേഖലയുടെ ദുരന്തമുഖം അനാവരണം ചെയ്യുന്ന ടൂറിസം കലാമിറ്റി എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ അനി മങ്ക് ടൂറിസവും പരിസ്ഥിതിയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എഴുതുന്നു

നാടിന്റെ ടൂറിസം സാധ്യതയെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ അധികാരകേന്ദ്രങ്ങള്‍ക്കുള്ള അജ്ഞതയുടെ ചിത്രമാണ് ആലപ്പുഴ നല്‍കുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കുട്ടനാടിന്റെ വാതായനങ്ങള്‍ ടൂ റിസത്തിനായി തുറന്നു കൊടുക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി സംരക്ഷണത്തിനുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ ബാധ്യസ്ഥരായവര്‍ കാണിച്ച അലംഭാവത്തിന് നല്‍കേണ്ടിവരുന്ന വില എത്ര വലുതാണെന്ന് ആലപ്പുഴയുടെ കായല്‍ തീരങ്ങള്‍ കാണിച്ചു തരും. ആലപ്പുഴയിലെ കായല്‍ മലിനീകരണം ടൂറിസം മേഖല നേരിടുന്ന വലിയ വെല്ലുവിളിയായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. പ്രായോഗിക തലത്തില്‍ ഇതിനെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നത് ഓരോ ദിവസം ചെല്ലുന്തോറും പ്രശ്‌നം വഷളാക്കുകയാണ്.

പുറമേക്ക് ആലപ്പുഴയില്‍ എല്ലാം സുന്ദരമാണ്. പ്രകൃതി ഒരുക്കുന്ന രമണീയമായ ഈ കാഴ്ചക്കുള്ളിലേക്ക് കടന്നു ചെന്നാല്‍ കാണാന്‍ സാധിക്കുന്നത് അങ്ങേയറ്റം സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ്. ആലപ്പുഴയെ ആലപ്പുഴയാക്കുന്ന കായല്‍ ഗുരുതരമായ മലിനീകരണത്തിന്റെ പിടിയിലാണ്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും രാസവളവും കായലുകളിലേക്കാണ് ഒഴുകിയെത്തുന്നത്. പലയിടത്തും കക്കൂസുകള്‍ തുറന്നുവെച്ചിരിക്കുന്നത് കായലുകളിലേക്കാണ്. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ കായലില്‍ നിര്‍ബാധം തള്ളിക്കൊണ്ടിരിക്കുന്നു. കായലിന്റെ അടിത്തട്ടിലാകട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കൂടിക്കിടക്കുകയാണ് ഹൗസ് ബോട്ടുകളില്‍ നന്ന് പ്ലാസ്റ്റക് കുപ്പികള്‍, കവറുകള്‍, ബിയറിന്റെ കുപ്പികള്‍ മുതല്‍ ഗര്‍ഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുമെല്ലാം വലിച്ചെറിയുന്നത് കായലിലേക്കാണ്. വര്‍ഷങ്ങളോളം അധ്വാനിച്ചാലും കോരിമാറ്റാന്‍ സാധിക്കാത്ത വിധത്തില്‍ കായലിന്റെ അടിത്തട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഹൗസ് ബോട്ട് എഞ്ചിനുകളില്‍നിന്ന് വരുന്ന എണ്ണ കായല്‍പരപ്പില്‍ പടരുന്നതും കായലിനെ മലിനപ്പെടുത്തുകയാണ്. ഹൗസ് ബോട്ടുകള്‍ക്കായി രൂപകല്‍പന ചെയ്ത എഞ്ചിനല്ല പല ഹൗസ് ബോട്ടുകളും ഉപയോഗിക്കുന്നത്. പഴയ ലോറികളുടെയോ ബസുകളുടെയോ കാറുകളുടെയോ എഞ്ചിനുകള്‍ ഒരു മാറ്റവും വരുത്താതെ നേരിട്ട് ഉപയോഗിക്കുകയാണ്. പായ്ക്കിംഗ് ഇല്ലാത്തതിനാല്‍ എഞ്ചിനില്‍ നിന്നുള്ള എണ്ണ കായല്‍ പരപ്പിലേക്ക് പടരുന്നു. എഞ്ചിന്‍ഓയിലല്ല, മറ്റ് എഞ്ചിനുകളില്‍ ഉപയോഗിച്ച കരി ഓയിലാണ് ഇത്തരം ബോട്ടുകളില്‍ ഉപയോഗിക്കുന്നത്.

ആലപ്പുഴക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ പലതും പരാജയമായിരുന്നു. അമ്പതുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ തോട്ടപ്പിള്ളി സ്പില്‍വേയും എഴുപത്തഞ്ചോടെ പൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടും കുട്ടനാടിന് വരുത്തിവെച്ച നാശങ്ങളിലൊന്നാണ്. ശാപം എന്ന വാക്ക് ഡോ. എം എസ് സ്വാമിനാഥന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ആവാസ വ്യവസ്ഥ തകിടം മറിഞ്ഞതോടെ മത്സ്യങ്ങള്‍ പലതും കുട്ടനാടന്‍ കായലുകളില്‍ നിന്ന് അപ്രത്യക്ഷമായി. 121 ഇനം മത്സ്യങ്ങളില്‍ 51 ഇനങ്ങളെ കാണാനില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിഷബാംബ് സ്‌ഫോടനമുണ്ടാകുന്ന സ്ഥലങ്ങൡ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതു പോലെ ജലാശയങ്ങള്‍ വിഷമയമാകുമ്പോള്‍ ഇതര ജീവജാലങ്ങള്‍ക്കും ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങള്‍ മുട്ട വിരിഞ്ഞുവരുന്നതിന് മുമ്പേ നശിച്ചുപോകുന്ന തരത്തില്‍ ഭീകരമായ വിഷാംശം ആലപ്പുഴയിലെ പലമേഖലകളിലുമുണ്ട്.

കായലിന്റെ പലഭാഗത്തും കുളിക്കാനിറങ്ങിയാല്‍ ശരീരം ചൊറിഞ്ഞു തടിക്കും. അടുത്തിടെ ഇത്തരം അസുഖങ്ങള്‍ പിടിപെട്ടതിനെ തുടര്‍ന്ന് ബംഗാളികള്‍ ഇവിടെ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞുപോയി. രോഗാണുക്കളുടെ ആവസകേന്ദ്രങ്ങളാണ് ചില മേഖലകള്‍. രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന ജില്ലയായി ആലപ്പുഴ മാറിയിട്ടുണ്ട്. പുതിയതരം പനികളും രോഗങ്ങും ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ആലപ്പുഴയിലാണ്. ആലപ്പുഴയുടെ പലഭാഗത്തും ക്യാന്‍സര്‍ പടരുന്നുവെന്നാണ് ആര്‍ സി സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൈനകരിയിലാണ് കാന്‍സറിന്റെ തോത് കൂടുതലുള്ളത്. ശ്വാസകോശ ക്യാന്‍സറാണ് കൂടുതലായും കാണപ്പെടുന്നത്.

വിദേശ വിനോദസഞ്ചാരികളും ആലപ്പുഴില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പുഴയില്‍ വരുന്നതിനായി ബുക്ക് ചെയ്ത 50 ശതമാനം വിനോദ സഞ്ചാരികള്‍ എത്തിയില്ല. ഹൗസ് ബോട്ടുകള്‍ സെക്‌സ് ടൂറിസത്തിനാണ് കുപ്രസിദ്ധിയാര്‍ജിച്ചുകൊണ്ടിരിക്കുന്നത്. ഇത് തടയുന്നതിനുള്ള ഒരു ഇടപെടലും ആരുടെ ഭാഗത്തു നി്ന്നും ഉണ്ടാകുന്നില്ല.

ലോകത്തെ ഏറ്റവും പ്രകൃതി രമണീയമായ കേന്ദ്രങ്ങളിലൊന്ന് ഏറ്റവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി മാറിയതിന്റെ പ്രധാന കാരണം രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ്. ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനും നിയമവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലില്‍ വലിച്ചെറിയുന്നതും കക്കൂസ് മാലിന്യം കായലില്‍ തള്ളുന്നതും തടയാന്‍ കാര്യക്ഷമമായ ഒരു സംവിധാനവും ഇപ്പോഴില്ല. അതിനായുള്ള ബോധവല്‍ക്കരണവും നടക്കുന്നില്ല. കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനികള്‍ നിര്‍ബാധം ഉപയോഗിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കൃഷിക്കാന്‍ സ്ഥലം പാട്ടത്തിന് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ പലയിടത്തുമുള്ളത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവര്‍ ലാഭത്തില്‍ മാത്രം കണ്ണുവെച്ച് എന്‍ഡോസള്‍ഫാന്‍ പോലുള്ള നിരോധിത കീടനാശിനികള്‍ വരെ കൃഷിയിടങ്ങളില്‍ തളിക്കുന്നുവെന്നാണ് നാട്ടുകാര്‍ തന്നെ പറയുന്നത്. പാടശേഖരങ്ങളില്‍ കീടനാശിനി കമ്പനികള്‍ പുതിയ തരം കീടനാശിനികളുടെ ഫ്‌ളെക്‌സുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ച് പ്രചാരണം നടത്തിക്കൊണ്ടാണ് കൃഷിക്കാരെ ആകര്‍ഷിക്കുന്നത്. കീടനാശിനിയുടെ കെടുതി പേറേണ്ടിവരുവന്നതാകട്ടെ ജലാശയങ്ങളും ജീവജാലങ്ങളുമാണ്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കുട്ടനാടിന്റെ വാതായനങ്ങള്‍ ടൂ റിസത്തിനായി തുറന്നു കൊടുക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി സംരക്ഷണത്തിനുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ ബാധ്യസ്ഥരായവര്‍ കാണിച്ച അലംഭാവത്തിന് നല്‍കേണ്ടിവരുന്ന വില എത്ര വലുതാണെന്ന് ആലപ്പുഴയുടെ കായല്‍ തീരങ്ങള്‍ കാണിച്ചു തരും.

ആലപ്പുഴക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ പലതും പരാജയമായിരുന്നു. അമ്പതുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ തോട്ടപ്പിള്ളി സ്പില്‍വേയും എഴുപത്തഞ്ചോടെ പൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടും കുട്ടനാടിന് വരുത്തിവെച്ച നാശങ്ങളിലൊന്നാണ്. ശാപം എന്ന വാക്ക് ഡോ. എം എസ് സ്വാമിനാഥന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ആലപ്പുഴയുടെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം എന്താണെന്ന് ആരും പറയാറില്ല. ഗവേഷണത്തിന് വേണ്ടി കോടികള്‍ മുടക്കിക്കൊണ്ടിരിക്കുന്നു. കാര്‍ഷികമേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കും കോടികള്‍ മുടക്കുന്നുണ്ട്. കുട്ടനാട് പാക്കേജ് തന്നെ തകര്‍ന്നടിഞ്ഞ കോടികളുടെ വലിയ പാക്കേജാണ്. ഈ പാക്കേജുകള്‍ തകര്‍ന്നടിഞ്ഞിട്ടും ആര്‍ക്കും പ്രശ്‌നവുമില്ല. നാടിനെ നാടിന്റെ സമ്പത്തിനെയും പാരമ്പര്യത്തെയും സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ശക്തവും ദിശാബോധവുമുള്ള സാമൂഹ്യ രാഷട്രീയ ഇടപെടലില്ലെങ്കില്‍ ലോകത്തിന്റെ മുന്‍പിലെ മലയാളത്തിന്റെ അഹങ്കാരമായ കുട്ടനാട് ഓര്‍മ്മയാകും. കൊന്ന് തീര്‍ത്ത പൊന്‍ മുട്ടയിടുന്ന താറാവുകളുടെ ലിസ്റ്റില്‍ അവസാനത്തെ പേരാകാതിരിക്കട്ടെ നമ്മുടെ കുട്ടനാട്.

‘ടൂറിസം കലാമിറ്റി’ പോര്‍ച്ചുഗല്‍  ഫെസ്റ്റിവലിലേക്ക്

ആലപ്പുഴയുടെ പരിസ്ഥിതി വിനാശത്തെക്കുറിച്ച് അനില്‍ മങ്ക് സംവിധാനം ചെയ്ത ‘ടൂറിസം കലാമിറ്റി’ എന്ന ഡോക്യുമെന്ററി പോര്‍ച്ചുഗല്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ അവസാനം നടക്കുന്ന പോര്‍ച്ചുഗല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ബയോഡൈവേഴ്‌സിറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശന വിഭാഗത്തിലേക്കും മത്സര വിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 29ന് തിരുവനന്തപുരം കേസരില്‍ ഹാളില്‍ വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് പ്രദര്‍ശനോദ്ഘാടനം നര്‍വഹിച്ച ‘ടൂറിസം കലാമിറ്റി’ഇതിനകം 13 ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകനായ അബ്ദുള്‍ മജീദ്, മാധ്യമ പ്രവര്‍ത്തകനായ യു ഷൈജു, പ്രൊഫ. ഡോ. ജോണ്‍ മത്തായി, നീന്തല്‍ ചാമ്പ്യന്‍ ടി ഡി ബാബുരാജ്, മത്സ്യത്തൊഴിലാളിയായ സുരേന്ദ്രന്‍ എന്നിവരുടെ വിവരണങ്ങളിലൂടെയാണ് ഡോക്യുമെന്ററി കായല്‍ ദുരന്തത്തിന്റെ കഥ പറയുന്നത്.

കുട്ടനാടന്‍ ജീവിതത്തെ പച്ചയായി അവതരിപ്പിച്ച ‘ഇതുവഴി’, ‘ വെളിച്ചം’ എന്നീ ഡോക്യുമെന്ററികളൂടെ ശ്രദ്ധേയനാണ് കായംകുളം സ്വദേശിയായ അനില്‍ മങ്ക്.

Comments

comments

Categories: FK Special, Slider