ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനവുമായി വോഡഫോണ്‍

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനവുമായി വോഡഫോണ്‍

സൂപ്പര്‍ ഐഒടി പുറത്തിറക്കി

കൊച്ചി: മൊബീല്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമായി ചുരുങ്ങിയിരുന്ന ഇന്റര്‍നെറ്റ് ബഹുദൂരം മുന്നേറി കഴിഞ്ഞു. ഇന്ന് സ്മാര്‍ട്ട്‌ഹോം, സ്മാര്‍ട്ട് സിറ്റി, ശരീരത്തിലണിഞ്ഞ് നടക്കാവുന്ന സാങ്കേതിക വിദ്യകള്‍ എന്ന തലത്തിലേക്ക് ഇത് മാറികഴിഞ്ഞു. ഡിജിറ്റല്‍ പരിണാമം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ മൂലാധാരമായിരിക്കുകയാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT). 2020 ആകുമ്പോഴേക്കും രാജ്യത്തെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിപണി 9 ബില്ല്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

സംരംഭങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്രാപ്തമാക്കുന്നതിനായി ‘സൂപ്പര്‍ ഐഒടി’ എന്ന പേരില്‍ ഐഒടി സൊലൂഷന്‍ പുറത്തിറക്കിയിരിക്കുകയാണ് വോഡഫോണ്‍. വാഹനങ്ങള്‍, ആസ്തികള്‍ (ചലിക്കുന്നവയും ചലിക്കാത്തവയും), വ്യക്തികള്‍ (വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സംരംഭങ്ങളെ സഹായിക്കുന്നതാണ് സൂപ്പര്‍ ഐഒടി.

ഉപകരണങ്ങള്‍, കണക്ടിവിറ്റി, സര്‍വീസ് പ്ലാറ്റ് ഫോം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് ഇത് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഒന്നില്‍ കൂടുതല്‍ വിതരണക്കാരുമായും സേവന ദാതാക്കളുമായും അനായാസമായി ഇടപാടുകള്‍ നടത്തുന്നതിന് ‘സൂപ്പര്‍ ഐഒടി’ സഹായിക്കും. പെട്ടെന്ന് തന്നെ ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിനും ഡിവൈസുകള്‍ കൈകാര്യം ചെയ്യുന്നതിനും അനലിറ്റിക്‌സ് നടത്തുന്നതിനും ഇത് ഗുണകരമാണ്. മാനേജ്ഡ് കണക്ടിവിറ്റിയിലൂടെ ആസ്തിയുടെ നല്ല നിര്‍വ്വഹണവും, നിയന്ത്രണവും സാധ്യമാണ്.

വാഹന കമ്പനികള്‍, ഉല്‍പാദന മേഖല, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിന്ന്യസിക്കുന്നതിന് വോഡഫോണ്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ഡയറക്റ്റര്‍ നിക്ക് ഗ്ലിഡണ്‍ പറഞ്ഞു. ഐടിഎക്‌സ്‌പോ 2017 ഗാര്‍ട്ണര്‍ സിംപോസിയത്തില്‍ വെച്ച് വോഡഫോണ്‍ സൂപ്പര്‍ ഐഒടി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ആകുമ്പോഴേക്കും രാജ്യത്തെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിപണി 9 ബില്ല്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

സങ്കീര്‍ണ്ണതകള്‍ ലഘൂകരിച്ച് തീര്‍ത്തും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് വിന്ന്യസിക്കുന്നതിനുള്ള അവസരമൊരുക്കകയാണ് സൂപ്പര്‍ ഐഒടി. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂട്ടാനും സൂപ്പര്‍ ഐഒടി സഹായിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 81 ശതമാനം സ്ഥാപനങ്ങളും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ മുഖ്യ ഘടകമായി കണക്കാക്കുന്നത് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആണെന്ന് വോഡഫോണിന്റെ അഞ്ചാമത് വാര്‍ഷിക ഐഒടി ബാരോമീറ്റര്‍ റിപ്പോര്‍ട്ട് പറയുന്നു.

ഐഒടി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് സ്ഥാപനങ്ങള്‍ ബോധവാന്‍മാരാണ്, പക്ഷേ ധാരാളം വിതരണക്കാരും നിരവധി പ്ലാറ്റ് ഫോമുകളുമുള്ളതിനാല്‍ ഏത് ഐഒടി ഏര്‍പ്പെടുത്തണമെന്നുള്ള കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇനി ഏതെങ്കിലും പ്ലാറ്റ്‌ഫോം പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ തന്നെ അത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതാണ് വോഡഫോണ്‍ സൂപ്പര്‍ ഐഒടി. സമഗ്രമായ സൊലൂഷനുകള്‍ ഒരൊറ്റ സേവന ദാതാവില്‍ നിന്നും ലഭിക്കുന്നതിനാല്‍ ഏറ്റവും മികച്ച ഗുണഫലങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. ഒരു സ്ഥാപനത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നതിന് സൂപ്പര്‍ ഐഒടി ഫലപ്രദമാണ്.

കുറഞ്ഞ ചെലവാണ് വാഹനങ്ങള്‍ ട്രാക് ചെയ്യുന്ന ഐഒടി സേവനത്തിന്റെ പ്രത്യേക. അവരവരുടെ വാഹനങ്ങളുടെ നീക്കം സംബന്ധിച്ച തല്‍സമയ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. അലര്‍ട്ടുകള്‍ ലഭിക്കുന്നതിനും ആസൂത്രണമില്ലാതെ വാഹനങ്ങളുടെ നീക്കം കുറക്കുന്നതിനും സൂപ്പര്‍ ഐഒടി സഹായകരമാണ്. ഇത് ചിലവ് കുറക്കുന്നതിന് സഹായിക്കും. ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും സുരക്ഷയും ഉറപ്പുവരുത്താന്‍ ഇത് ഗുണകരമാണ്.

Comments

comments

Categories: Tech