ഡിസംബര്‍ മുതല്‍ ബ്ലോക്ക്‌ചെയ്ന്‍ ഉപയോഗിക്കാന്‍ എസ്ബിഐ

ഡിസംബര്‍ മുതല്‍ ബ്ലോക്ക്‌ചെയ്ന്‍ ഉപയോഗിക്കാന്‍ എസ്ബിഐ

22 ഇന്ത്യന്‍ ബാങ്കുകളും മധ്യേഷ്യ ആസ്ഥാനമാക്കിയ അഞ്ച് ബാങ്കുകളും ബ്ലോക്ക് ചെയ്‌നിലെ അംഗങ്ങളാണ്

ബെംഗളൂരു : പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തമാസം മുതല്‍ ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത സ്മാര്‍ട്ട് കോണ്‍ട്രാക്റ്റും നോ യുവര്‍ കസ്റ്റമറും (കെവൈസി) അവതരിപ്പിക്കുമെന്ന് എസ്ബിഐയുടെ ഇന്നൊവേഷന്‍ മേധാവിയായ സുധിന്‍ ബരോകര്‍ പറഞ്ഞു. 27 ബാങ്കുകളുടെ കമ്മ്യുണിറ്റിയായാണ് ബാങ്ക്‌ചെയ്ന്‍ പ്രവര്‍ത്തിക്കുന്നത്.

‘അടുത്ത മാസത്തില്‍ 27 ബാങ്കുകളില്‍ ഉപയോഗിക്കുന്നതിനായി രണ്ട് ബീറ്റ പ്രൊഡക്ഷന്‍ സൊലൂഷനുകള്‍ ഞങ്ങള്‍ തയാറാക്കും. ഇതിലേക്ക് കൂടുതല്‍ ബാങ്കുകളെ ക്ഷണിക്കും. ഈ ബീറ്റ പ്രൊഡക്ഷന്‍ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ക്കും കെവൈസിയ്ക്കും വേണ്ടിയുള്ളതാണ്’, ബരോകര്‍ അറിയിച്ചു.

ഫെബ്രുവരിയിലാണ് ബാങ്ക്‌ചെയ്ന്‍ രൂപീകരിച്ചത്. എസ്ബിഐയാണ് ബാങ്ക്‌ചെയ്‌നിലെ ആദ്യത്തെ അംഗം. ഐസിഐസിഐ ബാങ്ക്, ഡിസിബി ബാങ്ക്, ആക്‌സിസ് ബാങ്ക് ഉള്‍പ്പെടെ 22 ഇന്ത്യന്‍ ബാങ്കുകളും മധ്യേഷ്യ ആസ്ഥാനമാക്കിയ അഞ്ച് ബാങ്കുകളും ഇതിലെ അംഗങ്ങളാണ്. പുനൈ കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പായ പ്രൈംചെയ്‌നുമായി ബാങ്ക്‌ചെയ്ന്‍ സഹകരിക്കുന്നുണ്ട്.

എല്ലാ ബാങ്കുകളേയും ഒരുമിച്ച് കൂട്ടി സാങ്കേതിക സഹകരണം സാധ്യമാക്കാനാകുന്ന വലിയൊരു നീക്കമാണ് ബാങ്ക്‌ചെയ്ന്‍. വളര്‍ന്ന് വരുന്ന സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങളിലെ വെല്ലുവിളികള്‍ കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കും. ബാങ്ക്‌ചെയ്‌നിലൂടെ ബാങ്കുകള്‍ക്ക് അറിവ് പങ്കുവെയ്ക്കുവാനും ചെലവ് കുറയ്ക്കാനുമാകും. കൂടാതെ സാങ്കേതിക വൈദഗ്ധ്യങ്ങള്‍ പരസ്പരം ഉപയോഗിക്കാനാകും. സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ് പോലെ ബാങ്കുകള്‍ക്ക് നിലവിലില്ലാത്ത സൊലൂഷനുകളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ബരോകര്‍ വെളിപ്പെടുത്തി. നോണ്‍- ഡിസ്‌ക്ലോഷര്‍ കരാറുകള്‍ക്ക് ഏറെ ഫലപ്രദമായ ഒന്നാണ് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ പിന്‍വലിക്കാനാവാത്തതും വിലയിരുത്താന്‍ എളുപ്പമുള്ളതുമായി സ്മാര്‍ട്ട് കരാറുകളുടെ നടത്തിപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും ആവശ്യമില്ല.

നവി മുംബൈയില്‍ ഒരു ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നിലവില്‍ എസ്ബിഐ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ മുതലായവ ഉപയോഗിച്ച് ബാങ്കിംഗിലെ വിവിധ പ്രക്രിയകള്‍ എങ്ങിനെ എളുപ്പത്തിലാക്കാമെന്ന പര്യവേഷണത്തിനായാണ് സെന്റര്‍ സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ സെന്റര്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി ടു പി പേമെന്റുകള്‍, വായ്പാ ക്രമീകരണം, കെവൈസി, വിര്‍ച്വല്‍ കറന്‍സികള്‍ തുടങ്ങിയവയുടെ സുരക്ഷിതവും സുഗമവുമായ പ്രവര്‍ത്തനത്തിന് വേണ്ടി ബ്ലോക്ക്‌ചെയ്ന്‍ നടപ്പിലാക്കുന്നതിനാണ് ലോകമെമ്പാടുമുള്ള ബാങ്കുകള്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Slider, Top Stories