അട്ടിമറികളില്‍ രക്ഷകരാകുന്ന സൈബര്‍പോരാളികള്‍

അട്ടിമറികളില്‍ രക്ഷകരാകുന്ന സൈബര്‍പോരാളികള്‍

വിമാനത്താവളങ്ങള്‍, ആണവനിലയങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നു രക്ഷിക്കാന്‍ സര്‍ക്കാരിന്റെ മാസ്റ്റര്‍പ്ലാന്‍

ലോകമെങ്ങും ഭീതി വിതയ്ക്കുന്ന പുതുതലമുറ ഭീകരന്മാരാണ് ഹാക്കര്‍മാര്‍. ഇന്റര്‍നെറ്റ് അധിഷ്ഠിത സാങ്കേതികവിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന ആധുനികലോകത്ത് സൈബര്‍ ലോകത്തിലെ ഈ ഭീകരന്മാര്‍ എന്ത് അട്ടിമറിയും നടത്തിയേക്കാം. വൈറസുകള്‍ കടത്തിവിട്ട് കംപ്യൂട്ടര്‍ ശൃംഖലകള്‍ താറുമാറാക്കുകയും പ്രശ്‌നപരിഹാരത്തിന് മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. എന്നാല്‍ ഇവര്‍ സാമ്പത്തിക നേട്ടം മാത്രമായിരിക്കണമെന്നില്ല കംപ്യൂട്ടര്‍ വിശാരദന്മാരായ ഇവരുടെ ലക്ഷ്യം. പുതിയ സോഫ്റ്റ്‌വെയറുകളുടെ കണ്ടുപിടിത്തവും പ്രയോഗവും നല്‍കുന്ന ത്രില്‍ ആസ്വദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ക്രിമിനല്‍ ബുദ്ധിയുള്ളവരെ ഭീകരസംഘടനകള്‍ക്ക് ഉപയോഗിക്കാനായാല്‍ ലോകത്തിനു സംഭവിക്കാവുന്ന ഭവിഷ്യത്തുകള്‍ പ്രവചനാതീതമായിരിക്കും. സാധാരണ സാങ്കേതികപ്രശ്‌നങ്ങള്‍ പോലെയല്ല ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ കുഴപ്പങ്ങള്‍. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനും മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സോഫ്റ്റ് വെയറുകളും പിന്തുടരുക ശ്രമകരമായിരിക്കും. ആക്രമണം നടന്നതിനു ശേഷം കുറഞ്ഞ സമയമേ കിട്ടുകയുള്ളൂവെന്നതിനാല്‍ ഇവ ഭേദിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഹാക്കിംഗിന്റെ പ്രഹരശേഷിയുടെ ശക്തി കൂടാന്‍ കാരണമിതാണ്.

ഭീകരപ്രവര്‍ത്തനങ്ങളുടെ കെട്ടുംമട്ടും മാറിയിരിക്കുന്ന പുതുയുഗത്തില്‍ ഹാക്കര്‍മാരുടെ സാന്നിധ്യം ലോകമെമ്പാടും ഭീതി വിതച്ചിട്ടുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ സംഘങ്ങളെ പണം കൊടുത്ത് ഉപയോഗിക്കുന്നതു കൂടാതെ പല ഭീകരസംഘടനകളിലും ഹാക്കര്‍മാര്‍ സജീവാംഗങ്ങളാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മെട്രോ ട്രെയ്ന്‍ വിദൂര നിയന്ത്രണത്താല്‍ പെട്ടെന്നു പുറകോട്ടോടുന്നതും അതേ ട്രാക്കില്‍ ഓടുന്ന മറ്റൊന്നുമായി കൂട്ടിയിടിച്ചാലുള്ളതും റണ്‍വേയുടെ വാലറ്റത്തിറങ്ങുന്ന വിമാനം നിയന്ത്രണംവിട്ട് സുരക്ഷാഭിത്തിയിലിടിച്ച് വന്‍ദുരന്തമുണ്ടാകുന്നതും പോലുള്ള സാഹചര്യങ്ങള്‍ ഓര്‍ത്തു നോക്കുക. ഹാക്കര്‍മാര്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ എവിടെ നിന്നും നടത്താന്‍ കഴിയും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന ബദല്‍ സംവിധാനമാണ് എത്തിക്കല്‍ (നൈതിക) ഹാക്കര്‍മാര്‍ അഥവാ വൈറ്റ് ഹാറ്റ്‌സ് എന്നറിയപ്പെടുന്നത്. ഇവരും ഹാക്കര്‍മാര്‍ തന്നെ. ആക്രമണകാരികളായ ഹാക്കര്‍മാരെപ്പോലെ കംപ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറുകയാണ് ഇവരും ചെയ്യുന്നത്. ഇങ്ങനെ നിര്‍ണായക മേഖലകളിലെ പിഴവുകളും പഴുതുകളും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഇവരുടെ രീതി. മെട്രോ റെയിലുകള്‍, വിമാനത്താവളങ്ങള്‍, ആണവനിലയങ്ങള്‍, ബാങ്കുകള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കംപ്യൂട്ടര്‍ ശൃംഖലകളില്‍ നിയന്ത്രിത ആക്രമണങ്ങള്‍ നടത്തി ഇവര്‍ സംവിധാനത്തിന്റെ ദൗര്‍ബല്യം കണ്ടെത്തുന്നു.

സാധാരണ സാങ്കേതികപ്രശ്‌നങ്ങള്‍ പോലെയല്ല ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ കുഴപ്പങ്ങള്‍. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനും മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സോഫ്റ്റ് വെയറുകളും പിന്തുടരുക ശ്രമകരമായിരിക്കും. ആക്രമണം നടന്നതിനു ശേഷം കുറഞ്ഞ സമയമേ കിട്ടുകയുള്ളൂവെന്നതിനാല്‍ ഇവ ഭേദിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഹാക്കിംഗിന്റെ പ്രഹരശേഷിയുടെ ശക്തി കൂടാന്‍ കാരണമിതാണ്

സൈബര്‍ഇടത്തിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കിയാലേ മേല്‍പ്പറഞ്ഞ നിര്‍ണായകമേഖലകളില്‍ കുറ്റമറ്റ സുരക്ഷിതസംവിധാനമൊരുക്കി ഭീഷണിയകറ്റാന്‍ സാധിക്കുകയുള്ളൂ. ഇതിനു വേണ്ടി വിപുലമായ സംവിധാനമൊരുക്കിയിരിക്കുകയാണു സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി 20ന് ഉദ്ഘാടനം ചെയ്യുന്ന ആഗോള സൈബര്‍ സ്‌പേസ് ഉച്ചകോടിയുടെ സുപ്രധാനഭാഗമാണ് ഹാക്കിംഗ് യജ്ഞം അഥവാ ഹാക്കത്തോണ്‍. സര്‍ക്കാര്‍ തന്നെ അനുഗ്രാശിസ്സുകള്‍ നല്‍കി നടത്തുന്ന ഇത്തരമൊരു ഹാക്കിംഗ് യജ്ഞത്തിന് നിരവധി ഗുണങ്ങളുണ്ട്. ഇതിനായി ഡെല്‍ഹിയില്‍ ഒരു മാതൃകാ സൈബര്‍ ഭൂമിക സൃഷ്ടിച്ചിരിക്കുകയാണ്. മെട്രോ റെയിലുകള്‍, വിമാനത്താവളങ്ങള്‍, ആണവനിലയങ്ങള്‍, ബാങ്കുകള്‍, ഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയുടെയെല്ലാം യഥാതഥമായ സങ്കേതങ്ങളും നിര്‍ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാതൃകകള്‍ ഇതില്‍ ഉപയോഗിക്കുന്നു. ഈ ശൃംഖലകള്‍ നൈതിക ഹാക്കര്‍മാര്‍ ഭേദിക്കുകയാണെങ്കില്‍ പിഴവുകളെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ലഭിക്കും. ഇത് ശൃംഖലയുടെ കുറവുകള്‍ പരിഹരിക്കാനും ആക്രമണകാരികളായ ഹാക്കര്‍മാരെ തുരത്താനും ഉപയുക്തമാകുന്നു. നിയമപരവും നിയമവിരുദ്ധവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സര്‍ക്കാരും അധികൃതരും ഏര്‍പ്പെടുത്തിയ സംരക്ഷണകവചങ്ങളെ നൈതിക ഹാക്കര്‍മാര്‍ ഭേദിക്കുന്നു. ഹാക്കര്‍ ആക്രമണകാരികള്‍ കടത്തിവിടുന്ന വൈറസുകളെയും അനാവശ്യസന്ദേശങ്ങളെയും തടയാനും അവര്‍ക്കാകുന്നു.

സര്‍ക്കാര്‍ വളര്‍ത്തിയെടുക്കുന്ന ബദല്‍ സംവിധാനമാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ അഥവാ വൈറ്റ് ഹാറ്റ്‌സ് എന്നറിയപ്പെടുന്നത്. ആക്രമണകാരികളായ ഹാക്കര്‍മാരെപ്പോലെ കംപ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറുകയാണ് ഇവരും ചെയ്യുന്നത്. ഇങ്ങനെ നിര്‍ണായക മേഖലകളിലെ പിഴവുകളും പഴുതുകളും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഇവരുടെ രീതി. നിര്‍ണായക കംപ്യൂട്ടര്‍ ശൃംഖലകളില്‍ നിയന്ത്രിത ആക്രമണങ്ങള്‍ നടത്തി ഇവര്‍ സംവിധാനത്തിന്റെ ദൗര്‍ബല്യം കണ്ടെത്തുന്നു

120 രാജ്യങ്ങളില്‍ നിന്നുള്ള നൈതിക ഹാക്കര്‍മാരാണ് ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. കംപ്യൂട്ടര്‍ ശൃംഖലകളിലെ പഴുതുകള്‍ കണ്ടെത്തുന്ന വിദഗ്ധര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. മെട്രോ റെയിലുകള്‍, വിമാനത്താവളങ്ങള്‍, ആണവനിലയങ്ങള്‍, ബാങ്കുകള്‍, ഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി രാജ്യത്തിന്റെ നിര്‍ണായക ഓഫിസുകളുടെയും സേവനങ്ങളുടെയും കംപ്യൂട്ടര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനു രൂപീകരിച്ചിട്ടുള്ള എന്‍സിഐഐപിസിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഇ- ഗവേണന്‍സിന്റെ കാലത്ത് സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ കംപ്യൂട്ടര്‍ ശൃംഖല സംരക്ഷിക്കപ്പെടേണ്ടതിന്റെ അവശ്യകത സര്‍ക്കാര്‍ മനസിലാക്കിയിരിക്കുന്നുവെന്നതിന്റെ സൂചനയായി ഈ മാറ്റത്തെ കണക്കാക്കാം. രാജ്യത്ത് നൂറിലധികം സ്മാര്‍ട്ട് സിറ്റികള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാനസൗകര്യവികസനത്തിനും ഇ- ഗവേണന്‍സിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഡെല്‍ഹിയെപ്പോലുള്ള നഗരത്തെ അത്യന്താധുനിക നഗരമെന്നതു പോലെ വികസനം മുടക്കി അഗാധഗര്‍ത്തത്തിലാക്കാനും ഹാക്കര്‍മാര്‍ക്കാകും. ഇന്റര്‍നെറ്റ് വോട്ടിംഗും ഇ- റെസിഡന്‍സിയുമടക്കം ഉയര്‍ന്ന ജീവിത സൂചികകള്‍ കൊണ്ടു സമൃദ്ധമായ യൂറോപ്യന്‍ രാജ്യം എസ്റ്റോണിയയെ ഇന്നത്തെ നിലയിലാക്കാന്‍ പഴുതടച്ച കംപ്യൂട്ടര്‍ശൃംഖലാ സംവിധാനത്തിനായത് ഉദാഹരണം.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹക്കര്‍മാര്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ തുടരുന്നതിന്റെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന് അതീവപ്രാധാന്യം കൈവന്നിരിക്കുന്നു. എന്‍സിഐഐപിസി, ദേശീയ സാങ്കേതിക ഗവേഷണ സംഘടനയുമായി ചേര്‍ന്ന് വ്യവസായങ്ങള്‍ക്കു വേണ്ട സുരക്ഷിതതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വരുന്നു. സുരക്ഷയ്ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍, സൈബര്‍ അടിയന്തര ഘട്ടങ്ങളില്‍ ദ്രുതകര്‍മ്മ സേനയുടെ ഏകോപനചുമതല തുടങ്ങിയ കാര്യങ്ങള്‍ എന്നിവയെല്ലാം ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. ചുമതലയേറ്റെടുത്ത ശേഷം വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് 300-ലധികം പഴുതുകള്‍ ഇവര്‍ക്കു കണ്ടെത്താനായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ കമ്പനികളുമായി യോജിച്ച് സര്‍ക്കാര്‍ ഏജന്‍സികളും ഭീഷണി നേരിടാന്‍ സന്നദ്ധരായിരിക്കുന്നു. ജപ്പാന്‍, ഈജിപ്റ്റ്, ഇസ്രയേല്‍, റഷ്യ എന്നീ രാജ്യങ്ങളിലെ ഏജന്‍സിയുമായി സൈബര്‍ ഭീഷണി നേരിടാനുള്ള ബോധവല്‍ക്കരണപദ്ധതികളില്‍ സഹകരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. ഐഐടികളടക്കം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുമായി സൈബര്‍ ഇടത്തിലെ ഭീഷണികളും പഴുതുകളും ചര്‍ച്ച ചെയ്യാനും എന്‍സിഐഐപിസി ശ്രദ്ധ ചെലുത്തുന്നു.

Comments

comments

Categories: FK Special, Slider