പ്രീതി പട്ടേലിന്റെ പുറത്താകലും ബ്രിട്ടണിലെ ഇന്ത്യക്കാരും…

പ്രീതി പട്ടേലിന്റെ പുറത്താകലും ബ്രിട്ടണിലെ ഇന്ത്യക്കാരും…

രഹസ്യമായി ഇസ്രയേല്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പ്രീതി പട്ടേലിന് തന്റെ രാഷ്ട്രീയ കരിയറില്‍ ലഭിച്ചിരിക്കുന്നത് ഏറ്റവും വലിയ തിരിച്ചടിയാണ്. ഇതിന്റെ വിവിധ വശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം

ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത് ഏറെ ഞെട്ടലുളവാക്കുന്ന വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ പ്രീതി പട്ടേലിനെ അനൗപചാരികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്താക്കിയെന്നതായിരുന്നു ആ വാര്‍ത്ത.

മന്ത്രിമാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന പേരിലായിരുന്നു അത്. ഉഗാണ്ട ട്രിപ്പ് നടത്തുകയായിരുന്ന പ്രീതി പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കുകയും രാജി സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അവര്‍ അപ്പോള്‍.

എന്തൊരു വീഴ്ചയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ദീപാവലി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി തെരേസാ മേയുടെ നിര്‍ദേശ പ്രകാരം നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ അതിഥികളെ പ്രീതി പട്ടേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത്-ഒരു പ്രധാനമന്ത്രി കാത്തിരിക്കുന്നുവെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നമ്മള്‍.

1.5 മില്ല്യണോളം വരുന്ന ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അഭിമാനകരമായ നിമിഷം. ബ്രിട്ടീഷ് അധികാരത്തിന്റെ മുഖ്യകേന്ദ്രത്തിലേക്ക് നമ്മള്‍ ഓരോ നിമിഷവും അടുത്തു കൊണ്ടിരിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രവചനം വളരെ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകും. എന്നാല്‍, പ്രതീക്ഷകള്‍ പൊലിഞ്ഞു തുടങ്ങിയിട്ടില്ല.

ഇന്ത്യന്‍ വംശജയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ പട്ടേല്‍ സ്വന്തം പ്രവൃത്തിയുടെ തന്നെ ഇരയാണ്. എന്നാല്‍, അവര്‍ക്ക് വേണ്ടി കരയുന്നതിന് ആരും മുന്നോട്ട് വന്നില്ലയെന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. സ്വന്തം പാര്‍ട്ടിയിലെ തന്നെ സഹപ്രവര്‍ത്തകനായ എംപി അലോക് ശര്‍മ്മയോ ഇന്ത്യയില്‍ നിന്നുള്ള, സ്വാധീനമുള്ള കണ്‍സര്‍വേറ്റീവ് സുഹൃത്തുക്കളോ അവരുടെ രക്ഷയ്‌ക്കെത്തിയില്ല. അധികാര ഇടനാഴികളില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനത്തെ അവരുടെ രാജി ബാധിക്കാതെ നോക്കേണ്ടത് ബ്രിട്ടണെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമേറിയ കാര്യമാണ്.

കാരണം, ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയ്ക്ക് ബ്രിട്ടണെ ആവശ്യമുള്ളതിനേക്കാള്‍ അധികമായി ബ്രിട്ടണ് ഇന്ത്യയെ ആവശ്യമുണ്ട്. കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ലമെന്റിലെ പാക്കിസ്ഥാന്‍ അനുകൂല അംഗങ്ങള്‍ ഇന്ത്യയെ അവഹേളിച്ച് സംസാരിച്ചപ്പോള്‍ മിനിസ്റ്റേരിയല്‍ കോഡ് ഓഫ് എത്തിക്‌സിന്റെ പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു പട്ടേല്‍ ചെയ്തത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ ഇളവുകള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഇന്ത്യയിലെ നേതാക്കന്മാരുടെ ആവര്‍ത്തിച്ചുള്ള വിളികളും അവര്‍ അവഗണിച്ചു. ഹോട്ടലുകളിലെ വിദേശ ഷെഫുമാരുടെ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന് പട്ടേല്‍ പ്രചാരണങ്ങള്‍ വരെ നടത്തി. അത് രാജ്യമെമ്പാടുമുള്ള നൂറു കണക്കിന് റെസ്റ്റൊറന്റുകളുടെ അടച്ചു പൂട്ടലിലേക്കും നയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ജനഹിത വോട്ടെടുപ്പിന് ശേഷം തെരുവുകളില്‍ നൂറുകണക്കിന് കുടിയേറ്റക്കാര്‍ വംശീയ അധിക്ഷേപത്തിന് ഇരയാക്കപ്പെട്ടപ്പോഴും അവര്‍ മൗനം അവലംബിച്ചു. കുടിയേറ്റക്കാര്‍ നിങ്ങളുടെ മണ്ഡലത്തിന്റെ ഭാഗമല്ലാത്തിടത്തോളം കാലം അവരെ ആര് ശ്രദ്ധിക്കാനാണ്. 27,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള പട്ടേല്‍, തന്റെ അജണ്ടയില്‍ ഏറെക്കുറെ ആശ്വാസം കണ്ടെത്തി.

പട്ടേലിന്റെ വീഴ്ചയില്‍ നിന്ന് മൂന്ന് പാഠങ്ങളാണ് പഠിക്കാനുള്ളത്. ഒന്ന്, ആഗ്രഹങ്ങള്‍ നല്ലതാണ്. എന്നാല്‍ അമിതമായ പ്രതീക്ഷകള്‍ ആപത്തുകള്‍ വരുത്തും. രണ്ട്, നിയമങ്ങള്‍ കൃത്യമായി പാലിക്കണം. പ്രത്യേകിച്ച് മന്ത്രിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍. മൂന്ന്, നിങ്ങള്‍ക്ക് അതിവേഗം മുന്നേറണമെന്നുണ്ടെങ്കില്‍ തനിയെ നീങ്ങുക. എന്നാല്‍, കൂടുതല്‍ ദൂരം പോകണമെന്നുണ്ടെങ്കില്‍ ഒന്നിച്ചു നീങ്ങുക

പത്താം നമ്പറില്‍ എത്താനുള്ള തന്റെ വ്യക്തിപരമായ അജണ്ട പൂര്‍ത്തീകരിക്കുന്നതിന് അവര്‍ എല്ലാ പാലങ്ങളും അഗ്നിക്കിരയാക്കി. ഇസ്രയേലും അവരുടെ അതിശക്തരായ ലോബിയും പണത്തിന്റെ സ്വാധീനത്താല്‍ അജണ്ടയില്‍ കൊണ്ടുവരപ്പെട്ടു. ബ്രിട്ടണിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരാണുള്ളതെങ്കിലും തങ്ങളുടെ ചെക്ക് ബുക്ക് തുറക്കുന്നതിന് അവര്‍ രണ്ടാമതൊന്നു കൂടി ആലോചിക്കും. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുടെ പേരില്‍ അവരില്‍ പലരും സമ്മര്‍ദ്ദത്തിലുമാണ്.

ഒരു തലതൊട്ടപ്പന്റെയോ അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കന്മാരുടെയോ പിന്തുണയില്ലാതെ, പട്ടേലിന്റെ വിധിയില്‍ ഇനി മാറ്റമൊന്നും വരാന്‍ സാധ്യതയില്ല. ഇസ്രയേലി നേതാക്കന്മാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നതാണ് പട്ടേലിന്റെ മേലുള്ള ആരോപണം. എന്നാല്‍, അതൊരു സ്വാകാര്യ അവധിദിനമായിരുന്നെന്നും സ്വകാര്യ കൂടിക്കാഴ്ചകള്‍ ആയിരുന്നുവെന്നുമാണ് പട്ടേല്‍ ആദ്യമായി നല്‍കിയ വിശദീകരണം. ഇതിനു ശേഷമാണ് യഥാര്‍ത്ഥ ചിത്രം മറനീക്കി പുറത്തു വന്നത്. ആ സ്വകാര്യ വേനല്‍ക്കാല അവധിദിനത്തില്‍ ഒരു ഇസ്രയേലി ലോബിയാണ് അകമ്പടി സേവിച്ചത്.

ഇസ്രയേലി മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും 12 മീറ്റിംഗുകളാണ് നടത്തപ്പെട്ടത്. അതിനുശേഷം, ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തു വന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി തികച്ചും സ്വകാര്യപരമായ കൂടിക്കാഴ്ചയും നടത്തിയെന്നതായിരുന്നു അത്.

പാവം മേയ്. ഒരു ഔദ്യോഗിക പരിപാടിയ്ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി നമ്പര്‍ 10ല്‍ എത്തിയപ്പോഴാണ് തെരേസ മേയ് ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത്. ഇത് മാപ്പപേക്ഷ നടത്താന്‍ പട്ടേലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രധാനമന്ത്രി പട്ടേലിനെ ശകാരിച്ചതോടു കൂടി ആ അധ്യായം അടഞ്ഞതായി ഫോറിന്‍ ഓഫിസ് മിനിസ്റ്റര്‍ അലിസ്റ്റെര്‍ ബര്‍ട്ട് വ്യക്തമാക്കിയെങ്കിലും മന്ത്രിമാര്‍ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. എന്നാല്‍, മറ്റൊരു ഇസ്രയേല്‍ മന്ത്രിയുമായി പട്ടേല്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഏറ്റവും പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. ഇത് മേയിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോലും സാന്നിധ്യമില്ലാതെ സെപ്റ്റംബറില്‍ രണ്ട് കൂടിക്കാഴ്ചകളാണ് പ്രീതി പട്ടേല്‍ നടത്തിയത്. സെപ്റ്റംബര്‍ ഏഴിന് ഇസ്രയേലി പബ്ലിക് സെക്യൂരിറ്റി മന്ത്രി ഗിലാഡ് എര്‍ദാനുമായി നടത്തിയ കൂടിക്കാഴ്ചയാണ് അതില്‍ ഒന്ന്. ഇസ്രയേലിന് എന്താണോ ആവശ്യമായിരുന്നത് അത് അവര്‍ക്ക് ലഭിച്ചു. എന്നാല്‍, ബ്രിട്ടണ് അത് സംബന്ധിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇസ്രയേലിന്റെ പ്രസിഡന്റ് ലോര്‍ഡ് പൊളാക് രണ്ട് യോഗങ്ങളിലും സന്നിഹിതനായിരുന്നു. ഇതോടെ പട്ടേലിന്റെ വിധി തീരുമാനിക്കപ്പെട്ടു.

പട്ടേലിന്റെ വീഴ്ചയില്‍ നിന്ന് മൂന്ന് പാഠങ്ങളാണ് പഠിക്കാനുള്ളത്. ഒന്ന്, ആഗ്രഹങ്ങള്‍ നല്ലതാണ്. എന്നാല്‍ അമിതമായ പ്രതീക്ഷകള്‍ ആപത്തുകള്‍ വരുത്തും. രണ്ട്, നിയമങ്ങള്‍ കൃത്യമായി പാലിക്കണം. പ്രത്യേകിച്ച് മന്ത്രിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍. മൂന്ന്, നിങ്ങള്‍ക്ക് അതിവേഗം മുന്നേറണമെന്നുണ്ടെങ്കില്‍ തനിയെ നീങ്ങുക. എന്നാല്‍, കൂടുതല്‍ ദൂരം പോകണമെന്നുണ്ടെങ്കില്‍ ഒന്നിച്ചു നീങ്ങുക.

 

Comments

comments

Categories: FK Special, Slider