ദക്ഷിണേന്ത്യയിലെ ഹൗസിംഗ് വിപണി കരകയറുന്നു

ദക്ഷിണേന്ത്യയിലെ ഹൗസിംഗ് വിപണി കരകയറുന്നു

മൂന്നാം പാദത്തില്‍ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു വിപണികളില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ എണ്ണം യഥാക്രമം 21 ശതമാനം, 20 ശതമാനം, 15 ശതമാനം കുറഞ്ഞു

ബെംഗളൂരു / മുംബൈ : ദക്ഷിണേന്ത്യയിലെ റസിഡന്‍ഷ്യല്‍ വിപണി കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കെട്ടിക്കിടക്കുന്ന ഹൗസിംഗ് യൂണിറ്റുകള്‍ അതിവേഗം വിറ്റുപോകുന്നതാണ് കാണുന്നത്.

മൂന്നാം പാദത്തില്‍ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു വിപണികളില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ എണ്ണം യഥാക്രമം 21 ശതമാനം, 20 ശതമാനം, 15 ശതമാനം കുറഞ്ഞതായി അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 വര്‍ഷാവസാനത്തെ സ്റ്റോക്കുമായി താരതമ്യം ചെയ്യുമ്പോഴാണിത്. ഈ നഗരങ്ങളില്‍ പുതിയ പ്രോജക്റ്റുകള്‍ ലോഞ്ച് ചെയ്യുന്നത് നിയന്ത്രിക്കുകയും അതുവഴി വിപണിയിലെ ഭവന ലഭ്യത കുറയ്ക്കുകയുമാണ് ബില്‍ഡര്‍മാര്‍ ചെയ്തത്. അതേസമയം കെട്ടിക്കിടക്കുന്ന റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വില്‍ക്കുന്നതിന് കൊണ്ടുപിടിച്ച ശ്രമം നടത്തി.

രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആകെ എട്ട് ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പുതിയ പ്രോജക്റ്റ് ലോഞ്ചുകള്‍ കുത്തനെ കുറഞ്ഞു. പകരം കെട്ടിക്കിടക്കുന്ന റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില്‍പ്പന ഉഷാറാക്കാന്‍ ബില്‍ഡര്‍മാര്‍ തയ്യാറായി

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പുതിയ ലോഞ്ചുകള്‍ കുത്തനെ ഇടിഞ്ഞു. പകരം വില്‍പ്പന കൂടുതല്‍ ഉഷാറാക്കാന്‍ ബില്‍ഡര്‍മാര്‍ തയ്യാറായി. പുതിയ ലോഞ്ചുകള്‍ കുറച്ചതും സ്‌റ്റോക്ക് ക്ലിയറിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ക്ക് തുണയായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ ഒരു ലോഞ്ച് പോലും നടത്താതെയും വിപണി റെറയുടെയും ജിഎസ്ടിയുടെയും സ്വാധീനത്തിലാവുകയും ചെയ്തിട്ടും രണ്ടാം പാദത്തില്‍ തങ്ങള്‍ക്ക് 800 കോടി രൂപയുടെ വില്‍പ്പന കൈവരിക്കാന്‍ സാധിച്ചതായി പ്രെസ്റ്റീജ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട് കെ നാരായണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 ല്‍ ഇതുവരെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍ പുതിയ ഭവനങ്ങളുടെ ലഭ്യത 59 ശതമാനം കുറഞ്ഞു. എന്നാല്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ശരാശരി ഇടിവ് 75 ശതമാനമാണ്. എന്നാല്‍ കെട്ടിക്കിടക്കുന്ന ഹൗസിംഗ് യൂണിറ്റുകള്‍ വേഗത്തില്‍ വിറ്റഴിച്ചു.

നിലവില്‍ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുടെയും കണക്കെടുക്കുമ്പോള്‍ വിറ്റുപോകാതെ ഏറ്റവും കൂടുതല്‍ ഹൗസിംഗ് യൂണിറ്റുകള്‍ ഉള്ളത് ദേശീയ തലസ്ഥാന മേഖലയിലാണ്. രണ്ട് ലക്ഷം ഭവനങ്ങള്‍. ഈ മേഖലയില്‍ ഗ്രേറ്റര്‍ നോയ്ഡയിലാണ് ഏറ്റവും കൂടുതല്‍ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ കെട്ടിക്കിടക്കുന്നത്. തുടര്‍ന്ന് ഗുരുഗ്രാം.

Comments

comments

Categories: Business & Economy