ഇലക്ട്രിക് വാഹനം : കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും

ഇലക്ട്രിക് വാഹനം : കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും

ഘന വ്യവസായ, പരിസ്ഥിതി, റോഡ് ഗതാഗത-ഹൈവേ, ഊര്‍ജ്ജ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നിതി ആയോഗ് തേടി

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ആസൂത്രണ സമിതിയായ നിതി ആയോഗ് ഘന വ്യവസായ, പരിസ്ഥിതി, റോഡ് ഗതാഗത-ഹൈവേ, ഊര്‍ജ്ജ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടി.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് മൊബിലിറ്റി, ഇന്ത്യയില്‍ ലിഥിയം-അയണ്‍ ബാറ്ററികളുടെ ഉല്‍പ്പാദനം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനച്ചെലവ് കുറയുന്നത് വരെയായിരിക്കും സബ്‌സിഡി പരിഗണിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന നഗരങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അപേക്ഷ ക്ഷണിച്ചിരുന്നു

പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന നഗരങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത നഗരങ്ങളിലെ ജനസംഖ്യ പത്ത് ലക്ഷത്തിന് മുകളിലായിരിക്കമെന്നതാണ് ഇതുസംബന്ധിച്ച ഒരു വ്യവസ്ഥ. ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയനുസരിച്ചാണ് ഗ്രാന്റ് നല്‍കുന്നത്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫെയിം ഇന്ത്യാ പദ്ധതി ആരംഭിച്ചത്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ഈ സ്‌കീം വഴിയാണ്. ബൈക്കുകള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് സബ്‌സിഡി അനുവദിക്കുന്നത്.

Comments

comments

Categories: Auto