ഇന്ത്യന്‍ ടെലികോം വിപണി 5ജി സേവനങ്ങളിലേക്ക് മാറിയേക്കും: എറിക്‌സണ്‍ സിടിഒ

ഇന്ത്യന്‍ ടെലികോം വിപണി 5ജി സേവനങ്ങളിലേക്ക് മാറിയേക്കും: എറിക്‌സണ്‍ സിടിഒ

ലോക വ്യാപകമായി 2ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ വേഗത്തിലുള്ള ഇടിവ് പ്രകടമായിട്ടുണ്ട്

ന്യൂഡെല്‍ഹി: വികസിത രാജ്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയിലും 5ജി സാങ്കേതികവിദ്യ സ്വീകരിച്ചുതുടങ്ങിയേക്കുമെന്ന് എറിക്‌സണ്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ എറിക് എക്കുഡെന്‍. സ്വീഡിഷ് നെറ്റ്‌വര്‍ക്കിംഗ്, ടെലികോം കമ്പനിയാണ് എറിക്‌സണ്‍. വോയിസ് കേന്ദ്രീകൃതമായിരുന്ന ഇന്ത്യന്‍ ടെലികോം വിപണിയെ നിലവില്‍ ഡാറ്റ കേന്ദ്രീകൃതമാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് ടെലികോം വ്യവസായം ശ്രമിക്കുന്ന സാഹചര്യത്തില്‍ 5ജി സാങ്കേതികവിദ്യയുടെ കടന്നുവരവ് 2020ഓടെ സാധ്യമായേക്കുമെന്നാണ് എറിക്കിന്റെ നിഗമനം.

2ജി, 3ജി, 4ജി പോലുള്ള പഴയ തലമുറസാങ്കേതികവിദ്യകളെ മാറ്റി ബദല്‍ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിന് വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ടെലികോം ദാതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായി ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സാങ്കേതിവിദ്യയിലേക്ക് കടക്കുമെന്ന് എറിക്‌സണ്‍ സിടിഒ പറഞ്ഞു. ഇക്ക്‌ണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോക വ്യാപകമായി 2ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ വേഗത്തിലുള്ള ഇടിവ് പ്രകടമായിട്ടുണ്ടെന്നും എന്നാല്‍ 3ജി സാങ്കേതികവിദ്യ അതത് വിപണികളെ ആശ്രയിച്ചാണിരിക്കുന്നതെന്നും എറിക് ചൂണ്ടിക്കാട്ടി. അതേസമയം. 4ജി എല്‍ടിഇ സംവിധാനം ക്രമാനുഗതമായ വളര്‍ച്ചയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ വിപണിയിലെ മുന്‍നിരക്കാരായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ 3ജി സര്‍വീസ് നിര്‍ത്താനുള്ള ഉദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ 3ജി സേവനം അവസാനിപ്പിച്ച് 4ജി സര്‍വീസസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എയര്‍ടെലിന്റെ നീക്കം. 3ജി നെറ്റ്‌വര്‍ക്കില്‍ നിക്ഷേപം നടത്തുന്നതും കമ്പനി അവസാനിപ്പിച്ചു. എന്നാല്‍ വോഡഫോണ്‍ ഇന്ത്യയുമായി ലയനത്തിന് തയാറെടുക്കുന്ന ഐഡിയ സെല്ലുലാര്‍ ഉടന്‍ 3ജി സര്‍വീസ് അവസാനിപ്പിക്കുന്നില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: More