സ്‌ട്രൈഡ്‌സ് ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ വിതരണാവകാശം എറിസ് ഏറ്റെടുത്തു

സ്‌ട്രൈഡ്‌സ് ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ വിതരണാവകാശം എറിസ് ഏറ്റെടുത്തു

മുംബൈ: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്‌ട്രൈഡ്‌സിന്റെ ഇന്ത്യന്‍ വിഭാഗം സ്‌ട്രൈഡ്‌സ് ഇന്ത്യയുടെ 500 കോടി രൂപ വിലമതിക്കുന്ന ഉല്‍പ്പന്ന വിപണനശൃംഖല എറിസ് ലൈഫ് ലൈസന്‍സ് ഏറ്റെടുത്തു വില്‍ക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം സ്‌ട്രൈഡ്‌സ് ഇന്ത്യ പൊതുവില്‍ കൈകാര്യം ചെയ്യുന്ന ന്യൂറോളജി, സൈക്യാട്രി, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഗ്യാസ്‌ട്രോ എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ വിപണനം എറിസ് ഏറ്റെടുത്തു നടത്തും. അതേസമയം ഈ ഉല്‍പ്പന്നങ്ങളുടെ ആഗോള അവകാശം സ്‌ട്രൈഡ്‌സിന് തന്നെയായിരിക്കും. ഇരുകമ്പനികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 30ന് ഇടപാടുകള്‍ പൂര്‍ത്തിയാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്‌ട്രൈഡ്‌സ് ഇന്ത്യയില്‍ 181 കോടി രൂപയുടെ വില്‍പ്പന നടന്നതായി കമ്പനി അറിയിച്ചു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ എറിസ് നടത്തിയ നാലാമത്തെയും ഏറ്റവും വലുതുമായ ഏറ്റെടുക്കലാണിത്. ഇതോടെ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം (സിഎന്‍എസ്) എന്ന വിഭാഗത്തില്‍ മുന്‍നിരയിലുള്ള ആദ്യ പത്തുകമ്പനികളിലൊന്നായി എറിസ് മാറിയിരിക്കുകയാണ്. 2007ന്റെ തുടക്കം മുതല്‍ കാര്‍ഡിയോളജി വിഭാഗത്തിന്റെ ക്രോണിക് വിഭാഗത്തിലാണ് എറിസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെയാണ് സിഎന്‍എസ് മേഖലയിലേക്ക് പ്രവേശിച്ചത്. ഈ ഏറ്റെടുക്കലോടു കൂടി ക്രോണിക് വിഭാഗത്തില്‍ എറിസിന്റെ സ്ഥാനം മൂന്നാമതായി നിലനിര്‍ത്തപ്പെടുമെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

എംഎപിഇ അഡൈ്വസറി ഗ്രൂപ്പും തത്വ ലീഗലുമാണ് ഈ ഇടപാടില്‍ സ്‌ട്രൈഡ്‌സിന്റെ ഉപദേശകരായി പ്രവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം ഏണസ്റ്റ് ആന്‍സ് യംഗ് ഇന്ത്യയും ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കമ്പനിയുമാണ് എറിസ് ലൈഫ് സയന്‍സിന്റെ ഉപദേശകര്‍.

1990 ലാണ് സ്‌ട്രൈഡ്‌സ് സ്ഥാപിതമായത്. സോഫ്റ്റ് ജെല്‍ ക്യാപ്‌സ്യൂള്‍സ്, ഹാര്‍ഡ് ജെല്‍ ക്യാപ്‌സ്യൂള്‍സ്, മറ്റ് ടാബ്‌ലെറ്റുകള്‍ തുടങ്ങിയവ ഇവരുടെ ഉല്‍പ്പന്ന ശൃംഖലകളിലുണ്ട്. സിഎന്‍എസ്, കാര്‍ഡിയോ വാസ്‌കുലാര്‍, സ്ത്രീകളുടെ ആരോഗ്യം, പ്രമേഹം, വേദനാ സംഹാരികള്‍, വൈറ്റമിന്‍സ്, മിനറല്‍സ്, തുടങ്ങിയ ചികില്‍സാ വിഭാഗങ്ങള്‍ക്കുള്ള മരുന്നു വിപണനത്തിലും ഇവര്‍ മുന്‍ നിരയിലാണ്.

Comments

comments

Categories: Business & Economy