തീരന്‍ അധികാരം ഒന്‍ട്രു (തമിഴ്)

തീരന്‍ അധികാരം ഒന്‍ട്രു (തമിഴ്)

സംവിധാനം: എച്ച്. വിനോദ്
അഭിനേതാക്കള്‍: കാര്‍ത്തി, രാകുല്‍ പ്രീത് സിംഗ്, അഭിമന്യു സിംഗ്, ബോസ് വെങ്കട്.
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 37 മിനിറ്റ്

തീരന്‍ അധികാരം ഒന്‍ട്രു എന്ന സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു കൂട്ടം കൊള്ളക്കാര്‍ ഒരു കുടുംബത്തെ ക്രൂരമായി കൊലചെയ്യുകയാണ്, രക്തപങ്കിലമായ ഒരു കുറ്റകൃത്യ രംഗം ഇതിലൂടെ അവശേഷിപ്പിക്കുന്നു. ഏതാനും രംഗങ്ങള്‍ കൂടി കഴിഞ്ഞതിനു ശേഷം കൊള്ളക്കാര്‍ രണ്ടാമതും ഒരു കുടുംബത്തെ ക്രൂരമായി കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്നു.

ഈ രംഗങ്ങള്‍ വീക്ഷിച്ചു കഴിയുമ്പോള്‍ പ്രേക്ഷകര്‍ ഉറപ്പായും ഭയചകിതരാവുമെന്ന കാര്യം ഉറപ്പ്. സമീപകാലത്തൊന്നും തമിഴ് സിനിമ കാണാത്ത വിധമുള്ള അക്രമരംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്.2014-ല്‍ സതുരംഗ വേട്ടൈ എന്ന മികച്ച ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്‌ക്കെത്തിയ വ്യക്തിയാണു വിനോദ്. കാര്‍ത്തി നായകനായ വിനോദിന്റെ പുതിയ ചിത്രത്തില്‍ യാതൊരു കെട്ടുപാടുകളുമില്ലാത്ത, നിര്‍വ്യാജമായ, യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന പൊലീസ് കഥയാണു വിനോദ് പറയുന്നത്.

തമിഴില്‍ പൊലീസ് കഥപറയുന്ന ചിത്രങ്ങളുടെ നീണ്ട പട്ടികയിലേക്കു മറ്റൊരു ചിത്രം കൂടി എന്ന തരത്തില്‍ ഇതിനെ മാറ്റി നിറുത്താന്‍ സാധിക്കില്ല. ഈ ചിത്രം അതിന്റെ സ്ഥാനം ശരിക്കുമൊരു പോരാട്ടം നടത്തി തന്നെ നേടിയെടുത്തിരിക്കുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നതാണ്. കാര്‍ത്തിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണിത്. വിശാലമായ ആക്ഷന്‍ രംഗങ്ങള്‍ അമ്പരിപ്പിക്കും വിധമാണു ചിത്രീകരിച്ചിരിക്കുന്നത്. തീരന്‍ ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണം പൊലീസ് കഥ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. അതിലൂടെ അവരുടെ ജീവിതത്തെ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയില്‍ നോക്കിക്കാണാന്‍ നമ്മളെ പ്രാപ്തരാക്കുന്നു.

1995 കാലഘട്ടത്തില്‍ നിന്നാണു ചിത്രം ആരംഭിക്കുന്നത്. ഒരു സംഘം കൊള്ളക്കാര്‍ ഒരു കുടുംബത്തെ കൊന്നൊടുക്കുന്നു. പിന്നീട് 1999-ലേക്കു കാമറ ചലിക്കുന്നു. തീരന്‍ തിരുമാരന്‍(കാര്‍ത്തി) പൊലീസ് പരിശീലനം നേടുന്നു. പരിശീലനത്തിനു ശേഷം തിരുവള്ളൂരിലേക്കു തീരന് മാറ്റം കിട്ടുന്നു. ഇവിടെയാണ് തീരന്‍ ആദ്യത്തെ ഹൈവേ കൊള്ളയടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനു നിയോഗിക്കപ്പെടുന്നത്. പിന്നീട് തീരന്‍ തിരുമാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദേശീയതലത്തില്‍ കൊള്ളക്കാരെയും കൊലപാതകികളെയും വകവരുത്താനുള്ള ഉദ്യമത്തിലേര്‍പ്പെടുകയാണ്. രാം ഗോപാല്‍ വര്‍മയുടെ രക്തചരിത്രയില്‍ മികച്ച വേഷം ചെയ്ത അഭിമന്യു സിംഗാണു ചിത്രത്തില്‍ പ്രധാന വില്ലന്റെ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ അഭിമന്യു സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം മാരകമായ തോതില്‍ ആക്രമണം നടത്തുന്നുണ്ട്. ഇതു പൊലീസ് സേനാംഗങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണു സമ്മാനിക്കുന്നത്.

ചിത്രത്തിനു വേണ്ടി വിപുലമായ റിസര്‍ച്ചാണു നടത്തിയിരിക്കുന്നതെന്ന കാര്യം തിരക്കഥയില്‍ പ്രകടമാണ്. തീരന്റെ നിര്‍മാണത്തില്‍ സംവിധായകനായും എഴുത്തുകാരനായും വിനോദ് തിളങ്ങിയിട്ടുണ്ട്. ഒരു പൊലീസ് സിനിമയുടെ സ്ഥിരം ക്ലീഷേകളില്‍നിന്നും മാറി സഞ്ചരിക്കുന്നുണ്ട് തീരന്‍. നായകനെ ഉയര്‍ത്തിക്കാണിക്കും വിധമുള്ള സീനുകളോ, പഞ്ച് ഡയലോഗുകളോ സിനിമയിലില്ല. പകരം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ റിയല്‍ ലൈഫിലേക്കു സംവിധായകന്‍ കാമറ ചലിപ്പിക്കുന്നു.

റൊമാന്റിക് സീനുകള്‍ മാറ്റി നിര്‍ത്തിയാല്‍ തീരന്‍ അതിബൃഹത്തായതും സ്‌ഫോടനാത്മകവുമായൊരു ആക്ഷന്‍ ചിത്രമാണ്. ജിബ്രാന്റെ പശ്ചാത്തലസംഗീതം ഗംഭീരമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഛായാഗ്രാഹകനായ സത്യം സൂര്യന്റെ വൈഡ് ഫ്രെയ്മുകള്‍, ദിലിപ് സുബ്ബരായന്റെ ആക്ഷന്‍ രംഗങ്ങള്‍, ശിവാനന്ദീശ്വരന്റെ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

Comments

comments

Categories: FK Special, Movies, Slider