ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന തരത്തില്‍ ആലപ്പുഴ ജില്ലാ കളക്റ്റര്‍ ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മന്ത്രി തന്നെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയ സാഹചര്യത്തെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മന്ത്രിക്കു സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ സംരക്ഷണ നിയമവും ലംഘിച്ചുവെന്ന് കലക്റ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തോമസ് ചാണ്ടി ഡയറക്റ്ററായ കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
എന്‍സിപി ദേശീയ നേതൃത്വുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ടിപി പീതാംബരനാണ് രാജി പ്രഖ്യാപിച്ചത്. നേരത്തേ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ മന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു. കളക്റ്ററുടെ റിപ്പോര്‍ട്ടിന്‍ മേലുള്ള നിയമോപദേശവും എതിരാണെന്ന് വ്യക്തമായതോടെ രാജി അനിവാര്യമാണെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും എന്‍സിപിയെ അറിയിക്കുകയായിരുന്നു. ഗതാഗത വകുപ്പ് ഇനി മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക.

Comments

comments

Categories: Slider, Top Stories