സൗദിയില്‍ 25 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ സോഫ്റ്റ്ബാങ്ക്

സൗദിയില്‍ 25 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ സോഫ്റ്റ്ബാങ്ക്

സൗദിയുടെ സ്വപ്‌നനഗരമായ നിയോമില്‍ 15 ബില്ല്യണ്‍ ഡോളറും സൗദി ഇലക്ട്രിസിറ്റി കോയില്‍ 10 ബില്ല്യണ്‍ ഡോളറുമാണ് ജാപ്പനീസ് ഭീമന്‍ നിക്ഷേപിക്കുന്നത്

റിയാദ്: പേര് മസയോഷി സണ്‍. ജപ്പാനിലെ വമ്പന്‍ കമ്പനി സോഫ്റ്റ്ബാങ്കിന്റെ ഉടമ. ലോകം മുഴുവന്‍ നടന്ന് സംരംഭകരെ പ്രോത്സാഹിപ്പിക്കലും വന്‍നിക്ഷേപം നടത്തലുമെല്ലാമാണ് കക്ഷിയുടെ അഭിനിവേശം. ലോകത്തെ വിസ്മയിപ്പിച്ച ആലിബാബയും ഇന്ത്യയിലെ എണ്ണം പറഞ്ഞ പല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമെല്ലാം സോഫ്റ്റ്ബാങ്കിന്റെ കരുത്തിലാണ് മുന്നേറുന്നത്. മസയോഷി സണ്‍ ഇപ്പോള്‍ സൗദിയില്‍ ശ്രദ്ധ വെച്ചിരിക്കുകയാണ്. ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോകുന്ന സൗദിയില്‍ 25 ബില്ല്യണ്‍ ഡോളറാണ് സണിന്റെ സോഫ്റ്റ്ബാങ്ക് നിക്ഷേപിക്കാന്‍ പോകുന്നത്. അതും അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ നിയോം നഗരം വികസിപ്പിക്കുന്നതിനായി 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് നടത്തുക.

500 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഉയരുന്ന നിയോം നഗരം ഇതിനടോകം തന്നെ വന്‍ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സൗദിയെ അടിമുടി മാറ്റുകയെന്ന പദ്ധതിയിലാണ് നിയോം ആവിഷ്‌കരിക്കുന്നത്. പൂര്‍ണമായും കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാകും നിയോം നഗരത്തിലെ സംവിധാനങ്ങള്‍ സജ്ജീകരിക്കുകയെന്നാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

സൗദിയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7.45 ബില്ല്യണ്‍ ഡോളറായിരുന്നു. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സോഫ്റ്റ്ബാങ്ക് എന്ന ഒറ്റ കമ്പനി തന്നെ 25 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം സൗദിയില്‍ നടത്താന്‍ തയാറാകുന്നത് എന്നത് ശ്രദ്ധേയമാകുന്നത്‌

വ്യത്യസ്തമായുള്ള സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിനായി സോഫ്റ്റ്ബാങ്ക് രൂപീകരിച്ച വിഷന്‍ ഫണ്ട് സൗദി സര്‍ക്കാരിന്റെ കീഴിലുള്ള സൗദി ഇലക്ട്രിസിറ്റി കോയില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും റിപ്പാര്‍ട്ടുകളുണ്ട്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

നിയോമില്‍ തങ്ങളുടെ ചില ഗ്രൂപ്പ് കമ്പനികളുടെ ഓഫീസ് തുടങ്ങാനും സോഫ്റ്റ്ബാങ്കിന് പദ്ധതിയുണ്ടെന്നറിയുന്നു. അഴിമതിക്കെതിരെ അടുത്തിടെ പ്രിന്‍സ് സല്‍മാന്‍ നടത്തിയ വമ്പന്‍ നീക്കങ്ങള്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം ജനിപ്പിക്കാന്‍ പോന്നവയാണെന്നാണ് ചിലരുടെ വിലയിരുത്തല്‍.

എണ്ണയില്‍ നിന്നും സൗദി സമ്പദ് വ്യവസ്ഥയെ വേര്‍പെടുത്തി സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിക്ക് സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപം കരുത്ത് പകരുമെന്നാണ് സൂചന. സൗദിയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7.45 ബില്ല്യണ്‍ ഡോളറായിരുന്നു. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സോഫ്റ്റ്ബാങ്ക് എന്ന ഒറ്റ കമ്പനി തന്നെ 25 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം സൗദിയില്‍ നടത്താന്‍ തയാറാകുന്നത് എന്നത് ശ്രദ്ധേയമാകുന്നത്. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്നലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരി വിലയില്‍ 1.6 ശതമാനം വര്‍ധനയുണ്ടായി.

ഈജിപ്റ്റിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ചുവന്ന കടലിന് സമീപം നിയോം എന്ന അല്‍ഭുത നഗരം സൗദി വികസിപ്പിക്കുന്നത്. ഏകദേശം 10,000 സ്‌ക്വയര്‍ മൈലുകളിലാണ് നഗരം വികസിപ്പിക്കുന്നത്.

Comments

comments

Categories: Arabia