രാജ്യത്ത് മുട്ട വില കുതിക്കുന്നു

രാജ്യത്ത് മുട്ട വില കുതിക്കുന്നു

ചില്ലറ വിപണികളില്‍ 7.50 രൂപ വരെയാണ് ഒരു മുട്ടയ്ക്ക് വില

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ചില്ലറ വിപണികളില്‍ മുട്ട വില 40 ശതമാനം വരെ ഉയര്‍ന്നതായി പോള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രമേഷ് കത്രി. ഉപയോഗം കൂടുകയും ഉല്‍പ്പാദനം കുറഞ്ഞതുമാണ് മുട്ട വില ഉയരാനുള്ള പ്രധാന കാരണം. രാജ്യത്ത് ഈ വര്‍ഷം മുട്ട ഉല്‍പ്പാദനത്തില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലക്കയറ്റം വരും മാസങ്ങളിലും തുടരുമെന്നും രമേഷ് കത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മികച്ച വില ലഭിക്കാത്തതിനെ തുടര്‍ന്ന് മിക്ക കോഴി ഫാമുകളും ഈ വര്‍ഷം മുട്ട ഉല്‍പ്പാദനം കുറച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമായി പോള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലെ റീട്ടെയ്ല്‍ വിപണികളില്‍ ഒരു മുട്ടയ്ക്ക് ഏഴ് മുതല്‍ 7.5 രൂപവരെയാണ് വില. കഴിഞ്ഞ വര്‍ഷം നാല് മുതല്‍ അഞ്ച് രൂപ വരെയായിരുന്ന സ്ഥാനത്താണിത്. ഇതേ സാഹചര്യമാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലുമുള്ളത്.

നാലു രൂപയുണ്ടായിരുന്ന സ്ഥാനത്ത് ചെന്നൈയിലെ ചില്ലറ വിപണിയില്‍ ഇപ്പോള്‍ 6.50 മുതല്‍ 7 രൂപ വരെയാണ് ഈടാക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന മുട്ട ഉല്‍പ്പാദന കേന്ദ്രമായ നാമക്കലില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മുട്ട ഒന്നിന് രണ്ട് രൂപയോളമാണ് വര്‍ധച്ചിരിക്കുന്നത്. കേരളത്തിലും മുട്ടവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പൂനെയില്‍ മുട്ടയ്ക്ക് ആറു രുപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. നോട്ട് നിരോധനത്തിന്റെ തിക്തഫലമായാണ് മുട്ടവില ഉയര്‍ന്നതെന്ന് നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മറ്റി മൈസൂര്‍ സോണ്‍ ചെയര്‍മാന്‍ എംപി സതീഷ് പറഞ്ഞു.

പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു പോകുന്നത്. ഇതില്‍ 40 ലക്ഷത്തോളം മുട്ടകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചുവെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മുട്ട ഉല്‍പ്പാദനം കുറയുകയായിരുന്നു. പ്രതിദിന ഉല്‍പ്പാദനത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നിലവിലെ വില ഇനിയും വര്‍ധിച്ചേക്കാമെന്നും അമ്പത് ദിവസം വരെ വില കുറയാന്‍ സാധ്യതയില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Comments

comments

Categories: Slider, Top Stories