മാരുതി സുസുകി പത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ സ്ഥാപിക്കും

മാരുതി സുസുകി പത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ സ്ഥാപിക്കും

ഡെല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് ദേശീയ തലസ്ഥാനത്താണ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഡെല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് ദേശീയ തലസ്ഥാനത്ത് പത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ ഒരുക്കും. ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്ന പ്രക്രിയ സുതാര്യമാക്കുകയാണ് ഓട്ടോമേറ്റഡ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. മാത്രമല്ല, ഓട്ടോമേറ്റഡ് ആയതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ ഒഴിവാക്കാനുമാകും.

ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകള്‍, എച്ച്ഡി കാമറകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് വീഡിയോ അനലിറ്റിക് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ ഡ്രൈവിംഗ് കഴിവുകള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരാണ് ഇവയെല്ലാം വിലയിരുത്തുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ക്കായി പത്ത് കോടി രൂപയാണ് മാരുതി സുസുകി നിക്ഷേപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും

ഓട്ടോമേറ്റഡ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി മാരുതി സുസുകിയും ഡെല്‍ഹി സര്‍ക്കാരും തമ്മില്‍ അധികം വൈകാതെ ധാരണാപത്രം ഒപ്പുവെയ്ക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകും. പത്ത് കോടി രൂപയാണ് മാരുതി സുസുകി ചെലവഴിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചശേഷം അടുത്ത മൂന്ന് വര്‍ഷത്തെ പരിപാലന ചുമതലകളും മാരുതി സുസുകി ഏറ്റെടുക്കും. ഔപചാരിക ഡ്രൈവിംഗ് പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും നിരത്തുകളില്‍ സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുന്നതിനും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ സഹായിക്കുമെന്ന് മാരുതി സുസുകി പ്രതീക്ഷിക്കുന്നു. ശരിയായ ഡ്രൈവിംഗ് കഴിവുകള്‍ ഉള്ളവര്‍ക്കുമാത്രമേ ലൈസന്‍സ് ലഭിക്കൂ എന്ന് ഉറപ്പാക്കാനും കഴിയും. 

Comments

comments

Categories: Auto