രുദ്ര, പ്രവേഗ ചോപ്പറുകള്‍ അവതരിപ്പിച്ചു

രുദ്ര, പ്രവേഗ ചോപ്പറുകള്‍ അവതരിപ്പിച്ചു

രണ്ട് ചോപ്പറുകള്‍ പുറത്തിറക്കി അവഞ്ചുറ ചോപ്പേഴ്‌സ് എന്ന ഇന്ത്യന്‍ ബ്രാന്‍ഡ് വരവറിയിച്ചു

ന്യൂ ഡെല്‍ഹി : അവഞ്ചുറ ചോപ്പേഴ്‌സ് എന്ന പുതിയ ചോപ്പര്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. രുദ്ര, പ്രവേഗ എന്നീ പേരുകളാണ് ഈ 2,000 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. യഥാക്രമം 23.90 ലക്ഷം രൂപ, 21.40 ലക്ഷം രൂപയാണ് മുംബൈ എക്‌സ് ഷോ റൂം വില.

ഇന്ത്യന്‍ കമ്പനിയാണ് അവഞ്ചുറ ചോപ്പേഴ്‌സ്. അവനിന്ദ്ര, തുര എന്നീ സംസ്‌കൃത പദങ്ങളില്‍നിന്ന് അവഞ്ചുറ എന്ന ബ്രാന്‍ഡ് നാമം സൃഷ്ടിക്കുകയായിരുന്നു. മെയ്ഡ്-ടു ഓര്‍ഡര്‍ അനുസരിച്ചായിരിക്കും മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോപ്പറുകള്‍ കസ്റ്റമൈസ് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.

രുദ്ര, പ്രവേഗ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതിന് അമേരിക്കയിലെ ബിഗ് ബെയര്‍ ചോപ്പേഴ്‌സ് സ്ഥാപകന്‍ കെവിന്‍ അല്‍സോപിനെയാണ് അവഞ്ചുറ ചോപ്പേഴ്‌സ് നിയോഗിച്ചത്. ഇന്ത്യയിലെ റൈഡിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് രണ്ട് ചോപ്പറുകളും ഡിസൈന്‍ ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചതുമെന്ന് ഇന്ത്യന്‍ കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ റൈഡിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് രണ്ട് ചോപ്പറുകളും ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചതെന്ന് അവഞ്ചുറ ചോപ്പേഴ്‌സ് അറിയിച്ചു

യുഎസ് ആസ്ഥാനമായ എസ്& എസ് എന്‍ജിന്‍സ് വികസിപ്പിച്ച 2,000 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോറാണ് ഇരു ചോപ്പറുകള്‍ക്കും നല്‍കിയിരിക്കുന്നത്. മിക്ക വാഹനഘടകങ്ങളും അന്തര്‍ദേശീയ കമ്പനികളില്‍നിന്ന് വാങ്ങി. ബേരിംഗര്‍ ബ്രേക്കിംഗ് സിസ്റ്റം, പ്രൈമോ സസ്‌പെന്‍ഷനുകള്‍, മസ്താംഗ് സീറ്റുകള്‍, കെല്ലര്‍മാന്‍ ലൈറ്റുകള്‍, അവോണ്‍ ടയറുകള്‍ എന്നിവയാണ് അവഞ്ചുറ ചോപ്പേഴ്‌സിന്റെ വാഹനഘടക നിര്‍മ്മാതാക്കളില്‍ ചിലര്‍.

രുദ്രയും പ്രവേഗയും ഇന്ത്യന്‍ മോട്ടോര്‍സൈക്ലിസ്റ്റുകള്‍ക്ക് മുമ്പൊരിക്കലുമില്ലാത്ത റൈഡിംഗ് അനുഭവം സമ്മാനിക്കുമെന്ന് അവഞ്ചുറ ചോപ്പേഴ്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് അഗ്ഗര്‍വാള്‍ പറഞ്ഞു. ഡെലിവറി ചെയ്യുന്ന സമയത്ത് ഇരു മോട്ടോര്‍സൈക്കിളുകളും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ മാസം 24, 25 തിയ്യതികളില്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യാ ബൈക്ക് വീക്കില്‍ രുദ്രയും പ്രവേഗയും പ്രദര്‍ശിപ്പിക്കും. ഈ ഇവന്റില്‍വെച്ച് പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങും.

Comments

comments

Categories: Auto