ഡാം നിര്‍മാണത്തിന് ചൈനയുടെ ധനസഹായം വേണ്ടെന്ന് പാക്കിസ്ഥാന്‍

ഡാം നിര്‍മാണത്തിന് ചൈനയുടെ ധനസഹായം വേണ്ടെന്ന് പാക്കിസ്ഥാന്‍

ബെയ്ജിംഗ്: 14 ബില്യണ്‍ ഡോളറിന്റെ ഡയമെര്‍-ബാഷ ഡാം നിര്‍മാണത്തിന് ചൈന മുന്നോട്ടുവെച്ച സഹായ വാഗ്ദാനം പാക്കിസ്ഥാന്‍ നിരസിച്ചു. കൂടാതെ 60 ബില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിസി)യില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തേണ്ടെന്നും പാകിസ്ഥാന്‍ ചൈനയെ അറിയിച്ചിട്ടുണ്ട്. പാക് അധീന കാശ്മീരിലാണ് ഡയമെര്‍-ബാഷ ഡാം സ്വന്തമായി നിര്‍മിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഡാം നിര്‍മാണം തര്‍ക്കപ്രദേശത്താണെന്ന് ചൂണ്ടിക്കാട്ടി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പദ്ധതിക്കുള്ള ധനസഹായം നേരത്തെ നിഷേധിച്ചിരുന്നു. ഡാം നിര്‍മാണത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുളള ചൈനീസ് കമ്പനികളുടെ നിബന്ധനകള്‍ പാകിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹിതമല്ലാത്തവയായതിനാല്‍ പദ്ധതി പൂര്‍ണമായും സ്വന്തം ചെലവില്‍ നടപ്പാക്കാനാണ് പാക്കിസ്ഥാന്‍ ആലോചിക്കുന്നതെന്ന് പാക് മാധ്യമായ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വായ്പാദാതാക്കളും പദ്ധതിക്ക് ധനസഹായം നല്‍കുന്നതിന് കഠിനമായ വ്യവസ്ഥകളാണ് മുന്നോട്ടുവെക്കുന്നത്.

അതേസമയം പാക്കിസ്ഥാന്റെ പിന്മാറ്റം ചൈനീസ് കമ്പനികളെ അമ്പരപ്പിച്ചുവെന്നാണ് ബെയ്ജിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാക് അധീന കാശ്മീരിലെ ഡാം നിര്‍മാണത്തിനെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സികള്‍ സാമ്പത്തിക സഹായം നല്‍കുന്നതിനെയും ഇന്ത്യ എതിര്‍ത്തിരുന്നു.

Comments

comments

Categories: Slider, Top Stories