വിപണി കീഴടക്കാന്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍

വിപണി കീഴടക്കാന്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍

ഇന്ത്യയിലെ 250-750 സിസി സെഗ്‌മെന്റില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച് ഹാര്‍ലി, ട്രയംഫ്, നോര്‍ട്ടണ്‍ കമ്പനികള്‍

മുംബൈ : അടുത്ത ഒന്നുരണ്ട് വര്‍ഷങ്ങളില്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍, ട്രയംഫ്, നോര്‍ട്ടണ്‍ കമ്പനികളുടെ പെര്‍ഫോമന്‍സ് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കും. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ തയ്യാറെടുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ലഭിക്കുന്ന വന്‍ ഡിമാന്‍ഡാണ് ഹാര്‍ലി, ട്രയംഫ്, നോര്‍ട്ടണ്‍ കമ്പനികളെ ആവേശം കൊള്ളിക്കുന്നത്.

250-750 സിസി സെഗ്‌മെന്റില്‍ തങ്ങളുടെ ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിളായ സ്ട്രീറ്റ് 750 ആണ് ഹാര്‍ലി ഡേവിഡ്‌സന്റെ സംഭാവന. ബിഎംഡബ്ല്യു ടിവിഎസ്സുമായും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ബജാജ് ഓട്ടോയുമായും സഖ്യം സ്ഥാപിച്ചത് ഈ സെഗ്‌മെന്റില്‍ പ്രവേശിക്കുന്നതിനാണ്. കൂടാതെ ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ നോര്‍ട്ടണ്‍ ഇന്ത്യന്‍ കമ്പനിയായ കൈനറ്റിക്കുമായി കഴിഞ്ഞയാഴ്ച്ച പങ്കാളിത്തം സ്ഥാപിച്ചതും ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ചുതന്നെ. വരുംനാളുകളില്‍ യമഹയും മഹീന്ദ്രയും കൈകോര്‍ത്തേക്കും.

ഇന്ത്യയിലെ 250-750 സിസി സെഗ്‌മെന്റില്‍ വലിയ സാധ്യതകള്‍ കാണുന്നതായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഗ്ലോബല്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പോള്‍ സ്‌ട്രോഡ് പറഞ്ഞു. ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ ഇന്ത്യന്‍ യുവാക്കളില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ 200-750 സിസി മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് അതിവേഗ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്. വില്‍പ്പന സംബന്ധിച്ച്, വര്‍ഷംതോറും 25 ശതമാനം അധികം വളര്‍ച്ച കൈവരിക്കുന്നു. 76 ശതമാനം വിപണി വിഹിതവുമായി റോയല്‍ എന്‍ഫീല്‍ഡിനാണ് ഈ സെഗ്‌മെന്റില്‍ ആധിപത്യം.

76 ശതമാനം വിപണി വിഹിതവുമായി റോയല്‍ എന്‍ഫീല്‍ഡിനാണ് മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ആധിപത്യം

ഐഷര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ കഴിഞ്ഞ 5-7 വര്‍ഷങ്ങള്‍ക്കിടെ 10 മടങ്ങ് വളര്‍ച്ചയാണ് നേടിയത്. 21 ശതമാനം വിഹിതത്തോടെ ബജാജ് ഓട്ടോയാണ് വിപണിയില്‍ രണ്ടാം സ്ഥാനത്ത്. കെടിഎം, ഡോമിനര്‍ ബ്രാന്‍ഡുകളാണ് ബജാജ് ഓട്ടോ വില്‍ക്കുന്നത്.

ആഗോള പെര്‍ഫോമന്‍സ് ബൈക്ക് നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യ പലതുകൊണ്ടും ആകര്‍ഷകമായ വിപണിയാണ്. ഇന്ത്യയില്‍ ബ്രാന്‍ഡ് സാന്നിധ്യത്തിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന് മാത്രമല്ല, മറ്റ് വളര്‍ന്നുവരുന്ന വിപണികളില്‍ എളുപ്പത്തില്‍ പ്രവേശിക്കാനുമാകും.

ഇന്ത്യയിലെ കൈനറ്റിക്കുമായുള്ള പങ്കാളിത്തത്തിലൂടെ തെക്കുകിഴക്കേ ഏഷ്യ മുഴുവനുമാണ് നോര്‍ട്ടണ്‍ ലക്ഷ്യം വെയ്ക്കുന്നത്. ബിഎംഡബ്ല്യു ഇന്ത്യയില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 310 സിസി ബൈക്കുകളുടെ കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലും ഈ മോഡല്‍ നല്ല ചലനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ അനാവരണം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Auto