വിപണി കീഴടക്കാന്‍ തയാറെടുക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍

വിപണി കീഴടക്കാന്‍ തയാറെടുക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍

മുഖം തിരിച്ചറിഞ്ഞു സ്മാര്‍ട്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ടെക്‌നോളജി ഇന്നു സുപരിചിതമാണ്. എന്നാല്‍ ടെക്‌നോളജി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചെവി അടയാളമാക്കുന്ന തലത്തിലേക്ക് സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു.

ജപ്പാനിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ്, ഐടി ഉപകരണങ്ങളുടെ പ്രദര്‍ശനമാണു CEATEC (Combined Exhibition of Advanced Technologies). ഓരോ വര്‍ഷവും ഒക്ടോബര്‍ മാസം നടക്കുന്ന ഈ പ്രദര്‍ശനത്തിലൂടെ ലോകത്തിനു മുന്‍നിര ടെക്‌നോളജികളെ പരിചയപ്പെടുത്തുന്നു. ഈ വര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച ഏതാനും ടെക്‌നോളജികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഫിംഗര്‍പ്രിന്റ് ഇയര്‍പ്രിന്റിനു വഴിമാറും

സ്മാര്‍ട്ട് ഫോണ്‍ ഇന്‍ഡസ്ട്രിയില്‍ ബയോമെട്രിക് ടെക്‌നോളജി ഓരോ ദിവസവും പിന്നിടുന്തോറും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിക്കുകയാണ്. ഓരോ കമ്പനികളും തങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ ഫോണുകള്‍ കൂടുതല്‍ പുതുമയുള്ളതാണെന്നു ബോദ്ധ്യപ്പെടുത്താന്‍ നവീന ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചു ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതായിരുന്നു മികച്ച ടെക്‌നോളജിയെങ്കില്‍ അത് ഇപ്പോള്‍ ഫെയ്‌സ് ഐഡിയിലേക്ക് മാറി. എന്നാല്‍ സമീപകാലത്തു ഫെയ്‌സ് ഐഡിയുടെ വിശ്വാസ്യത നഷ്ടപ്പെടും വിധമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം തെളിയിച്ചിരുന്നു വിരലടയാളം, ഇങ്ക്‌ജെറ്റ് പ്രിന്റര്‍ കൊണ്ടു കുറച്ചു പ്രയോഗങ്ങള്‍ നടത്തുകയാണെങ്കില്‍ ഹാക്ക് ചെയ്യാനാകുമെന്ന്. ഈ സാഹചര്യത്തിലാണ് ഇയര്‍പ്രിന്റിന്റെ പ്രാധാന്യത്തെ കുറിച്ചു ഗവേഷകര്‍ ചിന്തിച്ചത്.

യുഎസ് അധിഷ്ഠിത ടെക്‌നോളജി സ്ഥാപനമായ ഡെസ്‌കാര്‍ടസ് ബയോമെട്രിക്‌സ് ഇയര്‍പ്രിന്റ് വികസിപ്പിച്ചെടുത്തത് ഇപ്രകാരമാണ്. ആദ്യം തന്നെ ഉപയോക്താവ് അവരുടെ സ്മാര്‍ട്ട് ഫോണിലേക്ക് ERGO സോഫ്റ്റ്‌വെയറിനെ ഡൗണ്‍ലോഡ് ചെയ്യണം. അതിനു ശേഷം ഉപയോക്താവ് തലയുടെ വശത്തേക്ക് ഉപകരണം ഉയര്‍ത്തണം. തുടര്‍ന്നു ചെവിയോട് അടുപ്പിച്ചു ടച്ച് സ്‌ക്രീനിന്റെ മധ്യഭാഗം അമര്‍ത്തണം. അപ്പോള്‍ ഒരു ശബ്ദം ചെവിയിലേക്ക് (ear canal) സഞ്ചരിക്കും. ഈ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യും. ഈ പ്രതിധ്വനി സെന്‍സറുകള്‍ ഒപ്പിയെടുക്കും. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഈ സെന്‍സറുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും. ഓരോ വ്യക്തിയുടെയും ചെവിയുടെ ഘടന വ്യത്യസ്തമായിരിക്കുന്നതിനാല്‍ പ്രതിധ്വനിക്കുന്ന ശബ്ദത്തിനും വ്യത്യസ്തതയുണ്ടായിരിക്കും. ഇതിലൂടെ ഓരോ വ്യക്തിയെയും തിരിച്ചറിയാനും സാധിക്കും.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചു ഫോണ്‍ അണ്‍ലോക്ക് ചെയ്യന്നതായിരുന്നു മികച്ച ടെക്‌നോളജിയെങ്കില്‍ അത് ഇപ്പോള്‍ ഫെയ്‌സ് ഐഡിയിലേക്കുമാറി. എന്നാല്‍ സമീപകാലത്തു ഫെയ്‌സ് ഐഡിയുടെ വിശ്വാസ്യത നഷ്ടപ്പെടും വിധമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇനി ഇയര്‍പ്രിന്റിന്റെ കാലമാണ് വരാന്‍ പോകുന്നത്. ചെവിയടയാളം തിരിച്ചറിയാനുള്ള മാര്‍ഗമായി പരിഗണിക്കുന്ന കാലം അധികം വിദൂരമല്ല.

കലോറി സ്‌കാനര്‍

അത്താഴം തയാറാണ്. എന്നാല്‍ അതു കഴിക്കാന്‍ വരട്ടെ. അതിനു മുന്‍പു കലോറി സ്‌കാനറിലൂടെ അത്താഴം പരിശോധിക്കാവുന്നതാണ്. CaloRieco എന്ന ഉപകരണമാണ് ഇതു സാധ്യമാക്കുന്നത്. പാനസോണിക് കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍. ഈ ഉപകരണം ഇന്‍ഫ്രാറെഡ് സ്‌കാനറിലൂടെ ഭക്ഷണത്തിലെ പോഷകഗുണത്തെ അളന്നെടുക്കും വെറും പത്ത് സെക്കന്‍ഡിനുള്ളില്‍. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഡയബറ്റിസ് ഉള്ളവര്‍, മറ്റ് ഡയറ്റ് സൂക്ഷിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഈ ഉപകരണം വളരെ ഗുണകരമാണ്. ഈ ഉപകരണത്തിനു പോഷകാഹാര ഡാറ്റ ശേഖരിക്കാന്‍ സാധിക്കുന്നവയാണ്. ഈ ഉപകരണം വികസിപ്പിച്ചു ഭാവിയില്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു പാചക നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്നമെന്നാണു പാനസോണിക് കമ്പനിയുടെ പ്രതീക്ഷ.

ക്യുബോ എന്ന റോബോട്ടിക് പൂച്ച

ജപ്പാനിലെ യുകായി എന്‍ജിനീയറിംഗ് സ്ഥാപനം വികസിപ്പിച്ചെടുത്തതാണ് ക്യുബോ എന്ന റോബോട്ടിക് പൂച്ച. ഈ പൂച്ചയ്ക്ക് പക്ഷേ തലയില്ല. ഉടലും വാലുമാണുള്ളത്. കുഷ്യന്‍ രൂപത്തിലുള്ളതാണ് ഇത്. നമ്മള്‍ വാല്‍സ്യത്തോടെ ഇതിനെ തലോടുമ്പോള്‍ അത് വാല് ആട്ടും. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഇതിന്റെ ബാറ്ററി. ക്യുബോ അടുത്ത ജൂണില്‍ വിപണിയിലെത്തുമാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 100 ഡോളറാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന വില.

ഡിജിറ്റല്‍ മേക്ക് ഓവര്‍

പാനസോണിക്കിന്റെ മേക്കപ്പ് ഡിസൈന്‍ ടൂള്‍ വലിയൊരു വിപ്ലവമാണു കൊണ്ടുവരാന്‍ പോകുന്നത്. ഈ ഉപകരണം ഉപയോഗിച്ചു നമ്മള്‍ക്ക് സ്വന്തം ചിത്രത്തില്‍ മേക്കപ്പ് നടത്താനാകും. മേക്കപ്പ് നടത്തി കഴിയുമ്പോള്‍ നമ്മളുടെ രൂപം എങ്ങനെയായിരിക്കുമെന്നത് മുന്‍കൂട്ടി അറിയുവാനും സാധിക്കും. മേക്കപ്പ് സ്റ്റോറുകള്‍, കല്യാണ ഫോട്ടോഗ്രാഫി സ്റ്റുഡിയോകള്‍, കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ എന്നിവയെയാണു ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.

കുട്ടികള്‍ക്കൊരു പരിപാലകന്‍

‘ ഗുഡ് മോണിംഗ്’ രാത്രി നല്ല പോലെ ഉറങ്ങാന്‍ സാധിച്ചോ ? ഒരു കുട്ടി രാവിലെ കിടക്കയില്‍നിന്നും ഉണര്‍ന്നു വരുമ്പോള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ ഇന്നു മാതാപിതാക്കള്‍ക്കു സമയമില്ല. അവര്‍ തിരക്കിലായിരിക്കും. എന്നാല്‍ ഈ കുറവ് നികത്താന്‍ ഇനി കൊക്കോട്ടു എന്ന യന്ത്രമനുഷ്യനുണ്ടാകും. പാനസോണിക്കാണു കൊക്കോട്ടു എന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബോളിന്റെ ആകൃതിയിലുള്ള ഈ യന്ത്രമനുഷ്യന് ഉറക്കം വരുന്ന കുട്ടികളെ തിരിച്ചറിഞ്ഞു കിടക്കയിലേക്കു നയിക്കാന്‍ സാധിക്കും, കുട്ടികളെ വിദ്യാഭ്യാസപരമായി മുന്നേറാന്‍ സഹായിക്കും, കുട്ടികള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാട്ടുകള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അവ ഡൗണ്‍ലോഡ് ചെയ്തു കേള്‍പ്പിക്കാനും വേണ്ടി വന്നാല്‍ പാടി കേള്‍പ്പിക്കാനും സാധിക്കും.

Comments

comments

Categories: FK Special, Slider