കോര്‍പ്പറേറ്റ് തൊഴില്‍ നിയമനങ്ങളിലെ മാന്ദ്യം തുടരും: അസോചം

കോര്‍പ്പറേറ്റ് തൊഴില്‍ നിയമനങ്ങളിലെ മാന്ദ്യം തുടരും: അസോചം

അടുത്ത രണ്ടു പാദങ്ങള്‍ വെല്ലുവിളി നിറഞ്ഞത്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് ഉയര്‍ത്തിയെങ്കിലും രാജ്യത്തെ സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം അവസാനം വരെ മാന്ദ്യത്തില്‍ തന്നെ തുടരുമെന്ന് വ്യവസായിക സംഘടനയായ അസോചം. ബാലന്‍സ് ഷീറ്റ് ക്രമീകരിക്കുന്നതിനും ചെലവിടല്‍ കാര്യക്ഷമമാക്കുന്നതിലുമാണ് നിലവില്‍ കമ്പനികള്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയുടെ നടപ്പിലാക്കലും സമ്പദ് വ്യവസ്ഥയിലെ തൊഴില്‍ വളര്‍ച്ചയെ മാന്ദ്യത്തിലാക്കിയ പശ്ചാത്തലത്തിലാണ് അസോചം റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

‘വേതന ചെലവ് ഉള്‍പ്പെടെയുള്ള ചെലവിടലുകള്‍ കുറയ്ക്കുന്നതിനും വായ്പാ ബാധ്യത കുറയ്ക്കുന്നതിനും കമ്പനികള്‍ ഊര്‍ജിത ശ്രമത്തിലാണെന്ന് അസോചം റിപ്പോര്‍ട്ട് പറയുന്നു. ഏകീകരണം,നോണ്‍-കോര്‍ ബിസിനസുകളില്‍ നിന്നുള്ള പുറത്ത് കടക്കല്‍ തുടങ്ങിയ കാര്യങ്ങളിലും കോര്‍പ്പറേറ്റ് ഇന്ത്യ സജീവമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയത്. ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ബിഎഎ3 ല്‍ നിന്ന് ബിഎഎ2 ആയാണ് റേറ്റിംഗ് ഉയര്‍ത്തിയത്. ഒപ്പം റേറ്റിംഗിന്മേലുള്ള വീക്ഷണം പോസിറ്റിവില്‍ നിന്ന് സ്ഥിരതയിലേക്കും മാറ്റി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഘടനാപരമായ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് ഉയര്‍ത്തിയത്.

മൂഡീസിന്റെ റേറ്റിംഗ് പരിഷ്‌കരണം പ്രോത്സാഹനജനകമാണെങ്കിലും സ്വകാര്യ മേഖലയെ സംബന്ധിച്ച് അടുത്ത രണ്ട് പാദങ്ങള്‍ വെല്ലുവിളി നിറഞ്ഞവയായിരിക്കും. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും നിലവിലെ ഉയര്‍ന്ന കടവും കുറഞ്ഞ ഉപഭോക്തൃ ആവശ്യകതയും പരിഹരിക്കപ്പെടുമെന്നും അസോചം പറയുന്നു.

Comments

comments

Categories: More