ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപെട്ടവര്‍ക്ക് സംവരണം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിലെ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 വയസായി ഉയര്‍ത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 വയസായി വര്‍ധിപ്പിക്കും. പരിചയ സമ്പന്നരായ ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്. മിക്കവാറും ഇതര സംസ്ഥാനങ്ങളില്‍ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം കേരളത്തിലേക്കാള്‍ ഉയര്‍ന്നതാണെന്നതും കണക്കിലെടുത്തു.

കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്. ഈ 18 ശതമാനത്തില്‍ നിന്ന് 10 ശതമാനം തസ്തികകള്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം. ഈഴവ സമുദായത്തിന് ഇപ്പോഴുള്ള സംവരണം 14 ശതമാനത്തില്‍നിന്ന് 17 ശതമാനമായി വര്‍ധിക്കും. പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയരും. ഈഴവ ഒഴികെയുളള ഒബിസി സംവരണം 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി വര്‍ധിക്കും. ഈ തീരുമാനം നടപ്പാക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതാണ്.

ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കണ്‍വീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അംഗവുമായി സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും.

സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യുക.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ കമ്മീഷനുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ ഐടി ഉപകരണങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വരുന്നതുവരെ നിലവിലുളള രീതി തുടരും. കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഒരു മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മീഷണറെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories