മൂഡിസ് റേറ്റിംഗ് ഉയര്‍ത്തിയത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കും: അനില്‍ അഗര്‍വാള്‍

മൂഡിസ് റേറ്റിംഗ് ഉയര്‍ത്തിയത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കും: അനില്‍ അഗര്‍വാള്‍

ഉല്‍പ്പാദന-പര്യവേഷണ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയുടെ വിഭവസമ്പത്ത് സുരക്ഷിതമാക്കും

ന്യൂഡെല്‍ഹി: നിക്ഷേപ യോഗ്യത അടിസ്ഥാനമാക്കി ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് മൂഡീസ് ഉയര്‍ത്തിയത് ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് വേദാന്ത റിസോഴ്‌സസ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. രാജ്യത്തിന്റെ വളര്‍ച്ച മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ചില പരിഷ്‌കരണങ്ങളുടെ ഫലമായാണ് റേറ്റിംഗ് ഉയര്‍ത്താനുള്ള മൂഡീസിന്റെ തീരുമാനമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

നിക്ഷേപം കുറഞ്ഞ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ബിഎഎ3 റേറ്റിംഗില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മൂഡീസ് ഇന്ത്യയുടെ റാങ്കിംഗ് ബിഎഎ2വിലേക്ക് ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നിരീക്ഷണം പോസിറ്റീവില്‍ നിന്നും സ്ഥിരതയിലേക്കും മൂഡീസ് ഉയര്‍ത്തിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ പരമാധികാര റേറ്റിംഗ് ഉയര്‍ത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്നാണ് അനില്‍ അഗര്‍വാള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ അവസാനം ലക്ഷ്യംകണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വിപ്ലവത്തിനാണ് നേതൃത്വം നല്‍കുന്നതെന്നും ഘടനാപരമായ ഈ മാറ്റങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നും അനില്‍ അഗര്‍വാള്‍ പറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നികുതി അടിത്തറ വിശാലമാക്കുന്നതിലും സുസ്ഥിരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ജിഡിപി വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കുന്നതിലും ഈ നടപടികള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷി ഉയര്‍ത്തുന്നതിനു വേണ്ടി (റികാപ്പിറ്റലൈസേഷന്‍) സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള നടപടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നീക്കം സര്‍ക്കാരിന്റെ കടബാധ്യത ചെറിയ തോതില്‍ വര്‍ധിപ്പിക്കും. ആഭ്യന്തര വിപണി കേന്ദ്രീകരിച്ച് ലോഹങ്ങളുടെയും ധാതുക്കളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും. ധാരാളം നിക്ഷേപമുണ്ടെങ്കിലും ഇന്ത്യ കൂടുതല്‍ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് വിദേശ കറന്‍സിയുടെ പുറത്തേക്കുള്ള ഒഴുക്ക് വര്‍ധിപ്പിക്കുന്നു. സമഗ്രമായ ഊര്‍ജ-വിഭവ നയം ആവിഷികരിക്കുന്നതും ഉല്‍പ്പാദന-പര്യവേഷണ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ വിഭവസമ്പത്ത് സുരക്ഷിതമാക്കുമെന്നും അനില്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിലൂടെ രാജ്യത്തിനു വേണ്ടി കോടികണക്കിന് രൂപ ലാഭിക്കാനും ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More