എബിഎസ് സഹിതം താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടോപ് 5 ബൈക്കുകള്‍

എബിഎസ് സഹിതം താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടോപ് 5 ബൈക്കുകള്‍

125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും 2018 ഏപ്രില്‍ മുതല്‍ എബിഎസ് നിര്‍ബന്ധമാണ്

ബ്രേക്ക് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ റോഡില്‍ പൊടുന്നനെ നിന്നുപോകുന്നതും തന്‍മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള സുരക്ഷാ ഉപകരണമാണ് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അഥവാ എബിഎസ്. അടിയന്തര ഘട്ടങ്ങളില്‍ വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ എബിഎസ് സഹായിക്കും.

125 സിസിയോ അതില്‍ കൂടുതലോ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും 2018 ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ എബിഎസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അതായത് ഇനി മുതല്‍ വലിയ ബൈക്കുകളില്‍ മാത്രമായിരിക്കില്ല എബിഎസ്.

റോഡപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കുന്നതിന് എബിഎസ് സഹായിക്കുമെങ്കിലും വാഹനമോടിക്കുന്നവര്‍ ശരിയായ ഹെല്‍മറ്റ് ധരിക്കണം

എന്നാല്‍ എബിഎസ് നല്‍കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വില വര്‍ധിക്കാനാണ് എല്ലാ സാധ്യതകളും. അതേസമയം വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു ചക്രത്തിന് മാത്രം എബിഎസ് നല്‍കുന്ന സിംഗിള്‍ ചാനല്‍ യൂണിറ്റായിരിക്കും വിവിധ കമ്പനികള്‍ നല്‍കുന്നത്. മിതമായ വിലയില്‍ എബിഎസ് എന്ന സുരക്ഷാ ഉപകരണം ഘടിപ്പിച്ച ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാകും മിക്കവരും. ഇന്ത്യയില്‍ എബിഎസ് സഹിതം താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ബൈക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180

എബിഎസ് സവിശേഷതയോടെ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബൈക്കാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അപ്പാച്ചെ ആര്‍ടിആര്‍ 180. രാജ്യത്ത് എബിഎസ് നല്‍കിയ ആദ്യ മോട്ടോര്‍സൈക്കിളുകളിലൊന്നുകൂടിയാണ് അപ്പാച്ചെ ആര്‍ടിആര്‍ 180. ഈ ബൈക്കിലെ 177 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 17 എച്ച്പി കരുത്തും 15.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. എല്‍ഇഡി പൈലറ്റ് ലാംപുകള്‍, സ്പ്ലിറ്റ് സ്റ്റെപ് അപ് സീറ്റുകള്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയാണ് സവിശേഷതകള്‍. 80,833 രൂപയാണ് ബൈക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

സുസുകി ഇന്‍ട്രൂഡര്‍ 150

ഈയിടെ പുറത്തിറക്കിയ സുസുകി ഇന്‍ട്രൂഡര്‍ 150 ക്രൂസറിന് എബിഎസ് നല്‍കാന്‍ കമ്പനി തയ്യാറായി. മോട്ടോര്‍സൈക്കിളിലെ 155 സിസി കാര്‍ബുറേറ്റഡ് എന്‍ജിന്‍ 14.6 എച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഫുള്‍ ഡിജിറ്റല്‍ കോക്പിറ്റ്, ഇന്‍ട്രൂഡര്‍ 1800 ലേതുപോലെ ലെയ്ഡ് ബാക്ക് സ്റ്റൈലിംഗ്, എല്‍ഇഡി ടെയ്ല്‍ ലാംപ്, പൊസിഷനിംഗ് ഹെഡ്‌ലാംപ് എന്നിവയാണ് സുസുകി ഇന്‍ട്രൂഡര്‍ 150 യുടെ സവിശേഷതകള്‍. 98,340 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

ബജാജ് പള്‍സര്‍ ആര്‍എസ് 200

ബജാജ് ഓട്ടോ എബിഎസ് നല്‍കാന്‍ തീരുമാനിച്ച ആദ്യ പള്‍സര്‍ വേരിയന്റാണ് ആര്‍എസ് 200. 2015 ലാണ് ബജാജ് പള്‍സര്‍ ആര്‍എസ് 200 അവതരിപ്പിച്ചത്. 5 സ്പീഡ് ട്രാന്‍സ്മിഷനുമായി ചേര്‍ത്തിരിക്കുന്ന ബജാജ് പള്‍സര്‍ ആര്‍എസ് 200 ലെ 199.5 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 24 എച്ച്പി കരുത്തും 18.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഒരേയൊരു ഫുള്‍ ഫെയേഡ് പള്‍സറിന് ഇരട്ട പ്രോജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സ്റ്റെപ് അപ് സീറ്റുകള്‍, എല്‍ഇഡി ടേണിംഗ് വിങ്കറുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 1.35 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ ആര്‍എസ് 200 എബിഎസ്സിന്റെ ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

സുസുകി ജിക്‌സര്‍ എസ്എഫ്

നിലവില്‍ ഇന്ത്യയില്‍ എബിഎസ് സഹിതം താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടോപ് 5 ബൈക്കുകളില്‍ സുസുകി ജിക്‌സര്‍ എസ്എഫ് ഉള്‍പ്പെടുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഫുള്‍ ഫെയേഡ് മോട്ടോര്‍സൈക്കിളാണ് ജിക്‌സര്‍ എസ്എഫ്. ഒരു ലക്ഷം രൂപയ്ക്കുതാഴെ ലഭിക്കുന്ന ഒരേയൊരു ഫുള്‍ ഫെയേഡ് ബൈക്ക് കൂടിയാണ് ജിക്‌സര്‍ എസ്എഫ്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമായി 5 സ്പീഡ് ട്രാന്‍സ്മിഷനാണ് ചേര്‍ത്തിരിക്കുന്നത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എല്‍ഇഡി ടെയ്ല്‍ലാംപ്, സ്പ്ലിറ്റ് റിയര്‍ ബോഡി ഗ്രാബ് റെയിലുകള്‍ എന്നിവയാണ് സവിശേഷതകള്‍. 95,115 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില.

ബജാജ് പള്‍സര്‍ എന്‍എസ് 200

പള്‍സര്‍ എന്‍എസ് 200 ന് ഈയിടെയാണ് എബിഎസ് നല്‍കിയത്. ബൈക്കിലെ 199.5 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 23 എച്ച്പി കരുത്തും 18 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. അഗ്രസീവ് സ്ട്രീറ്റ്‌ഫൈറ്റര്‍ സ്റ്റൈലിംഗാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത്. ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍, സ്‌പോര്‍ടി സ്പ്ലിറ്റ് സ്റ്റെപ് സീറ്റുകള്‍ എന്നിവ സവിശേഷതകളാണ്. 1.09 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

താങ്ങാവുന്ന വിലയില്‍ എബിഎസ് സിസ്റ്റം ഘടിപ്പിച്ച ബൈക്കുകള്‍ വിപണിയില്‍ ലഭ്യമാകുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി. റോഡപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കുന്നതിന് എബിഎസ് സഹായിക്കുമെങ്കിലും വാഹനമോടിക്കുന്നവര്‍ ശരിയായ ഹെല്‍മറ്റ് ധരിക്കാന്‍ മടി കാണിക്കരുത്.

Comments

comments

Categories: Auto