ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ 2 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു: എന്‍എസ്ഡിഎല്‍

ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ 2 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു: എന്‍എസ്ഡിഎല്‍

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 51,756 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്

മുംബൈ: നവംബറില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) രണ്ട് ബില്യണ്‍ ഡോളറിലധികം ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി(എന്‍എസ്ഡിഎല്‍)ല്‍ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 17 വരെയുള്ള കാലയളവില്‍ മൊത്തം 14,348 കോടി രൂപ (2.2 ബില്യണ്‍ ഡോളര്‍) എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് എന്‍എസ്ഡിഎല്ലില്‍ നിന്നുള്ള വിവരം.

അതേസമയം, ഇതേ കാലയളവില്‍ രാജ്യത്തെ ഡെറ്റ് വിപണിയില്‍ നിന്നും 1,287 കോടി രൂപ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചിട്ടുണ്ട്. ഒക്‌റ്റോബറില്‍ 3,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഹരികളില്‍ എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 51,756 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. 1.45 ലക്ഷം കോടി രൂപ ആഭ്യന്തര ഡെറ്റ് വിപണിയിലും ഇവര്‍ നിക്ഷേപിച്ചിട്ടുണ്ട്. 2016-2017 സാമ്പത്തിക വര്‍ഷം 60 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ (എഫ്ഡിഐ)ഇന്ത്യന്‍ വിപണിയില്‍ നടത്തിയിട്ടുള്ളതെന്നും എന്‍എസ്ഡിഎല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളതലത്തില്‍ വിപണികളിലുണ്ടായ ഉണര്‍വും പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജുമാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കാനിടയാക്കിയതെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ റീകാപ്പിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടതും ഈ മാസം എഫ്പിഐ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നയപരിഷ്‌കരണങ്ങളുടെ ഫലമായി ലോക ബാങ്ക് പട്ടികയില്‍ 130ല്‍ നിന്നും 100-ാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തികൊണ്ടുള്ള മൂഡീസിന്റെ നീക്കവും ഓഹരി വിപണികളെ ആവേശത്തിലാക്കിയിരുന്നു.

Comments

comments

Categories: Business & Economy