ലണ്ടനിലെ റെഡ് ബസ്സുകള്‍ക്ക് ഇനി കാപ്പിപ്പൊടി ജൈവ ഇന്ധനം

ലണ്ടനിലെ റെഡ് ബസ്സുകള്‍ക്ക് ഇനി കാപ്പിപ്പൊടി ജൈവ ഇന്ധനം

കാപ്പിയുണ്ടാക്കിയശേഷം വലിച്ചെറിയുന്ന ചണ്ടി നല്ല അസ്സല് ജൈവ ഇന്ധനമായി ഉപയോഗിക്കാനാണ് തീരുമാനം

ലണ്ടന്‍ : നഗരത്തിലെ പ്രശസ്തമായ റെഡ് ഡബിള്‍-ഡെക്കര്‍ ബസ്സുകള്‍ക്ക് ഇനി കാപ്പിപ്പൊടി ജൈവ ഇന്ധനമാകും. കാപ്പിയുണ്ടാക്കിയശേഷം വലിച്ചെറിയുന്ന ചണ്ടി നല്ല അസ്സല് ജൈവ ഇന്ധനമായി ഉപയോഗിക്കാനാണ് തീരുമാനം.

ലണ്ടന്‍ ആസ്ഥാനമായ ബയോ-ബീന്‍ എന്ന കമ്പനിയാണ് ഇന്ധനം വിതരണം ചെയ്യുക. റോയല്‍ ഡച്ച് ഷെല്ലുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രോജക്റ്റ് നടപ്പാക്കുന്നത്. വര്‍ഷത്തില്‍ 6,000 ലിറ്റര്‍ കാപ്പിപ്പൊടി ഇന്ധനം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

വേസ്റ്റ് എന്ന് കരുതുന്ന കാപ്പിപ്പൊടി ചണ്ടിയുടെ 20 ശതമാനത്തോളം എണ്ണയാണെന്ന് ബയോ-ബീന്‍ ലിമിറ്റഡ് സ്ഥാപകന്‍ ആര്‍തര്‍ കേ പറഞ്ഞു. ഇരുപത് ശതമാനമെന്നത് വളരെ ഉയര്‍ന്നതാണ്. ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിച്ച കാപ്പിപ്പൊടി ഉത്തമമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമായ ബയോ-ബീന്‍ എന്ന കമ്പനിയാണ് ഇന്ധനം വിതരണം ചെയ്യുക. വര്‍ഷത്തില്‍ 6,000 ലിറ്റര്‍ കാപ്പിപ്പൊടി ഇന്ധനം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം

ഭക്ഷ്യ വസ്തുക്കള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന പാചകം ചെയ്യാനുപയോഗിച്ച എണ്ണയിലും ഭക്ഷ്യയോഗ്യമല്ലാത്ത സസ്യങ്ങളിലും മറ്റും കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിമ്പില്‍നിന്നും ചോളം മുതലായ ധാന്യങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിച്ച എഥനോള്‍ യുഎസ്സിലെയും തെക്കേ അമേരിക്കയിലെയും ചില പ്രദേശങ്ങളില്‍ വാഹന എന്‍ജിനുകളില്‍ ഉപയോഗിക്കുന്നുണ്ട്.

കോസ്റ്റ കോഫി ലിമിറ്റഡ്, കഫെ നീറോ തുടങ്ങി യുകെയിലെ ആയിരക്കണക്കിന് കോഫി ഷോപ്പുകളില്‍നിന്ന് ഉപയോഗിച്ച കാപ്പിപ്പൊടി (ചണ്ടി) ശേഖരിക്കുമെന്ന് ആര്‍തര്‍ കേ പറഞ്ഞു. ബയോ-ബീനിന്റെ കേംബ്രിഡ്ജ്ഷയറിലെ ഫാക്ടറിയില്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കും. കാപ്പിപ്പൊടി ചണ്ടിയുടെ കൂടെ സാധാരണ ഡീസലും ചേര്‍ത്താണ് ജൈവ ഇന്ധനം നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ലണ്ടന്‍ ബസ്സുകള്‍ ഇന്ധനം നിറയ്ക്കുന്ന സെന്‍ട്രല്‍ ടാങ്കിലേക്ക് ഈ ജൈവ ഇന്ധനമെത്തിക്കും.

2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബയോ-ബീന്‍ ലിമിറ്റഡ് യുകെ ഗവണ്‍മെന്റ്, ഷെല്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിവരില്‍നിന്ന് ഫണ്ടിംഗ് സ്വീകരിക്കുന്നുണ്ട്. കാപ്പി കുടിക്കുന്ന ആളുകള്‍ കൂടുതലായി വസിക്കുന്ന രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ആര്‍തര്‍ കേ പറഞ്ഞു.

Comments

comments

Categories: Auto