മെഴ്‌സിഡസ്-ബെന്‍സ് പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി

മെഴ്‌സിഡസ്-ബെന്‍സ് പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി

2006 ലാണ് കേസിനാസ്പദമായ വാഹനാപകടം നടന്നത്

ന്യൂ ഡെല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും മാനേജിംഗ് ഡയറക്റ്റര്‍ക്ക് പരുക്കേറ്റെന്നുമുള്ള ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രജിസ്ട്രാര്‍ മുമ്പാകെയാണ് തുക കെട്ടിവെയ്‌ക്കേണ്ടത്.

2006 ലാണ് കേസിനാസ്പദമായ വാഹനാപകടം നടന്നത്. ഇലക്ട്രിക്കല്‍ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സഞ്ചരിച്ച മെഴ്‌സിഡസ്-ബെന്‍സ് കാര്‍ ഒരു കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ അപകട സമയത്ത് എയര്‍ബാഗുകള്‍ വിടരാതിരുന്നതോടെ യാത്രക്കാരന് പരുക്കേറ്റു. ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് നാസിക്കില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചുപോകുമ്പാഴായിരുന്നു അപകടം.

അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും മാനേജിംഗ് ഡയറക്റ്റര്‍ക്ക് പരുക്കേറ്റെന്നുമുള്ള ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ 11 ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി ചിദംബരമാണ് ഹാജരായത്. വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് വാഹനം വാങ്ങിയതെന്നും ഉപയോക്താവ് എന്ന നിലയില്‍ ക്രോംപ്ടണ്‍ ഗ്രീവ്‌സിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും പി ചിദംബരം വാദിച്ചു. അമീര്‍ ഇസഡ് സിംഗ് ആയിരുന്നു ഇലക്ട്രിക്കല്‍ കമ്പനിയുടെ അഭിഭാഷകന്‍. മാനേജിംഗ് ഡയറക്റ്ററുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കാണ് കാര്‍ വാങ്ങിയത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയും അംഗീകൃത വിതരണക്കാരായ ഡയ്മ്‌ലര്‍ ക്രിസ്‌ലര്‍ ഇന്ത്യയും പത്ത് ലക്ഷം രൂപ കാറിന്റെ ഉടമസ്ഥരായ ക്രോംപ്ടണ്‍ ഗ്രീവ്‌സിന് നല്‍കണമെന്നാണ് സെപ്റ്റംബര്‍ 11 ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

മെഴ്‌സിഡസ്-ബെന്‍സിന്റെ ഇ240 ഡ്രൈവ് ചെയ്യുകയായിരുന്ന ക്രോംപ്ടണ്‍ ഗ്രീവ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ സുധീര്‍ എം ട്രെഹാനാണ് അപകടത്തില്‍ പരുക്കേറ്റത്. 2002 ല്‍ പുറത്തിറക്കിയ ഈ മോഡലിന്റെ മുന്നിലെ എയര്‍ബാഗുകളാണ് വിടരാതിരുന്നത്. എയര്‍ബാഗുകളുടെ വിന്യാസവും പ്രവര്‍ത്തനവും സംബന്ധിച്ച വിശദവിവരങ്ങള്‍ ഓണേഴ്‌സ് മാന്വലിലും വെബ്‌സൈറ്റിലും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Comments

comments

Categories: Auto