റീട്ടെയ്ല്‍ പണപ്പെരുപ്പം 4.5 ശതമാനമായേക്കുമെന്ന് നിരീക്ഷണം

റീട്ടെയ്ല്‍ പണപ്പെരുപ്പം 4.5 ശതമാനമായേക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ ഈ മാസം വീണ്ടും വര്‍ധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറ. പണപ്പെരുപ്പ നിരക്ക് നാല് ശതമാനം കടക്കാന്‍ സാധ്യതയുണ്ടെന്നാണ് നോമുറ പറയുന്നത്. പച്ചക്കറികളുടെയും എണ്ണയുടെയും വിലയിലുണ്ടാകുന്ന വര്‍ധനയാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയരാനുള്ള കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഒക്‌റ്റോബറില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഭക്ഷ്യ വിലക്കയറ്റവും ഇന്ധന വിലയിലുണ്ടായ ഉയര്‍ച്ചയുമാണ് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്‌റ്റോബറില്‍ 3.58 ശതമാനത്തിലേക്കുയര്‍ത്തിയത്. നവംബര്‍ ഇത് 4.5 ശതമാനത്തിലേക്ക് കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചില്‍ നിന്നുള്ള വിവരം. നോമുറ, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ കമ്പനികളും ഈ സാധ്യതകള്‍ തള്ളികളയുന്നില്ല. വില സമ്മര്‍ദം വരും മാസങ്ങളിലും രാജ്യത്തെ പണപ്പെരുപ്പത്തില്‍ സ്വാധീനം ചെലുത്തുമെന്നും ഇവര്‍ പറയുന്നു.

നവംബറില്‍ സിപിഐ പണപ്പെരുപ്പം നാല് ശതമാനത്തിനു മുകളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നോമുറ റിസര്‍ച്ച് നോട്ടിലൂടെ അറിയിച്ചു. ഉള്ളി ഇറക്കുമതി ചെയ്യാനും ശേഖരിച്ചുവെക്കാനുമുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഫലപ്രദമാകുമെന്നും നോമുറ ചൂണ്ടിക്കാട്ടി. ജൂണ്‍ മുതല്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയര്‍ന്നതായും നോമുറ ചൂണ്ടിക്കാട്ടി. ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തിനു പുറമെ വീട്ട് വാടക അലവന്‍സുമായി ബന്ധപ്പെട്ട വര്‍ധനയും പണപ്പെരുപ്പത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ നിര്‍ത്താനാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories