ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കരുത്

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കരുത്

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ രണ്ടെണ്ണം വിലക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം നടത്തിയ ഇടപെടല്‍ ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതല്ല. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുത്. തീര്‍ത്തും തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്

ഗോവയില്‍ നടക്കാനിരിക്കുന്ന ഇത്തവണത്തെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങും മുമ്പേ വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവല്‍ ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ രണ്ടെണ്ണം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം തീരുമാനിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറിയുടെ നേതൃസ്ഥാനത്തുനിന്ന് പ്രമുഖ സംവിധായകന്‍ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തു. ഒട്ടും ആശാസ്യമല്ലാത്ത രീതിയാണിത്.

പ്രമുഖ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയാണ് വിലക്കിയ ഒരു ചിത്രം. എന്ത് ആശയമാണ് ചിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നതുപോലും കണക്കിലെടുക്കാതെ പേര് മാത്രം നോക്കിയാണോ കേന്ദ്രം ഇത്തരം ഒരു ഇടപെടല്‍ നടത്തിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ, അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമെന്ന് കരുതുന്നവര്‍ ഭരണത്തിലിരിക്കുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

ഒട്ടനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വ്യത്യസ്ത ചിത്രമെന്ന് വിലയിരുത്തപ്പെട്ട സൃഷ്ടിയാണ് എസ് ദുര്‍ഗ. സെക്‌സി ദുര്‍ഗയെന്ന ചിത്രത്തിന്റെ പേര് പിന്നീടാണ് സെന്‍സറിംഗിന്റെ ഭാഗമായി എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്. റോട്ടര്‍ഡാം രാജ്യാന്തര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം വലിയ അംഗീകാരങ്ങള്‍ ലഭിച്ച ചിത്രത്തിന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അനുമതി നിഷേധിക്കപ്പെടുന്നുവെന്നത് ശരിയായ കാര്യമല്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രവി ജാദവിന്റെ ന്യൂഡ് ആണ് കേന്ദ്രം ഒഴിവാക്കിയ രണ്ടാമത്തെ ചിത്രം. 13 അംഗങ്ങളുള്ള ജൂറി തെരഞ്ഞെടുത്ത ഈ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതായ കാരണങ്ങള്‍ എന്താണെന്ന് ബോധ്യപ്പെടുത്താനുള്ള ധാര്‍മികതയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജൂറിക്കുണ്ട്. ആ സ്വാതന്ത്ര്യത്തെയാണ് കാരണങ്ങളില്ലാതെ ഇപ്പോള്‍ വാര്‍ത്താവിതരണ മന്ത്രാലയം ഹനിച്ചിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഇടങ്ങള്‍ ചുരുങ്ങിവരുന്നതായാണോ ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഭരണഘടന നമുക്ക് നല്‍കുന്ന അവകാശമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഇത് കമ്യൂണിസ്റ്റ് ചൈനയോ മതരാഷ്ട്രമോ അല്ലെന്നുള്ള ഓര്‍മപ്പെടുത്തല്‍ അനിവാര്യമാകുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പേരിനെ ചൊല്ലി സിനിമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം അപക്വമായോ നമ്മുടെ സമൂഹം എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാജ്യത്തെ തുറന്ന സമ്പദ് വ്യവസ്ഥയാക്കും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി ഒരു തുറന്ന സമൂഹമായിക്കൂടി ഭാരതത്തെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണം. എങ്കില്‍ മാത്രമേ തുറന്ന സമ്പദ് വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാകൂ.

ഭരണത്തിലിരിക്കുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്രത്തിന്റെ അടിത്തറയിളക്കാത്ത തരത്തിലുള്ള സ്വാതന്ത്ര്യവും തുറന്ന സമീപനവും പുലര്‍ത്തിയാല്‍ മാത്രമേ സമൂഹം വികസിക്കുകയുള്ളൂ. കൊട്ടിയടയ്ക്കപ്പെട്ട വികസന മാതൃകകള്‍ക്കൊന്നും നിലനില്‍പ്പുണ്ടായിട്ടില്ല. ഇന്നൊവേഷനിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് പ്രധാനപ്പെട്ട ഘടകമാണ്.

Comments

comments

Categories: Editorial, Slider