വോള്‍വോ ഉടമസ്ഥര്‍ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തു

വോള്‍വോ ഉടമസ്ഥര്‍ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തു

2019 ല്‍ വിപണിയില്‍ ആദ്യ പറക്കും കാര്‍ അവതരിപ്പിക്കും

ന്യൂ യോര്‍ക് : ലോകത്തെ തിരക്കേറിയ റോഡുകളെന്ന ഇട്ടാവട്ടത്ത് കൂടുതല്‍ വാഹനങ്ങളിറക്കി തായം കളിക്കാന്‍ വോള്‍വോ കാര്‍സിന്റെ ഉടമസ്ഥരായ സെജിയാംഗ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പിന് താല്‍പ്പര്യമില്ല. അവര്‍ക്ക് അങ്ങ് മുകളിലാണ് പിടി. ആകാശത്ത്. യുഎസ് ആസ്ഥാനമായ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തിരിക്കുകയാണ് ഈ ചൈനീസ് കമ്പനി. 2019 ല്‍ വിപണിയില്‍ പറക്കും കാര്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള അഞ്ച് ഗ്രാജ്വേറ്റുകള്‍ സ്ഥാപിച്ച ടെറാഫ്യൂജിയ എന്ന കമ്പനിയാണ് ഗീലി ഏറ്റെടുത്തത്. 2023 ഓടെ ആദ്യ വെര്‍ട്ടിക്കല്‍ ടേക്-ഓഫ്, ലാന്‍ഡിംഗ് കാര്‍ പുറത്തിറക്കുക ടെറാഫ്യൂജിയയുടെ ലക്ഷ്യമാണ്.

യുഎസ് ആസ്ഥാനമായ ടെറാഫ്യൂജിയ ഏറ്റെടുത്തിരിക്കുകയാണ് സെജിയാംഗ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനി

പറക്കും കാര്‍ കമ്പനി ഏറ്റെടുക്കുന്നതിന് ഗീലിക്ക് ബന്ധപ്പെട്ട എല്ലാ റെഗുലേറ്ററി സ്ഥാപനങ്ങളുടെയും അനുമതി ലഭിച്ചു. ടെറാഫ്യൂജിയയുടെ ആസ്ഥാനം തുടര്‍ന്നും മസ്സാചുസെറ്റ്‌സിലെ വൂബേണ്‍ ആയിരിക്കുമെന്ന് ഗീലി സ്ഥാപകന്‍ ലി ഷുഫു പറഞ്ഞു. ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജ് ഉള്‍പ്പെടെയുള്ളവര്‍ ഫ്‌ളൈയിംഗ് കാര്‍ സ്റ്റാര്‍ട്ടപ്പ് ഏറ്റെടുക്കുന്നതിന് രംഗത്തുണ്ട്.

ടെറാഫ്യൂജിയ തങ്ങളുടെ ആദ്യ കണ്‍സെപ്റ്റ് വാഹനം 2009 ല്‍ പറത്തിയിരുന്നു. ഏറ്റെടുക്കലിന്റെ വിശദാംശങ്ങള്‍ ഗീലി പങ്കുവെച്ചില്ല. എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ബെല്‍ ഹെലികോപ്റ്റര്‍ ചൈനയുടെ മുന്‍ എക്‌സിക്യൂട്ടീവ് ക്രിസ് ജരന്‍ ടെറാഫ്യൂജിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാകുമെന്ന് ഗീലി അറിയിച്ചു.

Comments

comments

Categories: Auto