ജനാധിപത്യ പ്രക്രിയയ്ക്കു നവമാധ്യമങ്ങള്‍ ഭീഷണിയോ ?

ജനാധിപത്യ പ്രക്രിയയ്ക്കു നവമാധ്യമങ്ങള്‍ ഭീഷണിയോ ?

ഭരണകൂടങ്ങള്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നു പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയിലും യൂറോപ്പിലും തെറ്റായ പ്രചാരണങ്ങള്‍ റഷ്യ നടത്തിയതു പോലെ, ചില ഭരണകൂടങ്ങള്‍ നവമാധ്യമങ്ങളിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും വിദേശത്തു തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.

30 രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍, തെരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെടുന്നതിനും, ജനാധിപത്യ വിരുദ്ധ അജന്‍ഡകള്‍ പ്രചരിപ്പിച്ച് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനും, സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന പൗരന്മാരേയും ശക്തികളെയും അടിച്ചമര്‍ത്തുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.

യുഎസിലെ എന്‍ജിഒയായ ഫ്രീഡം ഹൗസ്, ‘ ന്യൂ ഫ്രീഡം ഓണ്‍ ദി നെറ്റ് റിപ്പോര്‍ട്ട് ‘ എന്ന തലക്കെട്ടില്‍ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17 രാജ്യങ്ങളിലെ പൊതു തെരഞ്ഞെടുപ്പുകളില്‍ കൃത്രിമവും, തെറ്റായ സന്ദേശം നല്‍കുന്നതുമായ തന്ത്രം പ്രയോഗിച്ചെന്നും അതുവഴി സത്യസന്ധമായ വാര്‍ത്തകളെയും ആധികാരികമായ ചര്‍ച്ചകളെയും അടിസ്ഥാനപ്പെടുത്തി നേതാക്കളെ തെരഞ്ഞെടുക്കാനുള്ള പൗരന്റെ കഴിവിനെ നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

അമേരിക്കയിലും യൂറോപ്പിലും തെറ്റായ പ്രചാരണങ്ങള്‍ റഷ്യ നടത്തിയതു പോലെ, ചില ഭരണകൂടങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും വിദേശത്തു തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഗൂഢാലോചന നടത്തിയ ഭരണകൂടങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ തങ്ങളുടെ അധികാരങ്ങള്‍ നിലനിര്‍ത്തുന്നതിനാണു നവമാധ്യമങ്ങളിലൂടെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 65 രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളില്‍ വെനസ്വേല, ഫിലിപ്പീന്‍സ്, തുര്‍ക്കി ഉള്‍പ്പെടെ 30-ാളം രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നയരൂപീകരണ സൈന്യത്തെ (armies of opinion shapers) ഉപയോഗിച്ചു സര്‍ക്കാര്‍ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയും, പ്രത്യേക അജന്‍ഡകള്‍ നടപ്പാക്കുകയും, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ നേരിടുകയും ചെയ്തു. ഈ 30 രാജ്യങ്ങളിലും സര്‍ക്കാരിന് അനുകൂലമായ വിധത്തില്‍ ഡിജിറ്റല്‍ ലോകത്തു വിവരങ്ങള്‍ അവതരിപ്പിക്കാന്‍ വ്യക്തികള്‍ക്കു പണം നല്‍കുകയുമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

65 രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളില്‍ വെനസ്വേല, ഫിലിപ്പീന്‍സ്, തുര്‍ക്കി ഉള്‍പ്പെടെ 30-ാളം രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നയരൂപീകരണ സൈന്യത്തെ ഉപയോഗിച്ചു സര്‍ക്കാര്‍ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയും, പ്രത്യേക അജന്‍ഡകള്‍ നടപ്പാക്കുകയും, ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ നേരിടുകയും ചെയ്തു.

ജനാധിപത്യത്തിനും ജനകീയ മുന്നേറ്റങ്ങള്‍ക്കും ഇത്തരം തെറ്റായ പ്രചരണങ്ങള്‍ ദോഷകരമാണ്. ഭൂരിഭാഗം പൗരന്മാരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നെന്ന തെറ്റായ ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുകയും ആ ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഭരണകൂടങ്ങള്‍ക്ക് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ എളുപ്പം സാധിക്കുന്നു. ന്യായവും സത്യസന്ധവുമായ ചര്‍ച്ചകള്‍ ഇല്ലാതെ നിയമങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജനാധിപത്യവിരുദ്ധ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുവാനും അധികാരികള്‍ക്കു കഴിയുന്നു.
ഫിലിപ്പീന്‍സില്‍ കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുന്നതിനായി സ്ഥാനാര്‍ഥിയായിരുന്ന റോഡ്രിഗോ ഡ്യുട്ടെര്‍ട്ട് (ഇപ്പോള്‍ പ്രസിഡന്റ്) കീ ബോര്‍ഡ് ആര്‍മി എന്ന സംഘത്തെ ഉപയോഗിച്ച് അനുകൂല വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. അധികാരത്തിലേറിയതിനു ശേഷം അദ്ദേഹം നടത്തിയ മയക്കുമരുന്ന് വേട്ടയെ ന്യായീകരിക്കാനും നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി. ഫിലിപ്പീന്‍സില്‍ സമീപകാലത്തു നടന്ന മയക്കുമരുന്ന് വേട്ട വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ പ്രസിഡന്റ് നിരവധി പേരെയാണു കൊന്നൊടുക്കിയത്. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവരികയുമുണ്ടായി. രാഷ്ട്രീയ എതിരാളികളെയാണ് പ്രസിഡന്റ് മയക്കുമരുന്ന് വേട്ടയുടെ പേരില്‍ കൊന്നൊടുക്കുന്നതെന്നും പ്രചരിച്ചിരുന്നു.

അജന്‍ഡകള്‍ നടപ്പിലാക്കാനും, എതിരാളികളെ അമര്‍ച്ച ചെയ്യാനും തുര്‍ക്കിയില്‍ ഭരണപാര്‍ട്ടി 6,000 പേരെയാണ് ഉപയോഗിച്ചത്. ഫിലിപ്പീന്‍സിലും തുര്‍ക്കിയിലും ഭരണകൂടങ്ങള്‍ ഉപജാപങ്ങളിലൂടെ കൃത്രിമത്വം കാണിച്ചെങ്കില്‍ സുഡാനില്‍ ഭരണകൂടത്തിന്റെ സമീപനം കൂടുതല്‍ നേരിട്ടുള്ളതായിരുന്നു. അവര്‍ ചെയ്തത് എന്തെന്നു വച്ചാല്‍ രാജ്യത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുള്ളില്‍ തന്നെ ഒരു യൂണിറ്റിനെ രൂപീകരിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കു പൊതുജനമധ്യത്തില്‍ പിന്തുണയുണ്ടാക്കി. തലവേദന സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മെക്‌സിക്കോയില്‍ പ്രസിഡന്റ് എന്റിക്വേ പെന 75,000 പെനാബോട്ടുകള ഉപയോഗിച്ചാണ് ഓണ്‍ലൈനില്‍ തന്റെ എതിരാളികളെ നേരിട്ടത്. സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായങ്ങളെ മറികടക്കുന്നതിനും മെക്‌സിക്കന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഓട്ടോമേറ്റഡ് അക്കൗണ്ടുകളുടെ നെറ്റ്‌വര്‍ക്കിനെയാണ് പെനാബോട്ടുകളെന്നു പറയുന്നത്.

സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്ന ഭരണകൂടങ്ങള്‍, മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടു വിശദീകരിക്കുന്നുണ്ട്. ഭരണവിരുദ്ധ തരംഗം സൃഷ്ടിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതു മനസിലാക്കിയ ഭരണകൂടം അവര്‍ക്കെതിരേ സാധിക്കുന്ന വിധത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാനും ശ്രമിക്കുന്നു. സ്വതന്ത്ര നിലപാട് പുലര്‍ത്തുന്ന ന്യൂസ് വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത് പതിവായി. 30 രാജ്യങ്ങളില്‍ പ്രഫഷണല്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയതിന്റെ പേരില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വന്നു. മ്യാന്‍മാറില്‍ ഒരു റിപ്പോര്‍ട്ടര്‍ ഭരണകൂടത്തില്‍ നടന്ന അഴിമതിയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് കൊല ചെയ്യപ്പെടുകയുണ്ടായി. ഇസ്ലാമിനെ പരിഹസിക്കുംവിധമുള്ള കാര്‍ട്ടൂണ്‍ വരച്ച ജോര്‍ദാനിലെ ഒരു കാര്‍ട്ടൂണിസ്റ്റും കൊല്ലപ്പെടുകയുണ്ടായി. ചൈന, മെക്‌സിക്കോ, ബഹ്‌റിന്‍, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വന്തം പൗരന്മാരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതു തടയാന്‍ സൊമാലി ലാന്‍ഡില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചു

1991-ല്‍ സൊമാലിയയില്‍ നിന്നും സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച രാജ്യമാണു സൊമാലിലാന്‍ഡ്. ഇവിടെ ഈ മാസം 13ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം പത്തിന് ആ രാജ്യത്തെ നാഷണല്‍ ഇലക്ട്രറല്‍ കമ്മിഷന്‍ ഒരു മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ക്കുകയുണ്ടായി. തുടര്‍ന്ന് ഇലക്ഷന്‍ ഫലം പുറത്തുവരുന്നതു വരെ രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിച്ചിരിക്കുകയാണെന്നും പ്രഖ്യാപിച്ചു. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായൊരു തെരഞ്ഞെടുപ്പ് നടക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു നിരോധനമെന്നതും ശ്രദ്ധേയമായി. 2015 മെയ് മാസം, അഭിപ്രായ പ്രകടനത്തിനായി രാജ്യാന്തരതലതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിലെ വിദഗ്ധര്‍ ഒരു സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു. ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനങ്ങളും സേവനങ്ങളും ഇല്ലാതാക്കുന്നതും നിരോധിക്കുന്നതുമൊക്കെ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നതായിരുന്നു ആ പ്രഖ്യാപനം. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ സൊമാലിലാന്‍ഡില്‍ സര്‍ക്കാര്‍ ചെയ്തതും നിയമലംഘനമാണ്. എന്നാല്‍ സൊമാലിലാന്‍ഡിന്റെ അയല്‍രാജ്യങ്ങളായ സുധാന്‍, സൗത്ത് സുധാന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നതും മറ്റൊരു വസ്തുതയാണ്.

Comments

comments

Categories: FK Special, Slider