ഇത് ബാലാജിയുടെ വിജയ ‘ഭൂമി’

ഇത് ബാലാജിയുടെ വിജയ ‘ഭൂമി’

സംരംഭകനാകണം എന്ന മോഹം മനസ്സില്‍ ഉദിച്ചാല്‍ പ്രായം ഒരു തടസമാകുമോ? ഇല്ല എന്ന് തെളിയിക്കുകയാണ് റിട്ടയര്‍മെന്റിനു ശേഷം സംരംഭകത്വത്തിലേക്ക് കടന്ന ഭൂമി നാച്ചുറല്‍ പ്രോഡക്റ്റ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജി എ ബാലകൃഷ്ണന്റെ വിജയകഥ

ഇന്നത്തെ തലമുറയിലെ വിദ്യാര്‍ത്ഥികളോട് എന്താണ് ലക്ഷ്യം എന്ന് ചോദിച്ചാല്‍ നല്ലൊരു ശതമാനം പേരും പറയുക സംരംഭകനാകണമെന്നായിരിക്കും. പഠനശേഷം തൊഴില്‍ നേടി ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യുക എന്ന ചിന്തയില്‍ നിന്നും തൊഴില്‍ ദാതാവാകുക എന്ന ചിന്തയിലേക്ക് ഇന്നതെ യുവത മാറിക്കഴിഞ്ഞു. സംരംഭകത്വം എന്ന ആശയം അത്രമേല്‍ ജനകീയമായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. എന്നാല്‍ ഒരു 20 വര്‍ഷം മുന്‍പത്തെ കാര്യമെടുത്തു നോക്കാം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം പുറത്തു പറഞ്ഞാല്‍ പിന്നെ എല്ലാം പ്രശ്‌നമായിരുന്ന കാലം. വലിയ എന്തോ തെറ്റ് ചെയ്തവനെപ്പോലെ ആ സംരംഭക മോഹിയെ നാടും വീടും ഒറ്റപ്പെടുത്തിയ കാലം.

സംരംഭകത്വം എന്ന ആശയം ഇത്രയൊന്നും പ്രോത്സാഹിപ്പിക്കപ്പെടാതിരുന്ന അക്കാലത്ത്, സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവി വേണ്ടെന്നു വച്ച് ഒരുവന്‍ ബിസിനസിലേക്ക് ഇറങ്ങുന്നു. ചുറ്റും കേട്ടത് മുഴുവന്‍ നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍. എന്നിട്ടും ആ സംരംഭകന്‍ മുന്നോട്ടു പോയി. 20 വര്‍ഷങ്ങള്‍ക്കിപ്പുറം, ഭൂമി നാച്ചുറല്‍ പ്രോഡക്റ്റ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലിരിക്കുമ്പോള്‍, ജി എ ബാലകൃഷ്ണന്‍ എന്ന ആ സംരംഭകന്റെ മുന്നില്‍ നേട്ടങ്ങളുടെ കണക്കുപുസ്തകം മാത്രം.

ബാങ്കില്‍ നിന്നും വായ്പയെടുത്ത 25 ലക്ഷം രൂപയുടെ നിക്ഷേപവുമായാണ് സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. ബിസിനസിന്റെ പ്രാരംഭഘട്ടം എന്ന നിലയ്ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തി

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’

അതെ, ഏതു കാര്യത്തില്‍ ആയാലും പ്രായം ഒരു നമ്പര്‍ മാത്രമാണ് എന്നഭിപ്രായപ്പെടുന്നു ‘ഭൂമി’യിലുള്ളവര്‍ സ്‌നേഹത്തോടെ ബാലാജിയെന്നു വിളിക്കുന്ന ഈ സംരംഭകന്‍. ലീല ഗ്രൂപ്പ് സ്ഥാപകന്‍ കൃഷ്ണന്‍ നായര്‍ സംരംഭകത്വത്തിലേക്ക് കടക്കുന്നത് തന്റെ റിട്ടയര്‍മെന്റിനു ശേഷമാണ്. ബാലകൃഷ്ണനും പിന്തുടര്‍ന്നത് ഈ വഴി തന്നെയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്‌പൈസസ് ബോര്‍ഡിലായിരുന്നു അദ്ദേഹത്തിന് ജോലി. നല്ല ജോലി, ഉയര്‍ന്ന പദവി, മികച്ച ശമ്പളം…ഏതൊരു സാധാരണനക്കാരനെയും സംബന്ധിച്ച് സംതൃപ്തമായ ഒരു ജീവിതത്തിനുള്ള ചേരുവകള്‍.

എന്നാല്‍ ബാലകൃഷ്ണന്‍ ഇതില്‍ സംതൃപ്തനായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ് സംരംഭകത്വം എന്ന സ്വപ്നത്തിനു പുറകെയായിരുന്നു. സ്‌പൈസസ് ബോര്‍ഡില്‍ ജോലി ചെയ്യുന്ന വേളയില്‍ ഏറ്റവും അടുത്തറിഞ്ഞത് സുഗന്ധവ്യഞ്ജനങ്ങളെകുറിച്ചായിരുന്നു. അവയുടെ ആഗോള സാധ്യത മനസിലാക്കിയപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു.

സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സ്‌പൈസ് ഓയ്ല്‍, ഒലിയോറെസിന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള മൂല്യത്തെക്കുറിച്ച് ആഗോളതലത്തില്‍ പഠനം നടത്തിയ ശേഷം സ്വന്തം സംരംഭത്തിന്റെ അടിസ്ഥാന ആശയത്തിന് അദ്ദേഹം രൂപം നല്‍കി. വലിയ സാധ്യതകളുള്ള സുഗന്ധവ്യഞ്ജനത്തെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവ് ബാലകൃഷ്ണന്റെ സ്ഥാപനത്തിന് വളമായി.

ബാലാജിക്ക് പറയാനുള്ളത്

1. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരിക്കും സംരംഭകത്വം

2. സംരംഭകനാകാന്‍ പ്രായം ഒരിക്കലും തടസമല്ല. 15-ാം വയസില്‍ സംരംഭകരായവരും ഇവിടെയുണ്ട്

3. ‘ഫോളോ യുവര്‍ പാഷന്‍’, വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും

4. ഏതു സംരംഭം തുടങ്ങുമ്പോഴും അതിനെക്കുറിച്ച് വ്യക്തമായി പഠിക്കുക

5. ബിസിനസില്‍ ലാഭനഷ്ടങ്ങള്‍ ഉണ്ടാകുമെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കരുത്

6. വിശ്വസ്തരായവരെ മാത്രം കൂടെ നിര്‍ത്തുക

7. ഓരോ ദിവസവും വിപണിയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ പഠിക്കുക

വിആര്‍എസ് എന്ന കടമ്പ

സ്‌പൈസസ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ പോകുന്നുവെന്ന വിവരം പുറത്തു പറഞ്ഞപ്പോള്‍ മുതല്‍ വിവിധ രീതിയിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. വന്‍ നിക്ഷേപം വേണ്ടി വരും എന്നതായിരുന്നു ആദ്യ പ്രശ്‌നം. സ്‌പൈസസ് വിപണിയുടെ സാധ്യതകളെ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിച്ചിരുന്നത് പോലെ സ്വകാര്യ സ്ഥാപനത്തില്‍ ചെയ്യുന്നത് ശ്രമകരമാണ് എന്നത് മറ്റൊരു തടസം. അക്കമിട്ടു നിരത്തിയ ഈ തടസങ്ങളുടെയെല്ലാം ഒരു പടി മുകളിലായിരുന്നു ബാലകൃഷ്ണന്റെ ‘പ്രായം’ എന്ന പ്രശ്‌നം. 45 വയസിനിപ്പുറം സംരംഭം തുടങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സര്‍വീസില്‍ നിന്നും വിആര്‍ എസ് എടുത്ത് പുതുസംരംഭം തുടങ്ങി ഇതിനെല്ലാം അദ്ദേഹം മറുപടി പറഞ്ഞു.

1998-ലാണ് ബാലകൃഷ്ണന്‍ സ്‌പൈസസ് ബോര്‍ഡില്‍ നിന്നും വോളന്ററി റിട്ടയര്‍മെന്റ് എടുക്കുന്നത്. ശേഷം, നേരിട്ട് സ്വന്തം സംരഭത്തിലേക്ക് കടക്കുകയല്ല അദ്ദേഹം ചെയ്തത്. ഒലിയോറസിനുമായി ബന്ധപ്പെട്ട വിപണന ശൃംഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി സുഗന്ധവ്യഞ്ജന എണ്ണയുടെ ഉല്‍പ്പാദനവും കയറ്റുമതിയുമുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തു. ഒന്നും രണ്ടും വര്‍ഷമല്ല, ഏഴു വര്‍ഷം. ഈ കാലയളവില്‍ എല്ലാം തന്നെ അദ്ദേഹം തന്റെ ബിസിനസിന്റെ അടിത്തറ ഒരുക്കുകയായിരുന്നു. ഒടുവില്‍, 2006-ലായിരുന്നു അത് സംഭവിച്ചത്. തന്റെ 55-ാം വയസ്സില്‍ ബാലകൃഷ്ണന്‍ ഭൂമി നാച്ചുറല്‍ പ്രോഡക്റ്റ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.

പുതിയ ആകാശം പുതിയ ‘ഭൂമി’

സ്ഥാപനത്തിന് പേര് നിശ്ചയിക്കുമ്പോള്‍, പല ഇംഗ്ലീഷ് വാക്കുകളും മനസില്‍ വന്നു. അപ്പോള്‍ സംസ്‌കൃതം അധ്യാപികയായ ഭാര്യയാണ് ഭൂമി എന്ന പേര് നിര്‍ദ്ദേശിച്ചത്. സുഗന്ധവ്യഞ്ജനങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നത് ഭൂമിയാണ്. ആ അര്‍ത്ഥത്തില്‍ ആ പേരുതന്നെയാണ് എന്റെ സംരംഭത്തിന് ഏറ്റവും ഉചിതമെന്ന് തോന്നി-ജി എ ബാലകൃഷ്ണന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

സ്വന്തം സ്ഥാപനം എന്ന നിലയിലേക്ക് വന്നപ്പോള്‍ ചുമതലകളും വര്‍ദ്ധിച്ചു. തനിക്കേറെ ഇഷ്ടപ്പെട്ട മേഖലയില്‍ ബിസിനസ് ചെയ്യുമ്പോള്‍ തെറ്റുകള്‍ പറ്റരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ തന്റെ ബിസിനസ് ആശയം സുഹൃത്തുക്കളായ കെ ജയചന്ദ്രന്‍ (ഡയറക്റ്റര്‍), കെ എസ് സുരേഷ് കുമാര്‍ (ഹെഡ്, സപ്ലൈ ചെയ്ന്‍) എന്നിവരുമായി ബാലകൃഷ്ണന്‍ പങ്കുവച്ചു. അങ്ങനെ അവരും പൂര്‍ണ്ണസമ്മതത്തോടെ ഭൂമി നാച്ചുറല്‍സിന്റെ ഭാഗമായി.

ബാങ്കില്‍ നിന്നും വായ്പയെടുത്ത 25 ലക്ഷം രൂപയുടെ നിക്ഷേപവുമായാണ് സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. ബിസിനസിന്റെ പ്രാരംഭഘട്ടം എന്ന നിലയ്ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തി. പിന്നീട് അവരില്‍ നിന്നും മായം കലരാത്ത ഒന്നാംതരം ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംസ്‌കരിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു-ബാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു.

തുണയായി വിദേശ വിപണി

സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എണ്ണകള്‍, ഒലിയോറെസിന്‍, ഓര്‍ഗാനിക് ഹെര്‍ബുകള്‍, പൂക്കളില്‍ നിന്നുള്ള സത്തുകള്‍, നാച്ചുറല്‍ കളേഴ്‌സ്, ഓര്‍ഗാനിക് എസെന്‍ഷ്യല്‍ ഓയ്ല്‍സ്, ഓര്‍ഗാനിക് സ്‌പൈസസ് എന്നിവയാണ് ഭൂമി നാച്ചുറല്‍സിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ഒലിയോറെസിന്‍ വിപണിയില്‍ കേരളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളോട് നേരിട്ടൊരു മത്സരത്തിന് പോകാത്ത രീതിയില്‍, സ്വന്തമായൊരു ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിച്ചു കൊണ്ടായിരുന്നു ഭൂമിയുടെ മുന്നേറ്റം. തുടക്കം മുതലേ വിദേശരാജ്യങ്ങളായിരുന്നു പ്രധാന വിപണി. ജപ്പാനിലേക്കായിരുന്നു കയറ്റുമതി അധികവും. പിന്നീട്, വിപണി സാധ്യതകള്‍ വികസിക്കുന്നതനുസരിച്ച് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലേക്ക് കമ്പനി കടന്നു.

അമേരിക്ക, യൂറോപ്പ്, യുഎഇ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭൂമി നാചുറല്‍സ് വിപണി വ്യാപിപ്പിച്ചു. ഒസാക്ക (ജപ്പാന്‍), ദുബായ്, യുഎഇ എന്നിവിടങ്ങളില്‍ അസോസിയേറ്റ് ഓഫീസുകളുള്ള ഭൂമി വിദേശരാജ്യങ്ങളുമായി സഹകരിച്ചാണ് മികച്ച ഉല്‍പ്പാദന, സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.

വിപുലമായ വികസന പദ്ധതികള്‍

ബാലകൃഷ്ണന്റെ സംരംഭം വിജയകരമായി ഒരു ദശകം പൂര്‍ത്തിയാക്കി മുന്നേറുകയാണ്. തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളത്തുള്ള ആദ്യ ഫാക്റ്ററി ഇപ്പോള്‍ വിപുലീകരണത്തിന്റെ പാതയിലാണ്. ഈ ഫാക്റ്ററിയോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ സ്ഥലത്ത് പുതിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. ഐരാണിക്കുളം എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് കമ്പനി നിരവധി സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളും ഈ പ്രദേശത്തു നടപ്പാക്കുന്നുണ്ട്.

ഭൂമിയില്‍ മനുഷ്യരുള്ള കാലമത്രയും ഈ മേഖലയുടെ വിപണി സാധ്യതകള്‍ നിലനില്‍ക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് ചേര്‍ക്കാത്ത ഭക്ഷ്യവസ്തുക്കള്‍ ഇന്ന് വിരളമാണ്. മാത്രമല്ല, ആയുര്‍വേദമരുന്നുകളിലും അലോപ്പതി മരുന്നുകളിലും ഒരുപോലെ സുഗന്ധവ്യഞ്ജന എണ്ണകള്‍ ഉപയോഗിക്കുന്നു. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഭൂമി വിപണിയെ സമീപിക്കുന്നത്. അതിനാല്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും തന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല-ബാലകൃഷ്ണന്‍ പറയുന്നു. 2020-ല്‍ 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി ഉയരുകയെന്നതാണ് ഭൂമി ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK Special, Slider